ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ഏറ്റവും ബൃഹത്തായ ആഘോഷമാണ് തെരഞ്ഞെടുപ്പ്. ഗ്രാമങ്ങളിലും നഗരങ്ങളിലും ചൂടുപിടിച്ച ചർച്ചകളും വാഗ്വാദങ്ങളും തമാശകളും നിറഞ്ഞ ഒരു കാലമാണിത്. യുവാക്കൾ മൊബൈലിൽ വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയും മുതിർന്നവർ ചായക്കടയിലെ ബെഞ്ചിലിരുന്നും രാഷ്ട്രീയം ചർച്ച ചെയ്യുന്ന കാഴ്ച ഓർക്കുമ്പോൾ തന്നെ ഹൃദയം നിറയുന്നു. വയനാട് ജില്ലയിലെ പനമരം ഗ്രാമപഞ്ചായത്തിലെ നടവയൽ വാർഡിൽ ആണ് എനിക്ക് വോട്ടവകാശമുള്ളത്.
ഒമാനിൽനിന്ന് അവധിക്ക് നാട്ടിൽ പോകുമ്പോഴെല്ലാം ഒരൊറ്റ വിഷയമാണ് ഞങ്ങൾ പ്രധാനമായും ചർച്ചാവിഷയമാക്കാറുള്ളത്. ഞങ്ങളുടെ ഗ്രാമത്തെ പ്രധാന റോഡുമായി ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡിന്റെ ദയനീയാവസ്ഥ. പക്ഷേ ഇന്ന് വയനാടിന്റെ വേദനകൾ റോഡിന്റെ കുഴികളിൽ മാത്രം ഒതുങ്ങുന്നില്ല. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം വന്യജീവി ആക്രമണത്തിൽ 25 കൂടുതൽ പേർ കേരളത്തിൽ മരിച്ചു അതിൽ ഭൂരിഭാഗവും വയനാട്ടിൽനിന്നാണ്. കാട്ടാനകളും കടുവകളും കർഷകരുടെ വിളകളും, വളർത്തുമൃഗങ്ങളെയും നശിപ്പിക്കുന്നു. രാവും പകലും ഭയന്നുജീവിക്കുന്ന നമ്മുടെ കർഷകർക്ക് ഇപ്പോഴും ഇതിനൊരു സ്ഥായിയായ പരിഹാരമില്ല.
ഈ ഒരവസരത്തിലാണ് നാട്ടുകാർക്ക് പ്രതീക്ഷ നൽകി നാട്ടുകാർക്കൊപ്പം എപ്പോഴും ഉണ്ടായിരുന്ന, ഞങ്ങളുടെ റോഡിന്റെ നിർമാണ ഫണ്ട് ലഭ്യമാക്കാൻ വേണ്ടി ലാഭേച്ഛയില്ലാതെ സ്വന്തം സമ്പത്തും സമയവും ഞങ്ങളുടെ വാർഡിനായി ചെലവഴിച്ച ഒരു സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകൻ എന്റെ വാർഡിൽ മത്സരിക്കുന്നു എന്നറിഞ്ഞത് വളരെ പ്രതീക്ഷ നൽകുന്നു. കേവലം ഒരു റോഡിന്റെ മാത്രമല്ല. വന്യജീവി ഭീഷണിയിൽനിന്ന് കർഷകരെ രക്ഷിക്കാനും, ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനും, വയനാടിന്റെ മുഴുവൻ വേദനകളും ശബ്ദമാക്കി ഉയർത്താനുമുള്ള ഒരു തുടക്കമാകട്ടെ. നടവയൽ വാർഡിന്റെ മാറ്റത്തിന് ഒരു തുടക്കമാകട്ടെ ഈ തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.