അൽഅമീറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ മഹാരാജാസ്-ഏഷ്യൻ ലയൺസ് ലെജൻഡ് ക്രിക്കറ്റ് മത്സരത്തിൽനിന്ന്
മസ്കത്ത്: അൽ അമീറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ലെജൻഡറി ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യമത്സരത്തിൽ ഇന്ത്യൻ മഹാരാജാസ് ആറ് വിക്കറ്റിന് ഏഷ്യൻ ലയൺസിനെ പരാജയപ്പെടുത്തി. യൂസുഫ് പത്താൻ തട്ടുതകർപ്പൻ ബാറ്റിങ്ങിലൂടെ നേടിയ അർധ സെഞ്ച്വറിയും മികച്ച പിന്തുണയുമായി ക്യാപ്റ്റൻ കൈഫും മുന്നിൽനിന്ന് നയിച്ചതുമാണ് ഇന്ത്യൻ മഹാരാജാസിന് വിജയം എളുപ്പമായത്. പത്താൻ 40 പന്തിൽ 80 റൺസെടുത്ത് റണ്ണൗട്ടായി. അഞ്ച് സിക്സും ഒമ്പതും ഫോറും അടങ്ങിയതായിരുന്നു പത്താന്റെ ഇന്നിങ്സ്. കൈഫ് 37 പന്തിൽ പുറത്താകാതെ 42 റൺസെടുത്തു.
ടോസ് നേടിയ ഇന്ത്യൻ മഹാരാജാസ് ഏഷ്യൻ ലയൺസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഏഴ് വിക്കറ്റ് നഷ്ത്തിൽ 175 റൺസാണെടുത്തത്. എന്നാൽ ഇന്ത്യൻ മഹാരാജാസ് 19.1 ഓവറിൽ വിജയം കാണുകയായിരുന്നു. ഉപുൽ തരങ്കിന്റെയും (46ൽ പന്തിൽ 66 റൺസ്) ക്യാപ്റ്റൻ മിസ്ബുഉൽ ഹഖിന്റെയും (30 പന്തിൽ 44) പ്രകടനമാണ് ഏഷ്യൻ ലയൺസിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. കമ്രാൻ അക്മൽ 25 റൺസുമെടുത്തു. ഇന്ത്യൻ മഹാരാജാസിന് വേണ്ടി ധോണി മൂന്നും ഇർഫാൻ പത്താൻ രണ്ടും വിക്കറ്റെടുത്തു. സെവാഗിന്റെ അഭാവത്തിൽ മുഹമ്മദ് കൈഫായിരുന്നു ഇന്ത്യൻ മഹാരാജാസിനെ നയിച്ചിരുന്നത്. യുവരാജും കളിച്ചിരുന്നില്ല. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ വേൾഡ് ജയന്റ്സ് ഏഷ്യ ലയൺസുമായി ഏറ്റുമുട്ടും. അതേസമയം, തണുത്ത പ്രതികരണണായിരുന്നു കാണികളുടെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. വളരെ കുറഞ്ഞ ആളുകൾ മാത്രമാണ് ഇന്നലെ കളികാണാൻ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.