ദാഹിറ ഗവർണറേറ്റിലെ തേനീച്ച കർഷക കൂട് പരി​ശോധിക്കുന്നു

ദാഹിറയിൽ തേൻ ഉൽപാദനത്തിൽ റെക്കോഡ് വർധന; 138 ശതമാനം വളർച്ച

 മസ്‌കത്ത്: ഒമാനിലെ ദാഹിറ ഗവർണറേറ്റിൽ കഴിഞ്ഞ വർഷം തേൻ ഉൽപാദനത്തിൽ 138 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. മുൻവർഷങ്ങളെ അപേക്ഷിച്ച് റെക്കോഡ് വളർച്ചയാണുണ്ടായിരിക്കുന്നത്. 2024-ൽ 41 ടണ്ണും 2023-ൽ 56.3 ടണ്ണുമായിരുന്ന തേൻ ഉൽപാദനം 2025-ൽ 97.8 ടണ്ണായി ഉയർന്നു. ഗവർണറേറ്റിലെ തേനിച്ച കർഷകരുടെ എണ്ണത്തിലുണ്ടായ വർധനവാണ് ഈ നേട്ടത്തിന് പിന്നിൽ.

നിലവിൽ 1,054 തേനിച്ച കർഷകരുടെ കീഴിലായി 24,862 തേനീച്ചക്കൂടുകളാണ് ഇവിടെയുള്ളത്. പ്രാദേശിക സമ്പദ്‌വ്യവസ്ഥക്ക് കരുത്തുപകരുന്ന ഈ മേഖലയോട് ജനങ്ങൾക്കുള്ള താൽപര്യം വർധിക്കുന്നതിന്റെ തെളിവാണ് ഈ സൂചികകൾ. കർഷകരുമായി ചേർന്നുള്ള നിരന്തരമായ പ്രവർത്തനങ്ങളും തേനിച്ച വളർത്തലിലും തേൻ വേർതിരിച്ചെടുക്കുന്നതിലും ആധുനിക ശാസ്ത്രീയ മാർഗങ്ങൾ നടപ്പാക്കിയതുമാണ് ഈ വലിയ മുന്നേറ്റത്തിന് കാരണമായതെന്ന് അൽ ദാഹിറ കാർഷിക വികസന ജലവിഭവ ഡയറക്ടറേറ്റിലെ ബീ ഡിപ്പാർട്ട്മെന്റ് മേധാവി എൻജി. മഹാ അവാദ് അൽ സുഖൈതി വ്യക്തമാക്കി.

കർഷകരുടെ വരുമാനം വർധിപ്പിക്കാൻ തേൻ ഉൽപാദനത്തിന് പുറമെ മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമ്മാണത്തിലും ഡയറക്ടറേറ്റ് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി മെഴുക്, പൂമ്പൊടി എന്നിവയുടെ ഉൽപാദനം, തേനീച്ചക്കൂട്ടങ്ങളുടെയും റാണി ഈച്ചകളുടെയും വിൽപന, സോപ്പുകളും ക്രീമുകളും പോലുള്ള സുഗന്ധ-സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണം, കാട്ടുചെടികളിൽ നിന്നുള്ള ഔഷധ തേൻ ഉൽപാദനം എന്നിവയിലേക്ക് കർഷകർ കടന്നുവരുന്നുണ്ട്. തേനീച്ചകളുടെ വംശവർധനവ്, ആധുനിക രീതിയിലുള്ള തേൻ ശേഖരണം, കീട നിയന്ത്രണം എന്നിവയിൽ കർഷകർക്ക് കൃത്യമായ പരിശീലനങ്ങളും വർക്ക്‌ഷോപ്പുകളും നൽകിവരുന്നു.

കൂടാതെ, തോട്ടങ്ങളിലെ നേരിട്ടുള്ള സന്ദർശനം വഴിയുള്ള സാങ്കേതിക സഹായവും വിപണനത്തിനായി പ്രത്യേക പ്രദർശന മേളകളും ഡയറക്ടറേറ്റ് ഒരുക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Record increase in honey production in Dahira; 138 percent growth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.