കുവൈത്ത് സിറ്റി: പ്രമുഖ ചരിത്രകാരൻ ഡോ.കെ.എൻ. പണിക്കരുടെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് അനുശോചനം രേഖപ്പെടുത്തി. ചരിത്രത്തെ വസ്തുനിഷ്ഠമായി സമീപിക്കുകയും ഇന്ത്യൻ മതനിരപേക്ഷതയുടെ വിട്ടുവീഴ്ചയില്ലാത്ത കാവലാളായി നിലകൊള്ളുകയും ചെയ്ത ധൈഷണികനായിരുന്നു ഡോ.കെ.എൻ. പണിക്കർ.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടന്നുവരവിനെയും പ്രത്യയശാസ്ത്രപരമായ കടന്നുകയറ്റങ്ങളെയും തന്റെ അറിവും ചരിത്രബോധവും ഉപയോഗിച്ച് അദ്ദേഹം ധീരമായി പ്രതിരോധിച്ചു. ഇതിന്റെ പേരിൽ നേരിടേണ്ടി വന്ന ഭീഷണികൾക്കോ ആക്രമണങ്ങൾക്കോ മുന്നിൽ ഒരിക്കലും പതറിയില്ല. ജെ.എൻ.യു ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദീർഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ച ഡോ.കെ.എൻ. പണിക്കർ, ചരിത്രകാരൻ എന്നതിലുപരി മികച്ച ഒരു സാംസ്കാരിക പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു എന്നും കല കുവൈത്ത് ചൂണ്ടിക്കാട്ടി.
കേരള ചരിത്ര ഗവേഷണ കൗൺസിൽ അദ്ദേഹത്തിന്റെ 90ാം ജന്മദിനം ആഘോഷിക്കാനിരിക്കെ ഉണ്ടായ ഈ വേർപാട് സാംസ്കാരിക കേരളത്തിന് വലിയൊരു നഷ്ടമാണ്. ഇന്ത്യയുടെ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ അദ്ദേഹം നൽകിയ സംഭാവനകൾ വരുംതലമുറകൾക്ക് വഴികാട്ടിയാകുമെന്നും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടക്കൽ, ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.