1. ഓട്ടോമേറ്റഡ് പാർക്കിങ് സമുച്ചയത്തിൽ വാഹനം പാർക്ക് ചെയ്യുന്ന മാതൃക (ഫയൽ), 2. പാർക്കിങ് സമുച്ചയത്തിന്റെ മാതൃക (ചിത്രം കടപ്പാട്: അൽ റായ)
ദോഹ: നഗരത്തിരക്കിനിടയിലെ ഇടുങ്ങിയ പാർക്കിങ് മേഖലകളിൽ കുത്തിത്തിരക്കി വാഹനം ഒതുക്കിയിടുന്നതിന്റെ ടെൻഷൻ ഡ്രൈവിങ് സീറ്റിലിരിക്കുന്നവർക്കേ മനസ്സിലാവൂ. സ്ഥലത്ത് എത്തിച്ചേരാനും പാർക്കിങ് ഇടം കണ്ടെത്താനും, തിരക്കിനിടയിൽ പാർക്ക് ചെയ്യാനും തിരികെ വണ്ടി എടുത്തു വരാനുമുള്ള അധ്വാനം ചില്ലറയല്ല. എന്നാൽ, അങ്ങനെ ഒരു ടെൻഷനുമില്ലാത്ത വാഹന പാർക്കിങ്ങിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? പാർക്കിങ്ങിനായുള്ള സ്ഥലത്ത് വാഹനമെത്തിച്ച് നൽകിയാൽ പിന്നെ എല്ലാം ഓട്ടോമാറ്റിക്. സാങ്കേതിക സംവിധാനങ്ങളാൽ സജ്ജീകരിച്ച കാബിനുള്ളിലേക്ക് വാഹനം കയറ്റി, ഡ്രൈവർ പുറത്തിറങ്ങി മോണിറ്ററിൽ നിർദേശം നൽകി മാറിനിൽക്കേണ്ട താമസം മാത്രം. വാഹനം, ലഭ്യമായ പാർക്കിങ് സ്പേസിലേക്ക് സുരക്ഷിതമായി കൊണ്ടുപോയി നിർത്തിയിടുന്ന ‘സ്മാർട്ട് ഓട്ടോമേറ്റഡ് പാർക്കിങ്’. അമേരിക്ക, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ വമ്പൻ നഗരങ്ങളിൽ പ്രാവർത്തികമായിക്കഴിഞ്ഞ സ്മാർട്ട് ഓട്ടോമേറ്റഡ് പാർക്കിങ് സൗകര്യം നമ്മുടെ ഖത്തറിന്റെ മണ്ണിലേക്കുമെത്തുകയാണ്.
പ്രാദേശിക അറബ് പത്രമായ ‘അൽ റായ’ആണ് ഈ നൂതന പാർക്കിങ് സംവിധാനം ഖത്തറിലും ലഭ്യമാവുന്നത് റിപ്പോർട്ട് ചെയ്തത്. ബഹുനില കെട്ടിട സമുച്ചയത്തിൽ ലിഫ്റ്റുകളും ചെയിൻ സംവിധാനങ്ങളുമായി വിവിധ നിലകളിലേക്കുയർത്തി പ്രത്യേകം പ്രത്യേകം ഏരിയകളിലായി പാർക്കു ചെയ്യുന്നതാണ് സ്മാർട്ട് ഓട്ടോമേറ്റഡ് പാർക്കിങ്. ദോഹയിലെ ഗ്രാൻഡ് ഹമദ് സ്ട്രീറ്റിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിലാണ് ഈ അത്യാധുനിക പാർക്കിങ് സംവിധാനം പ്രാബല്യത്തിൽ വരുന്നത്. 5000ത്തിലധികം ചതുരശ്രമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന കെട്ടിടത്തിൽ 600 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയും. പാർക്കിങ്ങിന് പുറമേ നിരവധി ഷോപ്പുകൾക്കും ഓഫിസുകൾക്കുമാവശ്യമായ സൗകര്യവും അധികൃതർ ഒരുക്കുന്നുണ്ട്.
ദേശീയ വിഷൻ 2030ന് കീഴിൽ നടപ്പാകുന്ന ഖത്തർ ഗതാഗത മാസ്റ്റർ പ്ലാൻ 2050ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ വാഹന പാർക്കിങ്ങുകളുടെ ആധുനികവത്കരണമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദവും കൂടിയാണ് ഈ ഭാവി പാർക്കിങ് സംവിധാനം. എൻജിൻ ഓഫ് ചെയ്ത വാഹനമാണ് പാർക്കിങ് കാബിനുള്ളിൽ നിന്നും ലക്ഷ്യസ്ഥാനത്ത് എത്തുന്നത് എന്നതിനാൽ, പുകമലിനീകരണവുമുണ്ടാകില്ല. ഹൈഡ്രോളിക് പമ്പുകളോ ഇലക്ട്രിക് മോട്ടോറുകളോ ആണ് ലിഫ്റ്റിന്റെ പ്രവർത്തനത്തിനും ഓരോ നിലകളിലെയും വാഹനങ്ങളുടെ നീക്കത്തിനുമായി ഉപയോഗിക്കുന്നത്. മലിനീകരണവും താപനിലയും കുറക്കുന്നതിന് പച്ച ചെടികളാൽ പൊതിഞ്ഞ മതിലിന്റെ രൂപകൽപനയും കെട്ടിടത്തിൽ ചെയ്തിട്ടുണ്ട്. പാർക്കിങ്ങ് ചെയ്യുന്ന അതേ മെക്കാനിക്കൽ സംവിധാനമാണ്, വാഹനം തിരികെ എടുക്കാനുമുള്ളത്.
അതേസമയം, നഗരത്തിലെ പാർക്കിങ് സ്പോട്ടുകളെ കുറിച്ച് വിവരങ്ങൾ നൽകുകയും മൊബൈൽ ഫോൺ ഉപയോഗിച്ച് പാർക്കിങ് സ്ഥലങ്ങൾ കണ്ടെത്താനും എത്തിച്ചേരാനും അനുവദിക്കുന്ന സ്മാർട്ട് പാർക്കിങ് പദ്ധതി മുനിസിപ്പാലിറ്റി നടപ്പാക്കുന്നുണ്ട്. സ്മാർട്ട് ഖത്തർ പ്രോഗ്രാമിൽ (ടാസ്മൂ) ഉൾപ്പെടുത്തിക്കൊണ്ട് അഞ്ച് സ്മാർട്ട് സെക്ടറുകളുടെ ഭാഗമായാണ് സ്മാർട്ട് പാർക്കിങ് സേവനം ആരംഭിക്കുന്നത്. സൂഖ് വാഖിഫ്, അൽബിദാ പാർക്ക്, കോർണിഷ്, ഗേറ്റ് മാൾ, ലുസൈൽ, മുശൈരിബ് തുടങ്ങിയ സ്ഥലങ്ങളിലെ പാർക്കിങ് സ്ഥലങ്ങൾക്കു പുറമേ സുപ്രധാന റോഡുകളിലും വെസ്റ്റ്ബേ, കോർണിഷ് തുടങ്ങിയ പ്രദേശങ്ങളിലും ഈ സേവനങ്ങൾ നടപ്പാക്കാനാണ് പദ്ധതി. നേരത്തേ, വിവിധ പ്രദേശങ്ങളിലായി 3021 പാർക്കിങ് സ്ഥലങ്ങളിൽ സെൻസറുകൾ പ്രവർത്തനക്ഷമമാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.