ദോഹ: കോവിഡ്നിയന്ത്രണം നീക്കുന്നതിന്‍റെ ഭാഗമായി ആഗസ്റ്റ് ഒന്നുമുതൽ ഖത്തറിലേക്ക് വിമാനങ്ങൾ അനുവദിക്കുന്നു. കോവിഡ് ഭീഷണി കുറവുള്ള രാജ്യങ്ങളുടെ പട്ടിക ഖത്തർ പുറത്തുവിട്ടെങ്കിലും ഇതിൽ ഇന്ത്യ ഇല്ല. ഓരോ രണ്ടാഴ്ച കൂടുമ്പോഴും വിവിധ രാജ്യങ്ങളിലെ കാര്യങ്ങൾ വിലയിരുത്തി ഈ പട്ടിക പുതുക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവിലെ പട്ടികയിൽ ഇല്ലാത്ത രാജ്യക്കാർക്കും ആഗസ്റ്റ് ഒന്ന് മുതൽ മടങ്ങിയെത്താൻ കഴിയും. എന്നാൽ ഇത് നിബന്ധനകൾക്ക് വിധേയമാണ്.
മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾ portal.www.gov.qa വെബ്സൈറ്റ് വഴി റിട്ടേൺ പെർമിറ്റ് എടുത്തിരിക്കണം. വിവിധ സർക്കാർ, അർധസർക്കാർ മേഖലയിലുള്ളവർ, മാനുഷിക പരിഗണനയുള്ള മറ്റ് വിഭാഗക്കാർ, പൊതു ആരോഗ്യ സൂചിക തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് അനുമതി ലഭിക്കുക. റിട്ടേൺ പെർമിറ്റ് സംബന്ധിച്ച വിവരങ്ങൾക്കും മറ്റു അന്വേഷണങ്ങൾക്കുമായി പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ കോവിഡ്–19 പേജ് സന്ദർശിക്കുകയോ 109 ഹോട്ട്ലൈനിൽ ബന്ധപ്പെടുകയോ ചെയ്യണം.
ഖത്തറിലെത്തുന്നവർക്ക് നേരത്തെ നിശ്ചയിച്ചിരുന്ന ക്വാറൈൻറൻ വ്യവസ്ഥകളിലും മന്ത്രാലയം ഭേദഗതി വരുത്തിയിട്ടുണ്ട്. ഖത്തർ പൗരന്മാർക്കും അവരുടെ കുട്ടികൾക്കും കുടുംബങ്ങൾക്കും സ്ഥിരം താമസാനുമതിയുള്ളവർക്കും ഏത് സമയവും രാജ്യം വിടാനും രാജ്യത്തേക്ക് പ്രവേശിക്കാനും അനുമതിയുണ്ടാകും. എന്നാൽ ഖത്തറിൽ തിരിച്ചെത്തുന്ന സമയം ക്വാറൈൻറൻ അടക്കം നടപടികൾക്ക് വിധേയമാകണം.
ഇന്ത്യയടക്കമുള്ള രാജ്യക്കാരുടെ മടങ്ങിവരവ്?
1. അതത് രാജ്യങ്ങളിലെ അക്രഡിറ്റഡ് കോവിഡ് പരിശോധനാകേന്ദ്രങ്ങളിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ഇത് യാത്രയുടെ 48 മണിക്കൂറിനുള്ളിലുള്ളതാകണം.
2. മൊബൈലിൽ ഇഹ്തിറാസ് ആപ്പ് വേണം. ഇതിൽ ആദ്യം മഞ്ഞ നിറം കാണിക്കും.
3. ഖത്തറിലെത്തിയാൽ ഒരാഴ്ച ഹോം ക്വാറൻറീൻ.
4. ആറാം ദിനം കോവിഡ് പരിശോധന. പോസിറ്റീവ് ആണെങ്കിൽ ഐസോലേഷനിലേക്ക്. നെഗറ്റീവ് ആണെങ്കിൽ ഇഹ് തിറാസ് ആപ്പിൽ പച്ച നിറം തെളിയും.
5. അക്രഡിറ്റഡ് കോവിഡ് പരിശോധനകേന്ദ്രങ്ങൾ ഇല്ലെങ്കിൽ യാത്ര പുറപ്പെടുന്നതിന് മുമ്പ് Discover Qatar വെബ് സൈറ്റിലൂടെ ക്വാറൻറീൻ ഹോട്ടൽ ബുക്ക് ചെയ്യണം.
6. ഖത്തറിലെത്തി സ്വന്തം ചെലവിൽ ഒരാഴ്ച ഹോട്ടൽ ക്വാറൻറീനിൽ കഴിയണം. ആറാംദിനം കോവിഡ് പരിശോധന. പോസിറ്റീവ് ആണെങ്കിൽ ഐസൊലേഷനിലേക്ക്. നെഗറ്റീവ് ആണെങ്കിൽ ഒരാഴ്ച വീണ്ടും ഹോം ക്വാറൻറീൻ. ഈ കാലാവധിയും കഴിഞ്ഞാൽ ഇഹ്തിറാസ് ആപ്പിൽ പച്ച നിറം തെളിയും.
കേരളത്തിലെ അക്രഡിറ്റഡ് കോവിഡ് പരിശോധന കേന്ദ്രങ്ങൾ?
ഒരു ഗൾഫ്രാജ്യവും നേരിട്ട് ഇന്ത്യയിലെ സ്വകാര്യസർക്കാർ മെഡിക്കൽ കേന്ദ്രങ്ങളെ തങ്ങളുടെ അക്രഡിറ്റഡ് കോവിഡ് പരിശോധനാകേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നില്ല. അതത് രാജ്യങ്ങളുടെ എംബസികൾ, വിമാനകമ്പനികൾ തുടങ്ങിയവ ഇത്തരം കാര്യങ്ങൾക്കായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചി(ഐ.സി.എം.ആർ)നെയാണ് ബന്ധപ്പെടുക. ഐ.സി.എം.ആറിൻെറ അംഗീകാരമുള്ള നിരവധി കോവിഡ്പരിശോധനാകേന്ദ്രങ്ങൾ കേരളത്തിലെ പ്രധാന സ് ഥലങ്ങളിലുണ്ട്. ഇത്തരം സർക്കാർസ്വകാര്യസ്ഥാപനങ്ങളിൽ നിന്ന് ഗൾഫ്രാജ്യങ്ങളിലേക്കാവശ്യമായകോവിഡ് പരിശോധന നടത്താനാകും. ഖത്തറിൻെറ കാര്യത്തിലും നടപടികൾ ഇങ്ങനെയാകുമെന്നാണ് നിലവിലുള്ള വിവരം.
കേരളത്തിൽ കോവിഡ് പരിശോധനയുടെ െചലവ്?
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐ.സി.എം.ആർ) അംഗീകാരമുള്ള കേരളത്തിലെ കേന്ദ്രങ്ങളിൽ കോവിഡ് പരിശോധനക്ക് 2750 രൂപയാണ് ഈടാക്കുന്നത്. 24 മണിക്കൂറിനുള്ളിൽ ഫലം കിട്ടും. ചില കേന്ദ്രങ്ങൾ പി.പി.ഇ കിറ്റ് അടക്കമുള്ളവ നൽകുന്ന തരത്തിൽ കൂടിയ നിരക്കും ഈടാക്കുന്നുണ്ട്.
ഖത്തറിൽ ഹോം ക്വാറൻറീൻ ആർക്കൊക്കെ?
താഴെ പറയുന്നവർക്ക് ഏത് രാജ്യങ്ങളിൽ നിന്ന് ഖത്തറിൽ പ്രവേശിച്ചാലും ഹോം ക്വാറൈൻറനിൽ പോകാവുന്നതാണ്:
–55 വയസ്സിന് മുകളിലുള്ളവർ
–അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയമായവർ
–ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ
–കഠിനമായ ആസ്തമ രോഗികൾ
–കാൻസർ ചികിത്സയിലുള്ളവർ
–ഗർഭിണികൾ
–അഞ്ച് വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുള്ള മാതാക്കൾ
–വൃക്ക സംബന്ധമായ രോഗങ്ങളുള്ളവർ
–ദൈനംദിന ജീവിതത്തിന് മറ്റുള്ളവരുടെ സഹായമാവശ്യമുള്ളവർ
–കരൾ രോഗമുള്ളവർ
–ഭിന്നശേഷിക്കാരായ കുട്ടികൾ, അവരുടെ മാതാക്കൾ
–10 ദിവസത്തിനുള്ളിൽ മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾ
–മാനസികരോഗത്തിന് ചികിത്സ തേടുന്നവർ
–പ്രമേഹ രോഗികൾ, ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികൾ.
ക്വാറൻറീൻ ചെലവ് എങ്ങിനെ?
സ്വകാര്യമേഖലയിലെ വിദഗ്ധ അവിദഗ്ധ തൊഴിലാളികളുടെ ക്വാറൻറീൻ ചെലവ് തൊഴിലുടമ വഹിക്കണം. ഗാർഹികതൊഴിലാളികളുടെ കാര്യത്തിലും ഇതേ വ്യവസ്ഥ ബാധകമാണ്. എൻട്രി പെർമിറ്റ് കിട്ടിയതിന് ശേഷമായിരിക്കും ഇത്. സർക്കാർ ചെലവിൽ വിദേശത്ത് ചികിത്സയുള്ളവരും തൊഴിൽ സംബന്ധമായി വിദേശത്ത് പോയവരും മടങ്ങി വരുമ്പോൾ ഹോട്ടൽ ക്വാറൈൻറൻ ചെലവിൽ നിന്ന് ഒഴിവാക്കപ്പെടും. ഇവരുടെ ചെലവുകൾ ബന്ധപ്പെട്ട അതോറിറ്റി വഹിക്കും.
വിമാനങ്ങൾ ബുക്കിങ് തുടങ്ങിയോ?
ഖത്തർ എയർവേയ്സ് അടക്കമുള്ള ചില വിമാനകമ്പനികൾ കേരളത്തിൽ നിന്ന് ദോഹയിലേക്ക് ടിക്കറ്റ് ബുക്കിങ് നേരത്തേ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്ക് ഖത്തർ അനുമതി നൽകുന്നതോടെ എല്ലാ വിമാനകമ്പനികളും യാത്രാനടപടികൾ സ്വീകരിക്കും.
ആദ്യപട്ടികയിലുള്ള രാജ്യക്കാരുടെ മടങ്ങിവരവ്?
ബ്രൂണെ ദാറുസ്സലാം, വിയറ്റ്നാം, ചൈന, തായ്ലൻഡ്, മലേഷ്യ, ന്യൂസിലാൻഡ്, മാൾട്ട, ഫിൻലൻഡ്, ഹങ്കറി, ദക്ഷിണ കൊറിയ, എസ്തോണിയ, നോർവേ, ലിത്വാനിയ, ലാത്വിയ, ജപ്പാൻ, സൈപ്രസ്, ഇറ്റലി, ഗ്രീസ്, അയർലൻഡ്, സ്ലോവാക്യ, ഡെൻമാർക്ക്, നെതർലാൻഡ്സ്, ജർമനി, മൊറോക്കോ, പോളണ്ട്, ഫ്രാൻസ്, ആസ്േത്രലിയ, കാനഡ, സ്ലോവേനിയ, ബെൽജിയം, ബ്രിട്ടൻ, ചെക്ക് റിപ്പബ്ലിക്, ആസ്ട്രിയ, സ്വിറ്റ്സർലൻഡ്, അൾജീരിയ, തുർക്കി, ഐസ്ലൻഡ്, സ്പെയിൻ, െക്രായേഷ്യ, അൻഡോറ എന്നീ നാൽപത് രാജ്യങ്ങളാണ് ഖത്തർ പുറത്തുവിട്ട കോവിഡ് ഭീഷണി കുറഞ്ഞ ആദ്യരാജ്യങ്ങളുെട പട്ടികയിലുള്ളത്.
കോവിഡ്ഭീഷണി കുറവുള്ള രാജ്യക്കാരുടെ വരവ് എങ്ങിനെ?
പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് ഖത്തർ നിലവിൽ പുറത്തുവിട്ട 40 രാജ്യങ്ങളിലുള്ളവരുടെ മടങ്ങിവരവ് ഇപ്രകാരമായിരിക്കും. ഈ യാത്രക്കാർ ദോഹ വിമാനത്താവളത്തിലെത്തുന്ന മുറക്ക് പി.സി.ആർ പരിശോധനക്ക് വിധേയമാകണം. അതോടൊപ്പം ഒരാഴ്ചത്തെ ഹോം ക്വാറൈൻറൻ ഉറപ്പുനൽകുന്ന സാക്ഷ്യപത്രത്തിൽ ഒപ്പുവെക്കണം. ഈ സമയം യാത്രക്കാരെൻറ ഇഹ്തിറാസ് ആപ്പിലെ നിറം മഞ്ഞയായിരിക്കും. ക്വാറൈൻറൻ നിർബന്ധമാണ് എന്നാണിത് കൊണ്ട് അർഥമാക്കുന്നത്.
ഒരാഴ്ചക്ക് ശേഷം ഹെൽത്ത് സെൻററിലെ കോവിഡ്–19 പരിശോധനാ കേന്ദ്രത്തിലെത്തി വീണ്ടും പരിശോധനക്ക് വിധേയമാകണം. ഫലം പോസിറ്റീവ് ആണെങ്കിൽ ഐസലേഷൻ കേന്ദ്രത്തിലേക്ക് മാറ്റും. നെഗറ്റീവ് ആണെങ്കിൽ ഇഹ്തിറാസ് ആപ്പിൽ പച്ച തെളിയുകയും ക്വാറൈൻറൻ അവസാനിക്കുകയും ചെയ്യും.
അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിലെ അംഗീകൃത പരിശോധനാ കേന്ദ്രത്തിൽ നിന്നുള്ള കോവിഡ്–19 മുക്ത സർട്ടിഫക്കറ്റ് ഹാജരാക്കുന്നവരെ വിമാനത്താവളത്തിലെ പരിശോധനയിൽ നിന്ന് ഒഴിവാക്കും. യാത്രക്ക് മുമ്പ് 48 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയ സർട്ടിഫിക്കറ്റുകൾ മാത്രമേ സ്വീകരിക്കൂ.
നിലവിൽ ആദ്യഘട്ട പട്ടികയിൽ ഇന്ത്യ ഇല്ലെങ്കിലും ഓരോ രണ്ടാഴ്ച കൂടുമ്പോഴും വിവിധ രാജ്യങ്ങളിലെ കാര്യങ്ങൾ വിലയിരുത്തി ഈ പട്ടിക പുതുക്കുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വരും ആഴ്ചകളിൽ ഇന്ത്യ ഈ പട്ടികയിൽ ഇടംപിടിച്ചാൽ ഇന്ത്യക്കാർക്കും മേൽപറഞ്ഞ നടപടികളായിരിക്കും ബാധകമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.