റമദാൻ നോമ്പുകാരനെ ശുദ്ധീകരിക്കുക മാത്രമല്ല; ദിവ്യമായ ഗുണങ്ങൾ അവനിൽ വളർത്തുകയും ചെയ്യുന്നു. വിട്ടുവീഴ്ചയും കാരുണ്യവും പാപമുക്തിയും പ്രതീക്ഷിച്ചുകൊണ്ട് നോമ്പുകാരൻ സ്രഷ്ടാവിലേക്ക് കൈകളുയർത്തുന്നു. ഇത് അവനിൽ വിനയവും ദൈവബോധവും നിലനിർത്തുന്നു.
ഇവിടെ ഒരു പ്രധാന ചോദ്യമുണ്ട്. സ്രഷ്ടാവിൽനിന്ന് നമുക്ക് ലഭിക്കണമെന്ന് നാം ആഗ്രഹിക്കുന്ന ഗുണങ്ങൾ, നമ്മളിൽനിന്ന് സഹജീവികളിലേക്ക് പകരാറുണ്ടോ? സഹജീവികളോട് കരുണ ചെയ്യാത്തവരോട് സ്രഷ്ടാവായ അല്ലാഹു കരുണ കാണിക്കില്ല എന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. സൽഗുണങ്ങളുടെ സാമൂഹീകരണം ഖുർആൻ പഠിപ്പിച്ച വലിയ ഒരു കാര്യമാണ്. ക്ഷമ ചോദിക്കുന്നവൻ ക്ഷമിക്കാനും, സഹായം പ്രതീക്ഷിക്കുന്നവൻ സഹായിക്കാനും സ്വയം തയാറാവണം.
പ്രവാചക പത്നിയും അബൂബക്കറിന്റെ പുത്രിയുമായ ആയിശക്കെതിരെ ചിലർ അപവാദ പ്രചാരണം നടത്തി. അബൂബക്കർ സ്ഥിരമായി ദാനം നൽകിയിരുന്ന ഒരാൾ ആ കൂട്ടത്തിലുണ്ടായിരുന്നു. അയാൾക്കുള്ള സഹായം നിർത്തി വെച്ച അബൂബക്കറിനെ ഖുർആൻ തിരുത്തി. അല്ലാഹു നിങ്ങളോട് പൊറുക്കണമെങ്കിൽ നിങ്ങളും ജനങ്ങളോട് വിട്ടുവീഴ്ച ചെയ്യണമെന്ന് ഖുർആൻ കൽപിച്ചു. നന്മകളെ സമൂഹത്തിലേക്ക് പ്രസരിപ്പിക്കാത്ത കേവല ആരാധനകളെ ദൈവിക ദർശനം പ്രോത്സാഹിപ്പിക്കുന്നില്ല. റമദാൻ നമ്മെ ദൈവത്തോട് അടുപ്പിക്കുന്നതുപോലെ, മനുഷ്യരോടും അടുപ്പിക്കണം. നാം സ്രഷ്ടാവിൽനിന്ന് ആഗ്രഹിക്കുന്ന കാരുണ്യം, വിട്ടുവീഴ്ച, മാപ്പ് തുടങ്ങിയ സൽഗുണങ്ങൾ മറ്റുള്ളവരിലേക്ക് കൂടി പകരുമ്പോഴാണ് റമദാനിന്റെ ആത്മാവ് പൂർത്തിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.