മസ്കത്ത്: വിദേശ മൂലധനനിക്ഷേപ നിയമത്തിലെ എക്സിക്യൂട്ടിവ് റെഗുലേഷനുകളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം മന്ത്രിതല പ്രമേയം (411/2025) പുറപ്പെടുവിച്ചു.
വിദേശ ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളും കമ്പനികളും വാണിജ്യപ്രവർത്തനങ്ങൾ ആരംഭിച്ച് ഒരുവർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. ഒമാനി ജീവനക്കാരൻ സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നും ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കിയ ഒമാനൈസേഷൻ ലക്ഷ്യങ്ങൾ കമ്പനി പാലിക്കണമെന്നും പ്രമേയം വ്യവസ്ഥ ചെയ്യുന്നു.
നിലവിലുള്ള കമ്പനികൾക്ക് പാലിക്കേണ്ട നിബന്ധനകളും വ്യക്തമാക്കിയിട്ടുണ്ട്. പ്രമേയം പ്രാബല്യത്തിൽ വരുമ്പോൾ ഒരു വർഷമോ അതിൽ കൂടുതലോ വാണിജ്യപരമായി പ്രവർത്തിക്കുന്ന ഏതൊരു വിദേശ നിക്ഷേപ കമ്പനിയും ആറ് മാസത്തിനുള്ളിൽ തങ്ങളുടെ നിലവിലെ സ്ഥിതി (സ്റ്റാറ്റസ്) ക്രമീകരിക്കണം. ഇത് താഴെപ്പറയുന്നവയിൽ ഏതാണ് ആദ്യം വരുന്നതെന്നതിനെ ആശ്രയിച്ചിരിക്കും: കമേഴ്സ്യൽ രജിസ്ട്രേഷൻ പുതുക്കൽ, വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്യൽ അല്ലെങ്കിൽ വർക്ക് പെർമിറ്റ് പുതുക്കൽ.
പ്രമേയം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിന്റെ പിറ്റേന്നുമുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.