മസ്കത്ത്: ഒമാനിലെ ആകെ ജനസംഖ്യ 54 ലക്ഷം എത്തിയതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ അറിയിച്ചു. 2025 ലെ കണക്കാണിത്. മുൻവർഷത്തെ അപേക്ഷിച്ച് 91,500 പേരുടെ വർധനവാണ് ജനസംഖ്യയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ നഗരാസൂത്രണം, തൊഴിൽ വിപണി, പൊതുസേവനങ്ങൾ എന്നിവയിലെ ദീർഘകാല ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള ആസൂത്രണത്തിൽ ഈ കണക്കുകൾ നിർണായകമാണ്.
സ്ത്രീ-പുരുഷ അനുപാതത്തിൽ സ്വദേശികൾക്കിടയിൽ വലിയ വ്യത്യാസമില്ലെങ്കിലും പ്രവാസികൾക്കിടയിൽ പുരുഷന്മാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ട്. സ്വദേശികൾക്കിടയിൽ 100 സ്ത്രീകൾക്ക് 101 പുരുഷന്മാർ എന്ന നിലയിലാണ് കണക്കുകൾ. എന്നാൽ പ്രവാസി സമൂഹത്തിൽ 100 സ്ത്രീകൾക്ക് 284 പുരുഷന്മാർ എന്ന തോതിലാണ് അനുപാതം. നിർമ്മാണം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന വിദേശി തൊഴിലാളികളുടെ ആധിക്യമാണ് ഇതിന് പ്രധാന കാരണം.
രാജ്യത്തെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 17.3 ആളുകൾ എന്ന നിലയിലേക്ക് ഉയർന്നു. ഒമാന്റെ പ്രധാന സാമ്പത്തിക-സേവന കേന്ദ്രമായ മസ്കത്ത് ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളത്. മസ്കത്തിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ 383.1 പേർ താമസിക്കുന്നു. വിലായത്തുകൾ പരിഗണിച്ചാൽ, സ്വദേശികൾ ഏറ്റവും കൂടുതൽ താമസിക്കുത് സീബിലാണ്; 2,84,300 പേർ. എന്നാൽ ബൗഷർ വിലായത്തിലാണ് ഏറ്റവും കൂടുതൽ പ്രവാസികളുള്ളത്. ബൗഷറിലെ ജനസംഖ്യയുടെ 78.1 ശതമാനവും വിദേശികളാണ്.
ആരോഗ്യരംഗത്തെ പുരോഗതിയുടെ അടയാളമായി ഒമാനികളുടെ ശരാശരി ആയുർദൈർഘ്യം 77.5 വയസ്സായി ഉയർന്നിട്ടുണ്ട്. ശിശു മരണനിരക്ക് കുറയുകയും (ആയിരത്തിന് 7.4) ആരോഗ്യ സൂചികകൾ മെച്ചപ്പെടുകയും ചെയ്തു. മരണനിരക്ക് 1000 പേർക്ക് 2.4 ആയി കുറഞ്ഞു. ഒമാന്റെ നഗരാസൂത്രണം, തൊഴിൽ വിപണി, പാർപ്പിട സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിന് ഈ പുതിയ ജനസംഖ്യാ കണക്കുകൾ നിർണായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.