കുവൈത്ത് സിറ്റി: പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് കെ.എം.സി.സി മുഖ്യമന്ത്രി വി.ഡി സതീശൻ, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ, ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി, ഫിഷറീസ് ആൻഡ് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ എന്നിവർക്ക് നിവേദനം സമർപ്പിച്ചു.
പ്രവാസികളുടെ വിദ്യാഭ്യാസം, ആരോഗ്യം, യാത്രാ ദുരിതങ്ങൾ, ഔദ്യോഗിക രേഖകൾ ലഭിക്കുന്നതിലെ സങ്കീർണ്ണതകൾ തുടങ്ങിയ വിഷയങ്ങളിൽ അടിയന്തര പരിഹാരം വേണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. വിദേശത്ത് പഠനം പൂർത്തിയാക്കി നാട്ടിലെത്തുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിൽ മുൻഗണന നൽകണമെന്ന് സംഘം ആവശ്യപ്പെട്ടു.
വിദേശത്ത് ജനിച്ച കുട്ടികൾക്ക് നാട്ടിലെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ നടപടിക്രമങ്ങൾ ലഘൂകരിക്കണം, നോർക്ക ഇൻഷുറൻസ് പദ്ധതി പരിഷ്കരിച്ച് ഇൻഷുറൻസ് തുക കാലാനുസൃതമായി വർധിപ്പിക്കണം, രോഗാവസഥയിലുള്ള പ്രവാസികളെ നാട്ടിലെത്തിക്കാൻ നോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക യാത്രാ സഹായ സംവിധാനം ഏർപ്പെടുത്തണം.
കുവൈത്തിലേക്കുള്ള യാത്ര പ്രയാസങ്ങൾ, വിമാനത്താവളത്തിലെ സാങ്കേതിക തടസ്സങ്ങൾ, വിമാനങ്ങൾ റദ്ദാക്കപ്പെടുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾ എന്നിവ പരിഹരിക്കാൻ ഇന്ത്യൻ എംബസി മുഖേന അടിയന്തര ഇടപെടൽ നടത്തണം. മെഡിക്കൽ പരിശോധനയുടെ പേരിൽ ചില ഏജൻസികൾ നടത്തുന്ന തട്ടിപ്പും അനാവശ്യ പരിശോധനകളും നിയന്ത്രിക്കുന്നതിന് സർക്കാർ മുൻകൈ എടുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി മുസ്തഫ കാരി, വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി, സെക്രട്ടറി ഷാഹുൽ ബേപ്പൂർ എന്നിവരടങ്ങുന്ന സംഘമാണ് നിവേദനം സമർപ്പിച്ചത്. പ്രവാസികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് സർക്കാർ തലത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിമാർ ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.