മസ്കത്ത്: ചരിത്രയാത്രയുമായി മസ്കത്ത് തീരത്തണഞ്ഞ ഐ.എൻ.എസ്.വി കൗണ്ടിന്യ പായ്ക്കപ്പൽ മടങ്ങി. ഞായറാഴ്ച രാവിലെ മത്രയിലെ സുൽത്താൻ ഖാബൂസ് പോർട്ടിലായിരുന്നു യാത്രയയപ്പ് ചടങ്ങ്. ഇന്ത്യയും ഒമാനും തമ്മിലെ സമുദ്ര വാണിജ്യ പാരമ്പര്യത്തിന്റെയും ദീർഘകാല നയതന്ത്ര സൗഹൃദത്തിന്റെയും പ്രതീകമായാണ് ഐ.എൻ.എസ്.വി കൗണ്ടിന്യയുടെ സാഹസിക യാത്രയെ അടയാളപ്പെടുത്തുന്നത്.
ഫ്ലാഗ് ഓഫ് ചടങ്ങിൽ റോയൽ നേവി ഓഫ് ഒമാനിലെ കോമഡോർ അബ്ദുല്ല അൽ ഹജ്രി, വിദേശകാര്യ മന്ത്രാലയത്തിലെ മനുഷ്യവിഭവശേഷി വിഭാഗം മേധാവി യൂസഫ് ബിൻ ഈസ അൽ സജ്ജാലി, ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ്, ഇന്ത്യൻ നേവൽ സെയിലിങ് അസോസിയേഷൻ ചെയർമാൻ കോമഡോർ അമിത് ശ്രീവാസ്തവ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. ഇന്ത്യൻ നാവികസേനയുടെയും റോയൽ നേവി ഓഫ് ഒമാന്റെയും മുതിർന്ന ഉദ്യോഗസ്ഥർ, നയതന്ത്ര പ്രതിനിധികൾ എന്നിവർക്കു പുറമെ, ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹവും ഐ.എൻ.എസ്.വി കൗണ്ടിന്യയെ യാത്രയയക്കാനെത്തി.
ഇന്ത്യയുടെ കടൽപാരമ്പര്യത്തിന്റെയും ഒമാനുമായുള്ള നൂറ്റാണ്ടുകളായുള്ള സമുദ്രബന്ധങ്ങളുടെയും ആഘോഷമാണ് ഐ.എൻ.എസ്.വി കൗണ്ടിന്യയെന്ന് ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ എംബസിയിലെ പ്രതിരോധ ഉപദേഷ്ടാവ് ക്യാപ്റ്റൻ ഹരീഷ് ശ്രീനിവാസൻ പറഞ്ഞു. പോർബന്തറിൽ നിന്ന് മസ്കത്തിലേക്ക് നടത്തിയ ആദ്യ യാത്ര വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യൻ നാവികസേനയെ അദ്ദേഹം അഭിനന്ദിച്ചു.
ഐ.എൻ.എസ്.വി കൗണ്ടിന്യ പുനർനിർമ്മിത കപ്പൽ മാത്രമല്ല, ഇന്ത്യയും ഒമാനും പങ്കിട്ട കടൽപാരമ്പര്യത്തിന്റെ ആഘോഷമാണെന്ന് കോമഡോർ അമിത് ശ്രീവാസ്തവ പറഞ്ഞു. പരമ്പരാഗത കടൽയാത്രാ അറിവുകൾ സംരക്ഷിക്കുകയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്ന ഇന്ത്യൻ നാവികസേനയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും ഒമാനും തമ്മിലുള്ള ചരിത്ര-സാംസ്കാരിക ബന്ധങ്ങളെ കുറിച്ച്, പ്രത്യേകിച്ച് കടൽമേഖലയിലെ ബന്ധങ്ങളെ കുറിച്ച്, ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള കപ്പൽ സഞ്ചാരം, വ്യാപാരം, സാംസ്കാരിക ഇടപെടൽ എന്നിവയുടെ പാരമ്പര്യമാണ് കൗണ്ടിന്യയുടെ യാത്ര പ്രതിഫലിപ്പിക്കുന്നതെന്നും ഇത് ഇരുരാജ്യങ്ങൾക്കിടയിലെ ദീർഘകാല സൗഹൃത്തെ സാക്ഷ്യപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഡിസംബർ 29-നാണ് ഗുജറാത്തിലെ പോർബന്തറിൽ നിന്ന് മസ്‌കത്തിലേക്ക് ഐ.എൻ.എസ്.വി കൗണ്ടിന്യ പായ്ക്കപ്പൽ യാത്ര ആരംഭിച്ചത്. കാറ്റുംകോളും നിറഞ്ഞ സമുദ്രത്തിലൂടെ രണ്ടാഴ്ചയിലേറെ നീണ്ട യാത്ര ജനുവരി 14ന് സുൽത്താൻ ഖാബൂസ് പോർട്ടിൽ ഫിനിഷ് ചെയ്യുകയായിരുന്നു. പോർബന്തറിൽ നിന്ന് 750 നോട്ടിക്കൽ മൈൽ (1400 കി.മീ) സമുദ്രപാത താണ്ടിയാണ് കൗണ്ടിന്യ സാഹസിക യാത്ര പൂർത്തിയാക്കിയത്. കമാൻഡർ വികാസ് ഷിയോറന്റെ നേതൃത്വത്തിൽ 15 നാവികരാണ് പായ്കപ്പലിലുണ്ടായിരുന്നത്.
ഇന്ത്യയുടെ സമ്പന്നമായ സമുദ്ര പൈതൃകം, കപ്പൽ നിർമ്മാണ വൈദഗ്ദ്യം എന്നിവ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുക, ഇന്ത്യ–ഒമാൻ നയതന്ത്രബന്ധങ്ങളുടെ 70-ആം വാർഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഒമാനും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ സാംസ്കാരിക, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്നിവകൂടി ഈ ദൗത്യത്തിന്റെ ലക്ഷ്യമായിരുന്നു. യന്ത്രസഹായമില്ലാതെ, കാറ്റിനെ മാത്രം ആശ്രയിച്ചുള്ള യാത്ര കടലിൽ പലവിധ സാഹചര്യങ്ങളെ മറികടന്നാണ് 17 ആം നാൾ ദൗത്യം പൂർത്തിയാക്കിയത്. ഐ.എൻ.എസ്.വി കൗണ്ടിന്യ നടത്തിയ ആദ്യ സമുദ്രയാത്രയാണിത്.
അജന്ത ഗുഹാചിത്രങ്ങളിലെ ചിത്രീകരണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പരമ്പരാഗത ‘സ്റ്റിച്ച്ഡ് പ്ലാങ്ക്’ കപ്പൽ നിർമ്മാണ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഐ.എൻ.എസ്.വി. കൗണ്ടിന്യ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരവും സുഹാർ, മസ്കത്ത്, സൂർ തുടങ്ങിയ ഒമാനി തുറമുഖങ്ങളും തമ്മിൽ ഇത്തരം കപ്പലുകൾ ഒരുകാലത്ത് സ്ഥിരമായി സഞ്ചരിച്ചിരുന്നുവെന്നും, വ്യാപാരവും സാംസ്കാരിക ഇടപെടലുകളും ശക്തിപ്പെടുത്തിയിരുന്നുവെന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ പിന്തുണയോടെ ഇന്ത്യൻ നാവികസേനയാണ് സാഹസിക പദ്ധതി നടപ്പാക്കിയത്. കേരളത്തിലെ ബേപ്പൂരിലായിരുന്നു പായ്ക്കപ്പലിന്റെ നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.