മസ്കത്ത്: ടൂറിസം മേഖലക്ക് ഉണർവ് പകരുക ലക്ഷ്യമിട്ട് ഒമാൻ ഹ്രസ്വകാല ടൂറിസ്റ്റ് വിസ പുനഃസ്ഥാപിച്ചു. പത്ത് ദിവസത്തെ താമസാനുമതിയുള്ള വിസയാണ് പുനഃസ്ഥാപിച്ചത്. അഞ്ച് റിയാലാണ് ഇതിന് നിരക്ക്. കഴിഞ്ഞ ദിവസമാണ് പൊലീസ് ആൻഡ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ഹസൻ മുൻ മുഹ്സിൻ അൽ ഷുറൈഖിയുടെ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്.
വിനോദ സഞ്ചാര ആവശ്യാർഥം വരുന്നവർക്ക് അഞ്ച് റിയാൽ ഫീസിൽ പത്ത് ദിവസത്തെ വിസ അനുവദിക്കാവുന്നതാണെന്ന് വിദേശികളുടെ താമസ നിയമത്തിൽ ഭേദഗതി വരുത്തിയുള്ള 129/2018ാം നമ്പർ ഉത്തരവ് പറയുന്നു. ഇൗ വിസ നീട്ടി നൽകാവുന്നതാണെന്നും ആർ.ഒ.പി അറിയിച്ചു. ഇതടക്കം രണ്ട് പുതിയ വിസാ ഫീസുകളാണ് ഉത്തരവ് പ്രകാരം എൻട്രി വിസകളുടെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. വിസ മാറ്റുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നവർ 50 റിയാൽ തിരിച്ചുകിട്ടാത്ത ഫീസ് അനുവദിക്കണമെന്നതാണ് രണ്ടാമത്തേത്. ഇതുപ്രകാരം വിസിറ്റിങ് വിസ, തൊഴിൽ വിസയാക്കി മാറ്റണമെന്നുള്ളവർ 50 റിയാൽ ഫീസ് അടക്കേണ്ടിവരും. പത്ത് ദിവസം, ഒരു മാസം, ഒരു വർഷം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായുള്ള ടൂറിസ്റ്റ് വിസകളാണ് ഇനി ഒമാനിൽ ലഭ്യമാവുക. നേരത്തേ നിലവിലുണ്ടായിരുന്ന പത്ത് ദിവസത്തെ ടൂറിസ്റ്റ് വിസ കഴിഞ്ഞ വർഷം ഏപ്രിലിലാണ് നിർത്തലാക്കിയത്. ഇതോടെ സഞ്ചാരികൾക്ക് 20 റിയാലിെൻറ ഒരു മാസത്തെ വിസ മാത്രമായിരുന്നു ആശ്രയം. ഹ്രസ്വകാല വിസ പുനഃസ്ഥാപിച്ചത് രാജ്യത്തേക്കുള്ള സഞ്ചാരികളുടെ എണ്ണം വർധിക്കാൻ കാരണമാകുമെന്ന് ട്രാവലിങ് മേഖലയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നു.
സഞ്ചാരികളെ ആകർഷിക്കുന്നതിനായി കഴിഞ്ഞ വർഷവും ഒമാൻ താമസ നിയമത്തിൽ വിവിധ ഭേദഗതികൾ വരുത്തിയിരുന്നു. ഒരു വർഷ കാലാവധിയുള്ള ടൂറിസ്റ്റ് വിസയുള്ളവർക്ക് ഒരു തവണ ഒമാനിൽ തങ്ങാവുന്ന സമയപരിധി മൂന്നാഴ്ചയിൽനിന്ന് ഒരു മാസമായി വർധിപ്പിച്ചതാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇതോടൊപ്പം സ്പോൺസറില്ലാത്ത ഇ-വിസക്ക് അർഹരായ രാജ്യങ്ങളുടെ പട്ടികയിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ടൂറിസ്റ്റ് വിസകൾക്ക് ഇലക്ട്രോണിക് രീതിയിേല ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. ഇ-വിസയുമായി എത്തുന്നവരുടെ എമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടറുകളും ഒരുക്കിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.