മസ്കത്ത്: മലയാളികളുടെ പ്രിയപ്പെട്ട അടിച്ചായക്ക് ഒമാനിലും സ്വീകാര്യത വർധിക്കുന്നു. സമോവർ ചായ, മീറ്റർ ചായ തുടങ്ങിയ നിരവധി പേരുകളിൽ അറിയപ്പെടുന്ന ഈ പ്രിയ പാനീയം മസ്കത്തിലെ നിരവധി ഹോട്ടലുകളിലും ഹൈപർ മാർക്കറ്റുകളിലും ഇപ്പോൾ ലഭിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങൾ തേടിപ്പിടിച്ച് ചായപ്രേമികൾ പോകുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവിടം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ചില ഹൈപ്പർ മാർക്കറ്റുകൾക്ക് പുറത്ത് പ്രത്യേകമായി സജ്ജീകരിച്ച് അടിച്ചായക്കായി സൗകര്യമൊരുക്കിയിട്ടുമുണ്ട്.
നാട്ടിൽ അന്യംനിന്നുപോവുന്ന അടിച്ചായ അതിന്റെ എല്ലാ നിലവാരത്തോടുംകൂടി ഒമാനിൽ ലഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ചായ പ്രേമികൾ പറയുന്നു. നാട്ടിലെ സമോവറും ചായ ഉണ്ടാക്കാനുള്ള തുണി അരിപ്പയുമൊക്കെ കാണുമ്പോൾ ഗൃഹാതുരത്വം അനുഭവപ്പെടുന്നുണ്ടെന്ന് ഇവർ പറയുന്നു. ഇത്തരം സമോവറുകളും ചായപ്പൊടി അരിക്കാനുള്ള തുണി അരിപ്പകളുമൊക്കെ പണ്ട് കാലത്ത് നാട്ടിൻപുറങ്ങളിലെ ചായക്കടകളിലെ കാഴ്ചയായിരുന്നു. പിന്നീട് ചായയുടെ രൂപവും ഭാവവുമൊക്കെ മാറി. എന്നാൽ സുൽത്താനേറ്റിൽ ഇത്തര ചായ ലഭിക്കുന്ന കടകളിൽ വൈകുന്നേരങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ദൂരക്കുകളിൽനിന്നുപോലും ഇത്തരം ചായ തേടി എത്താറുണ്ടെന്ന് കച്ചവടക്കാർതന്നെ സാക്ഷ്യപ്പെടുത്തുന്നു. രുചി കൂട്ടാൻ ഒരു കപ്പിൽനിന്ന് മറ്റൊരു കപ്പിലേക്ക് ഉയരത്തിൽ ഒഴിക്കുന്നത് നോക്കി നിൽക്കാൻതന്നെ നല്ല രസമാണെന്നും ചായപ്രേമികൾ പറയുന്നു. ഇങ്ങനെ ഉയരത്തിൽ ഒഴിക്കുന്നത് കൊണ്ടാണ് ഇതിന് മീറ്റർ ചായ എന്ന് പേര് വന്നതെന്നും ഇതിന്റെ പിന്നിൽ രസകരമായ കഥയുണ്ടന്നും ചായ പ്രേമികൾ പറയുന്നു. പണ്ടെന്നോ ഒരു ചായക്കടക്കാരൻ ഇങ്ങനെ ഉയർത്തി ചായ ഒഴിക്കുന്നത് കണ്ടു നിന്ന ഒരു വിദേശി ചായ മീറ്റർ കണക്കിനാണ് കൊടുക്കുന്നതെന്ന് കരുതി ഒരു മീറ്റർ ചായക്ക് ഓർഡർ നൽകിയെന്നാണ് കഥ.
ചായക്കൊപ്പം പല സ്ഥാപനങ്ങളിലും ചെറു കടികളും ലഭിക്കുന്നുണ്ട്. ഉള്ളിവട, പരിപ്പുവട, പഴംപൊരി, സുഖിയൻ, വിവിധ തരം മസാല പത്തലുകൾ അടക്കം നിരവധി കടി വിഭവങ്ങൾ കൂടി അടിച്ചായക്കൊപ്പം കിട്ടുന്നതും മലയാളികളെ സന്തോഷിപ്പിക്കുന്നതാണ്. അതിനാൽ ഇത്തരം ഉൽപന്നങ്ങളും വേഗത്തിൽ വിറ്റഴിയുന്നുണ്ട്. ഇത്തരം ചായ കുടിക്കാൻ മലയാളികൾക്കൊപ്പം മറ്റും രാജ്യങ്ങളിലുള്ളവരും എത്തുന്നുണ്ട്. ഇത് പത്തി ചായ അടക്കമുള്ള സാധാരണ ചായകൾക്ക് ആവശ്യക്കാർ കുറഞ്ഞിട്ടുണ്ട്. ചില സ്ഥാപനങ്ങളിൽ മലയാളികൾക്ക് പുറമെ ബംഗ്ലാദേശികളും മീറ്റർ ചായ ഉണ്ടാക്കുന്നുണ്ട്.
അടിച്ചായകൾക്കുള്ള പല ഉപകരണങ്ങൾ നാട്ടിൽനിന്ന് കൊണ്ടു വരുകയാണെന്ന് ഇത്തരം സ്ഥാപനത്തിന്റെ ഉടമയായ വടകര തോടന്നൂർ സ്വദേശി കെ.കെ. അബ്ദുറഹീം പറഞ്ഞു. അടിച്ചായക്ക് ഉപയോഗിക്കുന്ന സമോവർ ഒമാനിൽ ലഭ്യമല്ല. അതിനാൽ ഇത് നാട്ടിൽനിന്ന് കൊണ്ടു വരുകയാണ് ചെയ്യുന്നത്. ഇത് ഏറെ പ്രയാസം നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ചായ അരിക്കാനുള്ള തുണി അരിപ്പയും ഇവിടെ കിട്ടില്ല. അരിപ്പയുടെ തുണി ഇടക്കിടെ മാറ്റേണ്ടി വരുന്നതും മറ്റൊരു പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.