ഹ​ജ​ർ പ​ർ​വ​ത നി​ര​യി​ലെ മി​സ്ഫ ഗ്രാ​മം. വി​ദൂ​ര ദൃ​ശ്യം

മിസ്ഫത്തുൽ അബ്രിയീൻ; പ​ർ​വ​ത മു​ക​ളി​ലെ പൈ​തൃ​ക ഗ്രാ​മം

മസ്കത്ത്: ഒമാനി സാംസ്‌കാരിക സമ്പന്നതയെ അടയാളപ്പെടുത്തുന്ന, മലകളാൽ ചുറ്റപ്പെട്ട ഗ്രാമമാണ് മിസ്ഫത്ത് അൽ അബ്രിയീൻ. ദാഖിലിയ ഗവർണറേറ്റിലെ അൽ ഹംറ വിലായത്തിൽ ഹജർ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലേക്ക് എത്തിപ്പെടാൻ മസ്‌കത്തിൽനിന്നും 250 കിലോമീറ്ററാണ് യാത്രാദൂരം. ഗ്രാമത്തിലേക്കുള്ള പർവത പാതകൾ അവിസ്മരണീയ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ഗ്രാമീണരായ ഒമാനികളുടെ ജീവിതം അടുത്തറിയാൻ ലോകത്തിന്റെ വിവിധ കോണുകളിൽനിന്നും സഞ്ചാരികൾ എത്തുന്ന ഇടം കൂടിയാണ് ഈ ഗ്രാമം. 2021ലാണ് മിസ്ഫത്ത് അൽ അബ്രിയീൻ ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം ഗ്രാമങ്ങളിലൊന്നായി വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ പട്ടികയിൽ ഉൾപ്പെട്ടത്.

മി​സ്ഫ ഗ്രാ​മ​ത്തി​ൽ പാ​റ​ക്കെ​ട്ടി​ന് മു​ക​ളി​ലെ കെ​ട്ടി​ടം

സമുദ്രനിരപ്പിൽനിന്ന് 900 അടി ഉയരത്തിലാണ് ‘മിസ്ഫ’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ പർവത ഗ്രാമം. പ്രകൃതിദത്തവും പ്രാദേശികവുമായ വസ്തുക്കൾ ഉപയോഗിച്ച് വിദഗ്ധമായി നിർമിക്കപ്പെട്ട വീടുകൾ ഒമാനി വാസ്തുശിൽപ കലയുടെ സൗന്ദര്യം പ്രകടമാക്കുന്നു. മലഞ്ചെരിവുകളിൽ നിർമിച്ച വീടുകളുടെ സാങ്കേതിക മികവ് അദ്ഭുതപ്പെടുത്തുന്നതാണ്. മിസ്ഫയിലെ പൈതൃക ശേഖരം ഗ്രാമത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ അടയാളപ്പെടുത്തുന്നതാണ്. പുരാതന കാലത്ത് ഗ്രാമീണർ ഉപയോഗിച്ചിരുന്ന പുരാവസ്തുക്കളെ മനസ്സിലാക്കാൻ അവസരമൊരുക്കുന്നതാണ് ഗ്രാമത്തിലെ മ്യൂസിയം. പൈതൃക ഗ്രാമത്തിന്റെ കഥപറയുന്ന ചിത്രങ്ങളും രേഖകളും ചരിത്ര സൂക്ഷിപ്പുകളായി പിൻതലമുറക്കാർ സംരക്ഷിച്ചുപോരുന്നു.

മി​സ്ഫ​യി​ലെ ​ഗ്രാ​മീ​ണ കാ​ഴ്ച

തദ്ദേശീയമായ ഉൽപന്നങ്ങളും കരകൗശലവസ്തുക്കളും പ്രദർശിപ്പിക്കുന്ന വിപണിയും പൈതൃക ഗ്രാമത്തിലുണ്ട്. കൃഷിയാവശ്യത്തിനായി ഗ്രാമത്തിലെ പരമ്പരാഗത ജലസേചന സംവിധാനമായ ഫലജ് വിദഗ്ധമായാണ് ഗ്രാമീണർ ഉപയോഗപ്പെടുത്തുന്നത്. പുനരുദ്ധരിച്ച പുരാതന വീടുകളിൽ താമസിക്കാൻ സന്ദർശകർക്ക് മികച്ച സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്നതും പ്രത്യേകതയാണ്. ഇവിടത്തെ മിക്ക വീട്ടുകാരും താഴ്വരയിലെ നഗരപ്രദേശമായ ഹംറയിലാണ് കഴിയുന്നത്. മിസ്ഫയിലെ തങ്ങളുടെ വീടുകൾ അവർ ഹോംസ്റ്റേകളാക്കി സന്ദർശകർക്കായി വാതിൽ തുറന്നുവെക്കുന്നു. മലകയറ്റവും സാഹസികതയും ഇഷ്ടപ്പെടുന്നവർക്ക് മിസ്ഫത്ത് അൽ അബ്രിയീൻ ആസ്വാദ്യകരമായ അനുഭവമാണ് സമ്മാനിക്കുക. വാഹനങ്ങൾ താഴ്വാരത്ത് നിർത്തിയശേഷം കാൽനടയായി മിസ്ഫയിലേക്ക് നീങ്ങണം. പ്രാദേശിക ആചാരങ്ങളെയും പാരമ്പര്യങ്ങളെയും സന്ദർശകർ ബഹുമാനിക്കണമെന്നും മാന്യമായ വസ്ത്രം ധരിക്കണമെന്നും കർശന നിബന്ധനയുണ്ട്.

Tags:    
News Summary - Misfatul Abrien; A heritage village in the mountains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.