കഴിഞ്ഞ ലക്കത്തിൽ ബാങ്ക് അക്കൗണ്ട് നോമിനേഷൻ എന്താണെന്നും അതിന്റെ ആവശ്യകത എന്താണെന്നും, നോമിനേഷൻ നടത്തിയില്ലെങ്കിൽ ഉണ്ടാകുന്ന സാമ്പത്തികവും അല്ലാതെയുള്ള ബുദ്ധിമുട്ടുകളെപ്പറ്റി വിവരിച്ചിരുന്നു. സമ്പാദ്യം തന്നെ നഷ്ടപ്പെടാൻ വരെ ഇടയാകും എന്നുള്ള കാര്യവും ഓർമിക്കേണ്ടാതാണ്.
ഇന്ത്യയിൽ ഒരു ലക്ഷം കോടിയിൽ അധികം തുകയാണ് ബാങ്കുകളിലും ഇൻഷുറൻസ് കമ്പനികളിലും മ്യൂച്ചൽ ഫണ്ട് തുടങ്ങിയവയിലും അവകാശികളെ കാത്തുകിടക്കുന്നത്. ഇതിനൊക്കെ ഒരു പരിഹാരമാണ് നോമിനേഷൻ എന്നത്. ആർ.ബി.ഐ നേതൃത്വത്തിൽ ഇത്തരം അവകാശികളില്ലാതെ കിടക്കുന്ന തുകയുടെ അവകാശികളെ കണ്ടുപിടിക്കാനായി കഴിഞ്ഞവർഷം ഒക്ടോബർ മുതൽ ഡിസംബർ വരെ രാജ്യത്തെ എല്ലാ ജില്ല ആസ്ഥാനങ്ങളിലും ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു.
നോമിനേഷൻ ചെയ്യുന്നത് കൊണ്ട് നിക്ഷേപകന്റെ അഭാവത്തിൽ ബാങ്കിലെ തുക അവകാശികൾക്ക് വളരെ എളുപ്പം കൊടുക്കാൻ കഴിയുന്നു. നോമിനേഷന്റെ അഭാവത്തിൽ തുകയുടെ തോത് അനുസരിച്ചു അടുത്ത അവകാശികൾ ബാങ്കിൽ കൊടുക്കേണ്ട രേഖകളിൽ മാറ്റം വരും. ഇത് ചെലവേറിയതും, സമയം എടുക്കുന്നതും മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതുമാണ്.
നോമിനേഷനിലെ പുതിയ നിയമം
നേരത്തെ ബാങ്കുകളിൽ ഒരു ഡെപോസിറ്റിനു ഒരാളെ മാത്രമേ അവകാശികളായി വെക്കാൻ കഴിയുമായിരുന്നുള്ളൂ. ഇത് ഇടപാടുകൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. അക്കൗണ്ട് ഹോൾഡർക്കു മുമ്പ് അവകാശികൾ മരണപ്പെട്ടുപോയ അനേകം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ എല്ലാം വെളിച്ചത്തിലാണ് ഇപ്പോൾ പുതിയ നിയമം കൊണ്ട് വന്നിരിക്കുന്നത്. ബാങ്കിങ് നിയമഭേദഗതി ബിൽ കഴിഞ്ഞ വർഷം ലോക് സഭ പാസാക്കിയിരുന്നു . ഈ വർഷം മാർച്ചിൽ രാജ്യസഭയും ബിൽ പാസാക്കിയിരുന്നു. ഇനി ബാങ്കുകൾ ഈ നിയമങ്ങൾ നടപ്പാക്കുക മാത്രമാണ് വേണ്ടത്.
പുതിയ നിയപ്രകാരം രണ്ടു രീതിയിലുള്ള നോമിനേഷൻ ഉണ്ട്. ഒന്ന് ജോയിന്റ്( joint) നോമിനേഷനും രണ്ടാമതായി സക്സിസിവ് (successive) നോമിനേഷനും. ജോയന്റ് അല്ലെങ്കിൽ മൾട്ടിപ്പിൾ നോമിനേഷൻ സമ്പ്രദായത്തിൽ നാലു പേരെ വരെ ഒരു ഡെപോസിറ്റിനു നോമിനേഷൻ വെക്കം. ഉദാഹരണമായി ഒരാൾക്ക് 10 ലക്ഷം രൂപ നിക്ഷേപമുണ്ടെങ്കിൽ 25 ശതമാനം വീതം നാലു പേർക്ക് കൊടുക്കാം. അല്ലെങ്കിൽ ഒരാൾക്ക് 50 ശതമാനവും 25 ശതമാനം വീതം രണ്ടു പേർക്കും അതായതു മൂന്നായി കൊടുക്കാം. ഇത് ബാങ്കുകളെയും ഡെപ്പോസിറ്റേഴ്സിനെയും സംബന്ധിച്ച് വളരെ നല്ല കാര്യമാണ്. ഇതേപോലെ തന്നെ ഓരോ നിക്ഷേപത്തിനും ഇതേ രീതിയിൽ നോമിനേഷൻ നടത്താം.
സക്സിസിവ് സമ്പ്രദായത്തിൽ ഉദാഹരമായി എ, ബി.സി എന്നീ മൂന്ന് പേരെ നോമിനേറ്റ് ചെയ്തു എന്ന് കരുതുക , അക്കൗണ്ട് ഹോൾഡർ മരണപ്പെട്ടു പോയാൽ ബാങ്കുകൾ ആദ്യം ‘എ’യെ സമീപിക്കും . എ എന്നയാളുടെ അഭാവത്തിൽ ബി എന്നയാളിന് തുക കൈമാറാം. ബി എന്നയാളുടെയും അഭാവത്തിൽ സി എന്നയാൾക്ക് കൊടുക്കും. സാധാരണ ഇത്തരം നോമിനേഷനുകൾ ബാങ്ക് സേഫ് ഡെപോസിറ്റ് ലോക്കറുകൾക്കാണ് ബാധകമാക്കിയിരിക്കുന്നത് .
പുതിയ നിയമം അനുസരിച്ച് മ്യൂച്ചൽ ഫണ്ടുകൾക്കു 10 പേരെ വരെ നോമിനേഷൻ നടത്താം. അതുപോലെ തന്നെ ഡീമാറ്റ് അക്കൗണ്ടുകൾക്കും 10 പേരെ വരെ നോമിനേറ്റ് ചെയ്യാം. സർക്കാർ കൊണ്ടുവരുന്ന ഈ പുതിയ നിയമം വളരെ നല്ല ഒരു സംഗതിയാണ്. തുക ഒന്നിലധികം ആളുകൾക്ക് വീതിച്ചു നൽകാം എന്നത് ഡെപ്പോസിറ്ററെ സംബന്ധിച്ചിടത്തോളം ഒരു നല്ല കാര്യമാണ്. മാത്രവുമല്ല അവകാശികൾക്ക് ബുദ്ധിമുട്ടില്ലാതെ തുക ബാങ്കുകൾക്ക് കൈമാറാൻ കഴിയും. അതുപോലെ തന്നെ നേരത്തെ സർക്കാറിന്റെ സമ്പാദ്യ പദ്ധിതികളായ പി.പി.എഫ് , നാഷണൽ സേവിങ് സർട്ടിഫിക്കറ്റ്, സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം എന്നിവക്ക് നോമിനേഷൻ മാറ്റാൻ ഉണ്ടായിരുന്ന ചെറിയ ഫീസ് ഒഴിവാക്കിയെന്നാണ് വിവരം.
പുതിയ നിയമം താമസിയാതെ നടപ്പാക്കും എന്ന് പ്രതീക്ഷിക്കാം. നിലവിൽ നിങ്ങളുടെ എല്ലാ അക്കൗണ്ടുകൾക്കും നോമിനേഷൻ ഉണ്ടെന്നു ഉറപ്പു വരുത്തുക. ഓൺലൈൻ ആയി ഇപ്പോൾ നോമിനേഷൻ കൊടുക്കുവാനുള്ള സൗകര്യങ്ങൾ ബാങ്കുകൾ ഒരുക്കിയിട്ടുണ്ട്. നിർബന്ധമായും ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുക.
തുടരും
(ഗ്ലോബൽ മണി എക്സ്ചേഞ്ച്
എക്സിക്യൂട്ടീവ് അഡ്വൈസറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.