കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനം എന്നിവയുൾപ്പെടെയുള്ള സിവിലിയൻ സ്ഥലങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണങ്ങളെ അപലപിച്ച് കുവൈത്ത് മന്ത്രിസഭ.
ആക്രമണങ്ങൾ കാര്യമായ ഭൗതിക നാശനഷ്ടങ്ങൾക്ക് കാരണമായതായി പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ഐക്യരാഷ്ട്രസഭ ചാർട്ടർ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധത്തിനുള്ള കുവൈത്തിന്റെ അവകാശവും വ്യക്തമാക്കി. ജി.സി.സി അംഗരാജ്യങ്ങൾക്കെതിരായ ഏതൊരു ആക്രമണവും എല്ലാവർക്കും ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി. ഇറാന്റെ ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോടും, യു.എൻ രക്ഷാകൗൺസിലിനോടും യോഗം ആവശ്യപ്പെട്ടു. തുർക്കിയയെയും അസർബൈജാനെയും ലക്ഷ്യംവെക്കാനുള്ള ഇറാൻ ശ്രമങ്ങളെ മന്ത്രിസഭ അപലപിച്ചു. പരമാധികാരവും സ്ഥിരതയും സംരക്ഷിക്കുന്നതിൽ ഇരു രാജ്യങ്ങൾക്കും കുവൈത്തിന്റെ പൂർണ ഐക്യദാർഢ്യവും അറിയിച്ചു.
രാജ്യത്തും മേഖലയിലും നടന്നുകൊണ്ടിരിക്കുന്ന സൈനിക, സുരക്ഷ സംഭവവികാസങ്ങൾക്കിടയിൽ പരമാവധി സന്നദ്ധത ഉറപ്പാക്കുന്നതിനും പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിനും അവശ്യ സേവനങ്ങളുടെ തുടർച്ച നിലനിർത്തുന്നതിനും സ്വീകരിച്ച നടപടികളും യോഗം അവലോകനം ചെയ്തു.
രാജ്യത്തെ പ്രതിരോധിക്കുന്നതിനിടയിൽ കൊല്ലപ്പെട്ട സുരക്ഷ ഉദ്യോഗസ്ഥരുടെ രക്തസാക്ഷിത്വത്തിൽ മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. ഇറാൻ ആക്രമണങ്ങളെ അപലപിച്ചും കുവൈത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാനുള്ള അവകാശത്തിന് പിന്തുണ സ്ഥിരീകരിച്ചും വിവിധ രാജാക്കന്മാർ, പ്രസിഡന്റുമാർ, പ്രധാനമന്ത്രിമാർ എന്നിവരിൽനിന്ന് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവർക്ക് ലഭിച്ച പിന്തുണ മന്ത്രിസഭ വിലയിരുത്തി.
കിരീടാവകാശി, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിനൊപ്പം ജനറൽ ഫയർ ഫോഴ്സ്, പ്രതിരോധ മന്ത്രാലയം, നാഷനൽ ഗാർഡ്, എമർജൻസി ഷെൽട്ടറുകൾ, പൊതു സേവനങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധന സന്ദർശനങ്ങളും മന്ത്രിസഭ അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.