മസ്കത്ത്: കഴിഞ്ഞവർഷം ഡിസംബർ അവസാനത്തോടെ ഒമാനിലെ ആകെ വൈദ്യുതി ഉൽപാദനം അഞ്ചു ശതമാനം വർധിച്ച് 51,612.3 ഗിഗാവാട്ടായി ഉയർന്നതായി ദേശീയ സ്ഥിതിവിവരശാസ്ത്ര-വിവര കേന്ദ്രത്തിന്റെ (എൻ.സി.എസ്.ഐ) കണക്കുകൾ വ്യക്തമാക്കുന്നു. 2024ൽ ഇതേ കാലയളവിൽ ഇത് 49,132.0 ഗിഗാവാട്ടായിരുന്നു. ഒമാൻ പവർ ആൻഡ് വാട്ടർ പ്രോക്യുർമെന്റ് കമ്പനിയുടെയും റൂറൽ ഏരിയ ഇലക്ട്രിസിറ്റി കമ്പനിയുടെയും ആകെ വൈദ്യുതി ഉൽപാദനം 4.4 ശതമാനം വർധിച്ച് 2025 ഡിസംബർ അവസാനത്തോടെ 50,160.6 ഗിഗാവാട്ടിലെത്തി. 2024 ഡിസംബർ അവസാനം ഇത് 48,047.2 ഗിഗാവാട്ട് മണിക്കൂറായിരുന്നു. അതേസമയം, കുടിവെള്ള ആവശ്യങ്ങൾക്കായി വിവിധ മാർഗങ്ങളിലൂടെ ഉൽപാദിപ്പിക്കുന്ന ശുദ്ധജലത്തിന്റെ അളവിൽ കുറവാണ് രേഖപ്പെടുത്തിയത്. ഒമാനിലെ ആകെ കുടിവെള്ളത്തിന്റെ ഏകദേശം 86% മുതൽ 89% വരെ ഇത്തരത്തിലുള്ള ഡിസാലിനേഷൻ പ്ലാന്റുകളിൽ നിന്നാണ് ലഭിക്കുന്നത്. 2025 ഡിസംബർ അവസാനംവരെ രാജ്യത്തെ ആകെ ജല ഉൽപാദനം 1.9 ശതമാനം കുറഞ്ഞ് 509.9 ദശലക്ഷം ക്യൂബിക് മീറ്ററായി. 2024ലെ ഇതേ കാലയളവിൽ ഇത് 519.7 ദശലക്ഷം ക്യൂബിക് മീറ്ററായിരുന്നു.
ഗവർണറേറ്റ് തലത്തിൽ, മസ്കത്ത് ഗവർണറേറ്റിൽ ജല ഉൽപാദനം 12.5 ശതമാനം കുറഞ്ഞ് 204.1 ദശലക്ഷം ക്യൂബിക് മീറ്ററിലെത്തി. 2024ലെ ഇതേ കാലയളവിൽ ഇത് 233.3 ദശലക്ഷം ക്യൂബിക് മീറ്ററായിരുന്നു. ഇതിന് വിപരീതമായി, ദോഫാർ ഗവർണറേറ്റിൽ ജല ഉൽപാദനം 2.7 ശതമാനം വർധിച്ച് 2025 ഡിസംബർ അവസാനം 76.2 ദശലക്ഷം ക്യൂബിക് മീറ്ററായി. 2024 ഡിസംബർ അവസാനം ഇത് 74.2 ദശലക്ഷം ക്യൂബിക് മീറ്ററായിരുന്നു. മറ്റ് ഗവർണറേറ്റുകളിലെ ജല ഉൽപാദനം 8.2 ശതമാനം വർധിച്ച് 229.6 ദശലക്ഷം ക്യൂബിക് മീറ്ററായും ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.