മണികണ്ഠനും ഭാര്യയും

ടി.വി.​കെയു​ടെ ഹാരമണിഞ്ഞ് ആഹ്ലാദത്തിൽ

മസ്കത്തിൽനിന്ന് പറന്നെത്തിയ ആ ഒറ്റ വോട്ട് ടി.വി.കെക്ക് സമ്മാനിച്ചത് ഒരു എം.എൽ.എയെ!

മസ്കത്ത്: തന്റെ ഒരുവോട്ടുകൊണ്ട് തമിഴകത്ത് വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് മണികണ്ഠൻ ശിവാനന്ദം എന്ന വിജയ് ആരാധകൻ. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മണികണ്ഠന്റെ ആ ഒരൊറ്റ വോട്ട് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴക (ടി.വി.കെ) ത്തിന് സമ്മാനിച്ചത് ഒരു എം.എൽ.എയെ ആണ്. ടി.വി.കെ ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ വേളയിൽ, മസ്കത്തിൽ നിന്നും വോട്ട് ചെയ്യാനെത്തിയ മണികണ്ഠൻ താരപരിവേഷമാർജിച്ചിരിക്കുകയാണ്.

ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ മണ്ഡലത്തിൽ ടി.വി.കെ സ്ഥാനാർത്ഥി സീനിവാസ സേതുപതി വെറും ഒരു വോട്ടിന് വിജയിച്ചതോടെയാണ് മണികണ്ഠന്റെ ഈ യാത്ര ചരിത്രപരമായ നിയോഗമായി മാറിയത്. ഭരണകക്ഷിയായ ഡി.എം.കെയുടെ കരുത്തുറ്റ നേതാവും മന്ത്രിയുമായ കെ.ആർ. പെരിയകറുപ്പനെയാണ് അട്ടിമറി വിജയത്തിലൂടെ സേതുപതി പരാജയപ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ വോട്ട് വെറുതെയായില്ലെന്ന ആവേശത്തിൽ മണികണ്ഠൻ പങ്കുവെച്ച എക്സ് പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലായി.‘ടി.വി.കെക്ക് ഒരു വോട്ടിന് മാത്രമാണ് തിരുപ്പത്തൂർ മണ്ഡലത്തിൽ വിജയിക്കാൻ കഴിഞ്ഞത്. അതിൽ എനിക്ക് വലിയ അഭിമാനമുണ്ട്’ എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ് മണികണ്ഠനെ തേടിയെത്തുന്നത്. ‘നിങ്ങൾ ഞങ്ങളുടെ ദിവസം രക്ഷിച്ചു’, ‘ഒരു വോട്ടിന്റെ വില ലോകത്തിന് കാണിച്ചുകൊടുത്തു’ എന്നിങ്ങനെ നീളുന്നു കമന്റുകൾ. ഏപ്രിൽ 16ന് താൻ വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോകുകയാണെന്ന് ടിക്കറ്റ് സഹിതം മണികണ്ഠൻ പോസ്റ്റ് ചെയ്തിരുന്നു.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. 2024 ഫെബ്രുവരിയിൽ രൂപീകരിച്ച ടി.വി.കെ തങ്ങളുടെ ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ്. അണ്ണാ ഡി.എം.കെയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ ടി.വി.കെ ഡി.എം.കെയുടെ കോട്ടകളിൽ വിള്ളലുണ്ടാക്കി. ഏറ്റവും വലിയ അട്ടിമറി നടന്നത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സ്വന്തം മണ്ഡലമായ കൊളത്തൂരിലാണ്. ഗീത ജീവൻ, മാ സുബ്രഹ്മണ്യൻ തുടങ്ങിയ പ്രമുഖ മന്ത്രിമാർക്കും പരാജയം നേരിടേണ്ടി വന്നു.ഏകദേശം 35 ശതമാനം വോട്ട് നേടിയെങ്കിലും 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷം തികക്കാൻ ടി.വി.കെക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും ദ്രാവിഡ പാർട്ടികൾ വാണരുളുന്ന തമിഴക രാഷ്ട്രീയത്തിൽ ‘ഇളയ ദളപതി’ തന്റെ കരുത്ത് തെളിയിച്ചു കഴിഞ്ഞു.

Tags:    
News Summary - That single vote, which flew in all the way from Muscat, gifted TVK an MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.