ഗസ്സ സമാധാന പദ്ധതി: ഇസ്രായേൽ എതിർപ്പിനെ തള്ളി കുവൈത്ത്

കുവൈത്ത് സിറ്റി: ഗസ്സയിലെ സംഘർഷം അവസാനിപ്പിക്കൽ ലക്ഷ്യമിട്ടുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന പദ്ധതിയെ എതിർക്കുകയും ഫലസ്തീൻ രാഷ്ട്രത്തെ തള്ളിക്കളയുകയും ചെയ്ത ഇസ്രായേൽ നടപടിയെ അപലപിച്ചു കുവൈത്ത്. ഗസ്സയിൽ സമഗ്രമായ പദ്ധതി നടപ്പിലാക്കുന്നതിനെതിരായ വ്യക്തമായ എതിർപ്പാണ് ഇസ്രായേൽ നിലപാടുകളെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

മേഖലയിൽ നീതിപൂർവകവും ശാശ്വതവുമായ സമാധാനം കൈവരിക്കാൻ ലക്ഷ്യമിട്ട് ഖത്തർ, ഈജിപ്ത്, തുർക്കിയ, യു.എസ്, 'ബോർഡ് ഓഫ് പീസ്’, മറ്റ് കക്ഷികൾ എന്നിവർ നടത്തുന്ന പരിശ്രമങ്ങളെ ഇസ്രായേൽ നിലപാട് ദുർബലപ്പെടുത്തും. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണം. സമാധാന പദ്ധതിയിൽ നിഷ്‌കർഷിച്ചിട്ടുള്ള ബാധ്യതകളും വ്യവസ്ഥകളും പൂർണ്ണമായി പാലിക്കാൻ ഇസ്രായേലിനെ നിർബന്ധിതരാക്കണമെന്നും, അവ നടപ്പിലാക്കുന്നതിനെതിരായ തടസ്സങ്ങൾ നീക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.

ഗസ്സയിലെ ഗുരുതരമായ മാനുഷിക സാഹചര്യം പരിഹരിക്കുക, സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുക, പുനർനിർമ്മാണത്തിനും വീണ്ടെടുപ്പിനുമുള്ള വഴിയൊരുക്കുക, കിഴക്കൻ ജറുസലം തലസ്ഥാനമായുള്ള സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്നിവ ലക്ഷ്യമിട്ടുള്ള പദ്ധതി പൂർണ്ണമായും അടിയന്തരമായും നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.

ഗസ്സയിൽ ഹമാസിന്റെയും മറ്റ് സായുധ ഗ്രൂപ്പുകളുടെയും സമ്പൂർണ നിരായുധീകരണം, ഇസ്രായേൽ സേനയുടെ പിൻമാറ്റം, ബോർഡ് ഓഫ് പീസുമായി ചേർന്ന് പ്രവർത്തിക്കുന്ന പുതിയ ഫലസ്തീൻ ഭരണകൂടം തുടങ്ങിയവ ഉൾകൊള്ളുന്നതാണ് സമാധാന പദ്ധതി. ഹമാസ് പദ്ധതിക്ക് അനുകൂലമാണെങ്കിലും പദ്ധതിയെ നിരസിക്കുന്ന നിലപാടാണ് ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ളത്.

ഇസ്രായേൽ നടപടിയെ ഈജിപ്ത്, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, തുർക്കിയ, പാകിസ്താൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും കഴിഞ്ഞ ദിവസം ശക്തമായി അപലപിച്ചിരുന്നു. സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്ന ഇസ്രായേലിനെക്കൊണ്ട് കരാർ അംഗീകരിപ്പിക്കാൻ അമേരിക്ക സജീവമായി ഇടപെടണമെന്നും ഈ രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Kuwait condemns US President Donald Trump's move to oppose peace plan aimed at ending the conflict in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.