ഇസ്‍ലാമിക് ആർട്ട് ഗാലറിയിൽ നടന്ന ചാരിറ്റി ലേലത്തിൽ നിന്ന്

‘കല സമാധാനത്തിനു വേണ്ടി’; ഗസ്സക്കുവേണ്ടി ഒരു ചാരിറ്റി ലേലം

ദോഹ: ‘കല ജീവിതത്തിനു വേണ്ടി’ എന്നായിരുന്നു ആ ലേലം വിളിയുടെ പ്രമേയം. പേരുപോലെ തന്നെ അവിടെ വിറ്റഴിഞ്ഞ ഓരോ കലാസൃഷ്ടിയുടെയും തുക നേരെ എത്തുന്നത് ഗസ്സയിൽ ഇസ്രായേലിന്റെ കനത്ത ആക്രമണങ്ങളിൽ എല്ലാം നഷ്ടമായി അവശേഷിക്കുന്ന മനുഷ്യരിലേക്ക്. ഓരോ കലാകാരന്മാരും തങ്ങളുടെ അതുല്യമായ സൃഷ്ടികളുമായി ഖത്തർ മ്യൂസിയം സംഘടിപ്പിച്ച ചാരിറ്റി ലേലത്തിലെത്തിയപ്പോൾ, അവ വലിയ വില നൽകി സ്വന്തമാക്കാൻ കലാപ്രേമികളും മത്സരിച്ചു. അങ്ങനെ വിറ്റഴിഞ്ഞ തുക മുഴുവൻ ഗസ്സയിലെ മനുഷ്യർക്കായി നീക്കിവെക്കുന്നതിനുവേണ്ടിയാണ് ഖത്തർ മ്യൂസിയം അധികൃതർ ‘ആർട്ട് ഫോർ പീസ്’ എന്ന പേരിൽ ചാരിറ്റി ലേലം സംഘടിപ്പിച്ചത്.

അൽബാഹീ ഓക്ഷൻ ഹൗസ്, ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി എന്നിവരുമായി സഹകരിച്ച് ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിൽ നടന്ന തത്സമയ ചാരിറ്റി ലേലം നിരവധി കലാപ്രേമികളുടെ സാന്നിധ്യം കൊണ്ടും സജീവമായി. ലേലത്തിലൂടെ സമാഹരിച്ച തുക ഗസ്സക്ക് പിന്തുണയും സഹായവുമായി നൽകുമെന്ന് സംഘാടകർ അറിയിച്ചു. ചരിത്രപരവും സാംസ്‌കാരികവുമായി പ്രാധാന്യമുള്ള ചിത്രങ്ങൾ സ്വന്തമാക്കാൻ അവസരം നൽകിയായിരുന്നു ചാരിറ്റി ലേലം ഒരുക്കിയത്. ഫാതിമ അൽഖലഫിന്റെ ‘കഫിയ്യ’ പ്രധാന സൃഷ്ടികളിലൊന്നായിരുന്നു. അറബ് സ്വത്വവും ശക്തിയുടെയും ധീരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകവുമായ ‘കഫിയ്യ’ ശ്രദ്ധേയമായി.

ഫലസ്തീൻ കുട്ടികളുടെ സഹിഷ്ണുതയിലും നിശ്ശബ്ദമായ യാതനകളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഗുസൈൽ അബ്ദ്‌റഖ്മാനോവയുടെ ‘വിധി’, ലോകത്തിലെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കായി വാദിക്കുന്ന സുഹ റസ്‍ലാന്റെ ‘ഹോം’, ഗസ്സയിലെ കൂട്ടക്കൊലകളുടെ ഭീകരതയെ പ്രതീകപ്പെടുത്തി രക്തംപുരണ്ട ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിന്റെ കൈ ചിത്രീകരിച്ച മർയം അൽ സയെഗിന്റെ ‘പാരഡൈസ് ബട്ടർഫ്‌ളൈ’, മെസപ്പൊട്ടേമിയയിൽ നിന്നുള്ള ഇറാഖിയുടെ സ്വപ്‌നം പ്രതിഫലിപ്പിക്കുന്ന സലീം മത്കൂർ രചിച്ച ‘ഡ്രീം’, ഖത്തറിന്റെ കടലും പരമ്പരാഗത പായ്ക്കപ്പലുകളും ഉൾപ്പെടുത്തി ‘താരിക് മർച്ചെന്റിന്റെ സൺസെറ്റ് ഇൻ റെഡ്’ തുടങ്ങിയ സൃഷ്ടികളും വലിയ പ്രശംസ നേടി.കലയെ നല്ല മാറ്റത്തിന് ശക്തി പകരാനായി ഉപയോഗിക്കാൻ ഖത്തർ മ്യൂസിയം നിരന്തര പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അൽ ബാഹി ഓക്ഷൻ ഹൗസ്, ഖത്തർ റെഡ്ക്രസന്റ് എന്നിവരുമായി സഹകരിച്ചുള്ള തത്സമയ ലേലം അതിന്റെ ഭാഗമാണെന്നും ഖത്തർ മ്യൂസിയം സി.ഇ.ഒ മുഹമ്മദ് അൽ റുമൈഹി പറഞ്ഞു.

Tags:    
News Summary - Charity auction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.