കാത്തി ഫിലിപ്പ് സോളിയോ ഖത്തറിൽനിന്ന് കൊണ്ടുവന്ന പൂച്ചക്കൊപ്പം
ദോഹ: 20 പൂച്ചകൾ കഴിഞ്ഞ ദിവസം ഖത്തറിൽനിന്ന് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് പറന്നു. വിമാനത്തിലാണെന്ന് മാത്രം. ഖത്തറിലെ തെരുവുകളിൽനിന്ന് രക്ഷിച്ച പൂച്ചകൾ ഹൂസ്റ്റണിൽ സുഖമായിരിക്കുന്നു. മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഹൂസ്റ്റൺ ഹ്യൂമൻ സൊസൈറ്റിയാണ് ‘രക്ഷാദൗത്യം’ സംഘടിപ്പിച്ചത്. മൃഗസ്നേഹിയായ കാത്തി ഫിലിപ്പ് സോളിയോ എന്ന സ്ത്രീ സ്വന്തം താൽപര്യത്തിൽ മുൻകൈയെടുത്ത് സൊസൈറ്റിയെ സമീപിക്കുകയായിരുന്നു. പൂച്ചകൾക്ക് സുരക്ഷിതമായ അഭയകേന്ദ്രമൊരുക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് ഹൂസ്റ്റൺ ഹ്യൂമൻ സൊസൈറ്റി പ്രതികരിച്ചു. പൂച്ചകൾ എത്തുന്നതിന് മുമ്പ് ഹൂസ്റ്റണിൽ വേണ്ട ക്രമീകരണങ്ങൾ ചെയ്തിരുന്നു.
ഹൂസ്റ്റണിലേക്ക് കൊണ്ടുപോകാൻ പൂച്ചകളെ പെട്ടികളിലാക്കിയിരിക്കുന്നു
മൃഗസ്നേഹികളായ ആളുകൾക്ക് വളർത്താൻ നൽകുകയാണ് ചെയ്യുക. പൂച്ചകൾ സുഖമായിരിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ സൊസൈറ്റിയുടെ നടപടികൾ ഉണ്ടാകും. തെരുവ് പൂച്ചകൾ അധികരിച്ചുവരുന്നത് തടയാൻ ഹൂസ്റ്റൺ ഹ്യൂമൻ സൊസൈറ്റി വെൽനെസ് ക്ലിനിക്ക് വന്ധ്യംകരണ കാമ്പയിൻ നടത്തുന്നുണ്ട്. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ നടത്തുന്ന കുത്തിവെപ്പിന് 80 ഡോളറാണ് ഫീസ് ഈടാക്കുന്നത്.
ഇതാദ്യമായല്ല ഖത്തറിൽനിന്ന് പൂച്ചകളെ വിമാനത്തിൽ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നത്. 2022 ഏപ്രിലിൽ 25 പൂച്ചകളെ വിസ്കോൻസിൻ കാറ്റ് കഫെ കൊണ്ടുപോയി. ഖത്തറിൽ 20 ലക്ഷത്തിലേറെ തെരുവ് പൂച്ചകൾ ഉണ്ടെന്നാണ് വിലയിരുത്തൽ. വന്ധ്യംകരണത്തിനുള്ള നീക്കം കാര്യമായി നടന്നിട്ടില്ല.
‘കുവൈത്ത് സിക്സ്’ എന്നറിയപ്പെട്ടിരുന്ന ആറ് സിംഹങ്ങളെ കഴിഞ്ഞ മാസം കുവൈത്തിൽനിന്ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലെ 455 ഏക്കർ വിസ്തൃതിയുള്ള വന്യജീവി സങ്കേതത്തിൽ എത്തിച്ചത് ഖത്തർ എയർവേയ്സിന്റെ കാർഗോ വിമാനത്തിലാണ്. ഖത്തർ എയർവേയ്സ് കാർഗോ ആനിമൽ ഡിഫൻഡേഴ്സ് ഇന്റർനാഷനലിന്റെ സഹായത്തോടെയാണ് സിംഹങ്ങളുടെ പുനരധിവാസം സാധ്യമാക്കിയത്. കുവൈത്ത് മൃഗശാലയിൽ കഴിഞ്ഞിരുന്ന സിംഹങ്ങളെ കൊണ്ടുപോകാൻ അധികൃതർ ഖത്തറിലെ അനിമൽ ഡിഫൻഡേഴ്സ് ഇന്റർനാഷനലിന്റെ സഹായം തേടുകയായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ അനിമൽ ട്രാൻസ്പോർട്ട് സെന്റർ ഖത്തർ എയർവേയ്സ് കാർഗോ വിമാനത്താവളത്തിന് സമീപം അടുത്തിടെ തുറന്നിരുന്നു. വന്യജീവികളെയും വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെയും യാതൊരു ചെലവും കൂടാതെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിലേക്ക് എത്തിക്കാൻ സഹായിക്കുമെന്ന് ഖത്തർ എയർവേയ്സ് ചീഫ് കാർഗോ ഓഫിസർ മാർക് ഡ്ര്യൂഷ് പറഞ്ഞു.
മൃഗങ്ങളെ കൊണ്ടുപോകാൻ ഏറെ പരിശ്രമവും കരുതലും ആവശ്യമാണ്. യാത്രയും മൃഗങ്ങളെ കയറ്റുന്നതും ഇറക്കുന്നതും ശരിയായ കൂടും പരിചരണവും ഉറപ്പുവരുത്തത് വരെയുള്ള കരുതൽ എല്ലാം ഉത്തരവാദിത്തത്തോടെ ചെയ്യേണ്ടതാണ്. അഭിമാനത്തോടെയും ആവേശത്തോടെയുമാണ് തങ്ങൾ അതിന്റെ ഭാഗമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.