ദുബൈയിൽ നടക്കുന്ന ‘ലോക സർക്കാർ ഉച്ചകോടി’യിൽ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അസ്സബാഹ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര കമ്പനികളെ കുവൈത്തിലേക്ക് നിക്ഷേപത്തിന് ക്ഷണിച്ച് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അസ്സബാഹ്. നിക്ഷേപകർക്ക് അനുകൂലമായ അന്തരക്ഷമാണ് രാജ്യത്തുള്ളതെന്നും സർക്കാറിന്റെ എല്ലാ പിന്തുണയും അവർക്കുണ്ടാകുമെന്നും ദുബൈയിൽ നടക്കുന്ന ‘ലോക സർക്കാർ ഉച്ചകോടി’യിൽ അദ്ദേഹം പറഞ്ഞു.
ദുബൈയിൽ എല്ലാ വർഷവും നടക്കാറുള്ള ഉച്ചകോടി വിവിധ രാജ്യങ്ങളിലെ സർക്കാർ പ്രതിനിധികൾക്കും നിക്ഷേപകർക്കും സാങ്കേതിക വിദഗ്ധർക്കും ഒത്തുകൂടാനും സാധ്യതകൾ ചർച്ച ചെയ്യാനും പദ്ധതികൾ രൂപപ്പെടുത്താനുമുള്ള വേദിയാണ്. കുവൈത്തിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിയെ കൂടാതെ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല അൽ യഹ്യയും സാമ്പത്തിക കാര്യ മന്ത്രി നൂറ അൽ ഫസ്സാമും സിവിൽ സർവിസ് ബ്യൂറോ മേധാവി ഡോ. ഇസ്സാം അൽ റബ്യാനും പങ്കെടുക്കുന്നു.
ലോകത്തിലെ വിവിധ വൻകിട കമ്പനി പ്രതിനിധികളുമായി കുവൈത്ത് മന്ത്രിതല സംഘം കൂടിക്കാഴ്ച നടത്തി. ദുബൈ ഭരണാധികാരി ഉൾപ്പെടെ പ്രമുഖരുമായും പ്രധാനമന്ത്രി ചർച്ച നടത്തി. രാജ്യത്തെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനും നിക്ഷേപം ആകർഷിക്കാനുമായി തീവ്ര ശ്രമത്തിലാണ് കുവൈത്ത് ഭരണകൂടം.
ഇതിനായി സമീപ വർഷങ്ങളിൽ നിരവധി നിയമപരിഷ്കാരങ്ങൾ നടത്തി വ്യവസ്ഥകൾ ഉദാരമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.