പരിസ്ഥിതി മന്ത്രാലയം നേതൃത്വത്തിൽ സീലൈനിലെ പ്രത്യേക കേന്ദ്രത്തിൽ തുറന്നുവിട്ട അറേബ്യൻ ഒറിക്സുകൾ
ദോഹ: ജൈവ വൈവിധ്യം നിലനിർത്തുന്നതിനും വന്യജീവി സാന്നിധ്യം വർധിപ്പിക്കുന്നതിനുമായി പ്രത്യേക സംരക്ഷിത മേഖലയിൽ കൂടുതൽ അറേബ്യൻ ഒറിക്സുകളെ എത്തിച്ചു. പരിസ്ഥിതി -കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിനു കീഴിലെ പ്രകൃതി സംരക്ഷണ വിഭാഗമാണ് 18 അറേബ്യൻ ഒറിക്സിനെ സീലൈനിലെ സംരക്ഷിത മേഖലയിലേക്ക് തുറന്നു വിട്ടത്. രാജ്യത്തെ വന്യജീവി സാന്നിധ്യം വർധിപ്പിക്കുന്നതിന്റെയും സഞ്ചാരികളെ ആകർഷിക്കുന്നതിന്റെയും ഭാഗമായാണ് മന്ത്രാലയം പ്രത്യേകം വേലികെട്ടി തിരിച്ച മേഖലയിലേക്ക് ഖത്തറിന്റെ ദേശീയ മൃഗം കൂടിയായ അറേബ്യൻ ഒറിക്സിനെ എത്തിച്ചത്. ആദ്യഘട്ടമെന്ന നിലയിൽ 18 എണ്ണമാണ് പുറത്തിറങ്ങിയത്. ഇവരുടെ എണ്ണം വൈകാതെ 50ലെത്തിക്കാനും പദ്ധതിയുണ്ട്.
രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നതിനും പ്രത്യുൽപാദനത്തിൽ പ്രകൃതിയുടെ സ്വാഭാവികത നിലനിർത്തുന്നതും ദൗത്യത്തിന്റെ ലക്ഷ്യമാണ്. സീലൈൻ, അൽ ഉദെയ്ദ് മേഖലകളിൽ സഞ്ചാരികളെ ആകർഷിക്കാനും ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കാനും ഇതുവഴി കഴിയും. മരുഭൂമിയുടെ കാലാവസ്ഥയിൽ ഇണങ്ങുന്ന നിരവധി മൃഗങ്ങളെയും ഭാവിയിൽ വിവിധ കേന്ദ്രങ്ങളിൽ എത്തിക്കാൻ അധികൃതർക്ക് പദ്ധതിയുണ്ട്. പ്രത്യേക വേലികെട്ടിയ സ്ഥലങ്ങളിൽ മാനുകൾ, ഒട്ടകപ്പക്ഷികൾ എന്നിവ നിക്ഷേപിക്കുന്നത് സംബന്ധിച്ച് പ്രകൃതി ഗവേഷക വിഭാഗം പഠനവും നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.