കുവൈത്ത് സിറ്റി: കോഴിക്കോട്, കണ്ണൂർ യാത്രക്കാർ പ്രതീക്ഷയോടെ കാത്തിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് റീ ഷെഡ്യൂളിലും മലബാർ യാത്രക്കാർക്ക് നിരാശ. കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചും എക്സ്പ്രസ് സർവിസ് ആരംഭിച്ചെങ്കിലും ബംഗളൂരു വഴിയാണ് യാത്ര.
ഓരോ യാത്രയിലും 10 മണിക്കൂറോളം ബംഗളൂരു വിമാനത്താവളത്തിൽ കാത്തിരിക്കുകയും വേണം. കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചും ബംഗളൂരു വഴി ആഴ്ചയിൽ മൂന്നു സർവിസാണ് എയര്‍ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്. കുവൈത്തിൽനിന്നും ചൊവ്വ, ബുധന്‍, വെള്ളി കോഴിക്കോട്നിന്നും തിങ്കള്‍, ചൊവ്വ, വ്യാഴം എന്നിങ്ങനെ ദിവസങ്ങളിലായാണ് സര്‍വിസ്.
കോഴിക്കോട് നിന്നും രാവിലെ 10.40ന് പുറപ്പെടുന്ന വിമാനം 11.55ന് ബംഗളൂരുവിലെത്തും. ഇവിടെനിന്ന് രാത്രി 10.20നാണ് കുവൈത്ത് വിമാനം പുറപ്പെടുക. പിറ്റേന്ന് പുലര്‍ച്ചെ 12.50ന് കുവൈത്തില്‍ എത്തും. കുവൈത്തില്‍ നിന്ന് പുലര്‍ച്ചെ 1.50 ന് പുറപ്പെടുന്ന വിമാനം രാവിലെ 9.20ന് ബംഗളൂരുവിൽ എത്തും. ഇവിടെനിന്ന് കോഴിക്കോട് വിമാനം പുറപ്പെടുക രാത്രി ഏഴിന്. രാത്രി 8.10ന് വിമാനം കോഴിക്കോട് എത്തിച്ചേരും.
മലബാർ യാത്രക്കാർക്ക് ഈ സർവിസ് ഒരു ഗുണവും ചെയ്യില്ല. ഏറെ സമയനഷ്ടമുണ്ടാക്കുകയും ചെയ്യും. അബുദബി, ഷാർജ, ബഹ്റൈൻ, ഒമാൻ വഴി നിലവിൽ കോഴിക്കോട്ടേക്ക് കണക്ഷൻ വിമാനങ്ങളുണ്ട്. രണ്ടുമണിക്കൂറോളം കൂടുതൽ സമയം എടുത്താലും ഈ വിമാനങ്ങളിൽ എളുപ്പത്തിൽ നാട്ടിലെത്താം. പിന്നെ എന്തിനാണ് എയർഇന്ത്യ എക്സ്പ്രസ് എന്നാണ് പ്രവാസികളുടെ ചോദ്യം.
കഴിഞ്ഞ മാസമാണ് എയർഇന്ത്യ എക്സ്പ്രസ് കുവൈത്തിലേക്കും തിരിച്ചുമുള്ള കണ്ണൂർ, കോഴിക്കോട് സർവിസുകൾ നിർത്തലാക്കിയത്. ഈ വിമാനത്താവളങ്ങളിലേക്ക് കുവൈത്തിൽനിന്ന് നേരിട്ട് മറ്റു വിമാനങ്ങളും സർവിസ് നടത്താത്തതിനാൽ മലബാർ യാത്രക്കാർ കണക്ഷൻ വിമാനങ്ങളെ ആശ്രയിക്കേണ്ട നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.