കുവൈത്ത് സിറ്റി: രാജ്യത്തെ സ്വദേശികളും വിദേശികളും തമ്മിലുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം വിവിധ നടപടികൾ ത്വരിതപ്പെടുത്തുന്നതായി സൂചന. വിഷയം ചർച്ച ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹിന്റെ നേതൃത്വത്തിൽ ഈ മാസം പ്രത്യേക യോഗം ചേരുമെന്ന് കുവൈത്ത് ടൈംസ് റിപ്പോർട്ടു ചെയ്തു. ആഭ്യന്തര മന്ത്രാലയം, പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പി.എ.എം), ഇഖാമ കാര്യ വകുപ്പ്, സിവിൽ സർവിസ് കമീഷൻ (സി.എസ്.സി) എന്നിവയും യോഗത്തിൽ പങ്കെടുക്കും.
ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് എന്തെല്ലാം മാർഗങ്ങൾ സ്വീകരിക്കാനാകും എന്നതിനൊപ്പം പ്രത്യേക രൂപരേഖ തയാറാക്കാനും യോഗം ശ്രമിക്കും. അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറക്കുന്നതിനുള്ള തീരുമാനം നടപ്പാക്കാൻ ലക്ഷ്യമിടുന്ന നടപടിക്രമങ്ങളുടെ ലിസ്റ്റ് ഇതിൽ പ്രധാനമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിക്ഷേപം നടത്താത്ത വിദേശികളുടെ പരമാവധി താമസ കാലാവധി അഞ്ചു വർഷമായി പരിമിതപ്പെടുത്തുന്നതു സംബന്ധിച്ചും ചർച്ചയിൽ വന്നേക്കുമെന്ന് സൂചനയുണ്ട്. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ രൂപവത്കരിച്ച ചട്ടങ്ങൾക്ക് അനുസൃതമായി വർക്ക് പെർമിറ്റുകൾ കുറക്കുന്നതും പരിഗണിക്കും.
രാജ്യത്ത് നിരവധി പേർ പെർമിറ്റുകൾ പുതുക്കിയിട്ടില്ലെന്ന് മാൻപവർ അതോറിറ്റി നേരത്തേ കണ്ടെത്തിയിരുന്നു. എന്നാൽ, വർക്ക് പെർമിറ്റുകളുടെ കാര്യത്തിൽ മന്ത്രിസഭയായിരിക്കും അന്തിമ തീരുമാനമെടുക്കുക. ജനസംഖ്യ വർധനക്ക് പ്രധാന കാരണം അവിദഗ്ധ തൊഴിലാളികളാണെന്ന വിലയിരുത്തലിനെ തുടർന്ന് ഇവരുടെ എണ്ണം കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ വിദേശികളില്‍ നല്ലൊരു പങ്കും അവിദഗ്ധ തൊഴിലാളികളാണ്. ഇത്തരക്കാരുടെ പെര്‍മിറ്റ് പുതുക്കിനൽകുന്നതിൽ നിയന്ത്രണം വരുത്തൽ, തൊഴിലാളികളെ കൊണ്ടുവരുന്നതിന് തൊഴിലുടമകള്‍ക്ക് നിശ്ചിത ഫീസ് ചുമത്തൽ എന്നിവ സര്‍ക്കാര്‍ പരിഗണിക്കുന്നതായി സൂചനകളുണ്ട്. വിസ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോകാത്ത നിരവധി വിദേശികളും രാജ്യത്തുണ്ട്. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്തി തിരിച്ചയക്കുന്ന നടപടികളും നടന്നുവരുകയാണ്. അതോടൊപ്പം സർക്കാർ പദ്ധതികളിൽ കാലാവധി കഴിഞ്ഞ കരാർ തൊഴിലാളികളെയും മടക്കി അയക്കും. രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റ് അംഗങ്ങള്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.