മസ്കത്ത്: രാജ്യത്തിന്റെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നവംബർ 20ന് പുതിയ ദേശീയ പേമെന്റ് കാർഡ് ‘മാൽ’ സോഫ്റ്റ് ലോഞ്ച് ചെയ്യുമെന്ന് ഒമാൻ സെൻട്രൽ ബാങ്ക് (സി.ബി.ഒ) അറിയിച്ചു. ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങളിലൊന്നായ ഡിജിറ്റൽ പരിഷ്കരണം വേഗത്തിലാക്കാനും ദേശീയ പേമെന്റ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ള വലിയ നീക്കമാണ് ഈ ലോഞ്ച്. ലോഞ്ചിങ് ദിനത്തിൽ സുൽത്താനേറ്റിലെ മിക്ക എ.ടി.എമ്മുകളിലും ഇ-കോമേഴ്സ് ഗേറ്റ്വേകളിലും മാൽ കാർഡ് ഉപയോഗിച്ച് ഇടപാട് നടത്താനാകും.
എന്നാൽ ചില പി.ഒ.എസ് ഉപകരണങ്ങളിൽ സാങ്കേതിക അപ്ഗ്രേഡുകൾ തുടരുന്നതിനാൽ പ്രാരംഭഘട്ടത്തിൽ കാർഡ് സ്വീകരിക്കുന്നതിൽ പരിമിതികളുണ്ടാകാമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് കാർഡ് വിതരണം ചെയ്യുന്നതിനെക്കുറിച്ചും മറ്റുമുള്ള വിശദ വിവരങ്ങൾ ബാങ്കുകൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
‘മാൽ’ കാർഡിന് ഉപഭോക്താക്കൾ പ്രത്യേക ഫീസ് നൽകേണ്ടതില്ലെന്നതാണ് പ്രത്യേകത. കാർഡ് ഇഷ്യൂ ചെയ്യുന്നതിനും റീ ഇഷ്യൂ ചെയ്യുന്നതിനും വാർഷിക ഫീസുകളും ഉണ്ടായിരിക്കില്ല. ഡെബിറ്റ്, പ്രീപെയ്ഡ് എന്നീ രണ്ട് വേർഷനുകളിലാണ് കാർഡ് നൽകുന്നത്. ഇതുവഴി എല്ലാത്തരം ഉപഭോക്താക്കൾക്കും കാർഡ് ലഭ്യമാകും.
ഡിജിറ്റൽ സാമ്പത്തികസേവനങ്ങളിലെ ചെലവ് കുറക്കുകയും ഉപയോഗം വർധിപ്പിക്കുകയും ചെയ്യുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നിലവിലെ കാർഡുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യാപാരികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ചെറുകിട-ഇടത്തരം സംരംഭകർക്കും പേമെന്റ് സ്വീകരിക്കൽ ചെലവ് 50 ശതമാനം വരെ കുറയാനാണ് സാധ്യത.
സർക്കാർ സ്ഥാപനങ്ങൾ, എക്സ്ചേഞ്ച് ഹൗസുകളും ബ്രോക്കറേജ് സ്ഥാപനങ്ങളും, ഇ-വാലറ്റ് ടോപ്-അപ് സേവനദാതാക്കൾ, റിയാദാ കാർഡ് കൈവശമുള്ള ചെറുകിട-ഇടത്തരം സംരംഭകർ, ചാരിറ്റി സംഘടനകൾ തുടങ്ങിയ വിഭാഗങ്ങൾക്ക് മെർച്ചന്റ് സർവിസ് ഫീ (എം.എസ്.എഫ്) പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ സകാത്, ദാനം, സദഖ തുടങ്ങിയവ സ്വീകരിക്കുമ്പോൾ ചാരിറ്റി സംഘടനകൾക്ക് മുഴുവൻ ഫീസും ഒഴിവാകും. ഒമാൻനെറ്റ് സ്വിച്ച് വഴി പ്രവർത്തിക്കുന്ന ദേശീയതലത്തിൽ നിയന്ത്രിക്കുന്ന പേമെന്റ് ഘടനയിൽ മാൽ കാർഡിന്റെ പങ്ക് പ്രധാനമാണെന്ന് ഒമാൻ സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
എല്ലാ വിഭാഗങ്ങൾക്കും കുറഞ്ഞ ചെലവിൽ ദേശീയ പേമെന്റ് സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് പുതിയ ഫീസ് ഘടന പ്രധാനമായും ലക്ഷ്യമിടുന്നത്. കൂടുതൽ കാര്യക്ഷമവും സ്ഥിരതയുമുള്ള പേമെന്റ് ഇക്കോസിസ്റ്റം, ഡിജിറ്റൽ സാമ്പത്തിക സേവനങ്ങളിൽ പുതുമയും വൈവിധ്യവും കൊണ്ടുവരിക, ഒമാന്റെ വിഷൻ 2040ന്റെ കാഴ്ചപ്പാടിനനുസരിച്ച് കാഷ്ലെസ് ഇടപാടുകളിലേക്കുള്ള വേഗത്തിലുള്ള മാറ്റം, വിദേശ പേമെന്റ് നെറ്റ്വർക്കുകളെ ആശ്രയിക്കുന്നത് കുറക്കുക തുടങ്ങിയ കാര്യങ്ങളും ‘മാൽ’ കാർഡ് അവതരിപ്പിക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നു. ഇതുവഴി കൂടുതൽ കരുത്തുള്ള, ദേശീയ നിയന്ത്രിത ധനകാര്യ സംവിധാനമാണ് രാജ്യം ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.