സുരക്ഷാഉദ്യോഗസ്ഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: രാജ്യത്തുടനീളം ശക്തമായ സുരക്ഷപരിശോധന. സുരക്ഷയും ക്രമസമാധാനപാലനം ഉറപ്പാക്കൽ, നിയമലംഘകരെ പിടികൂടൽ എന്നിവ ലക്ഷ്യമിട്ട് എല്ലാ ഗവർണറേറ്റിലും പരിശോധനകൾ നടന്നു. സെക്യൂരിറ്റേറ്റ്സ് അഫയേഴ്സ് സെക്ടർ മേധാവി മേജർ ജനറൽ ഹമദ് അൽ മാനിഫിയുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. താമസ,തൊഴിൽ നിയമലംഘകർ, ഗതാഗത വീഴ്ചകൾ, തൊഴിൽ കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പെടെ 638 കേസുകളിൽ നടപടി സ്വീകരിച്ചു.
പരിശോധനയിൽ വിവിധ കേസുകളിൽ പിടികിട്ടാനുള്ളവർ, കടക്കാർ, ഒളിച്ചോടിയവർ എന്നിവങ്ങനെയുള്ള 46 പേർ പിടിയിലായി. 26 താമസ നിയമ ലംഘകർ, തിരിച്ചറിയൽ രേഖയില്ലാത്ത 19 വ്യക്തികൾ, മയക്കുമരുന്നുമായി ബന്ധപ്പെട്ട 16 പേർ എന്നിവരെയും അറസ്റ്റു ചെയ്തു. ഒമ്പതു തൊഴിൽ കേസുകൾ, ലഹരി വസ്തുക്കളും മദ്യവും ഉൾപ്പെടുന്ന 13 കേസുകൾ എന്നിവയും കൈകാര്യം ചെയ്തു. ജുഡീഷ്യൽ കണ്ടുകെട്ടലിന് വിധേയമായ എട്ടു വാഹനങ്ങൾ പിടിച്ചെടുത്തു.
കാലഹരണപ്പെട്ട റെസിഡൻസി കേസുകളിൽ 17 പേർക്കെതിരെ നടപടി സ്വീകരിച്ചു. ലഹരി കഴിച്ച രണ്ടു വ്യക്തികൾ, സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയിൽപെട്ട രണ്ടു പേർ, മാനസിക പരിചരണത്തിന് പ്രവേശിപ്പിക്കപ്പെട്ട ഒരു വ്യക്തി, ചൂതാട്ടത്തിൽ ഏർപ്പെട്ട രണ്ടു കേസുകൾ, ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത ഒരു പ്രായപൂർത്തിയാകാത്തയാൾ, ഒരു തെരുവ് കച്ചവടക്കാരൻ എന്നിവർക്കെതിരെയും നടപടി സ്വീകരിച്ചു. 481 ഗതാഗത നിയമലംഘനങ്ങളും പരിശോനയിൽ കണ്ടെത്തി.
രാജ്യത്തുടനീളം ശക്തമായ സുരക്ഷാ പരിശോധനകൾ തുടരുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.