കുവൈത്ത് സിറ്റി: മസ്തിഷ്കാഘാതം സംഭവിച്ച് ദീർഘനാൾ കുവൈത്തിലെ ആശുപത്രിയിൽ കഴിഞ്ഞ മലപ്പുറം കോട്ടക്കല്‍ സ്വദേശി രാജു ഒടുവിൽ നാട്ടിലെത്തി. കുവൈത്തിലെ മലയാളി സമൂഹവും കെ.എം.സി.സിയും നടത്തിയ ഇടപെടലും സഹായവുമാണ് രാജുവിന് നാടണയാൻ ഇടയാക്കിയത്.
ഞായറാഴ്ച കുവൈത്തിൽ നിന്ന് ചെന്നൈയിലേക്ക് കൊണ്ടുപോയ രാജുവിന് പ്രത്യേക ചികിൽസ ലഭ്യമാക്കും. തുടർന്ന് നാട്ടിലേക്ക് എത്തിച്ചു ചികിൽസ തുടരും. കുവൈത്ത് എയർവേസ് വിമാനത്തിൽ പ്രത്യേക സൗകര്യങ്ങളോടെയാണ് രാജുവിനെ നാട്ടിൽ എത്തിച്ചത്. അബ്ബാസിയയിൽ സ്വർണക്കടയിൽ ജോലി ചെയ്തിരുന്ന 48 കാരനായ രാജുവിന്റെ ജീവിതം നാലു മാസം മുമ്പാണ് തകിടം മറിഞ്ഞത്. ഉയർന്ന രക്തസമ്മർദത്തെ തുടർന്ന് ചികിത്സ തേടിയ രാജുവിന് മസ്തിഷ്ക ആഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ടു. നാലു മാസമായി ഫർവാനിയ ആശുപത്രിയിൽ കഴിഞ്ഞ രാജുവിനെ പ്രത്യേക മെഡിക്കൽ സംവിധാനത്തോടെ നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള അനുമതി ആശുപത്രി നൽകിയിരുന്നു.
എന്നാൽ ഇതിന് 3500 കുവൈത്ത് ദീനാറോളം ചെലവ് വേണ്ടിവന്നിരുന്നു. രാജുവിന്റെ അയൽവാസി രായിൻ കുട്ടി ഹാജി ഇതിനായി രംഗത്തിറങ്ങി. പൊന്നാനി എം.പി അബ്ദുസ്സമദ് സമദാനിയും കുവൈത്ത് കെ.എം.സി.സിയും മറ്റ് സാമൂഹ്യ പ്രവർത്തകരും, നഴ്സുമാരും, ജോലി ചെയ്ത സഥാപനവും വിഷയത്തിൽ ഇടപെട്ടു. തുടർന്ന് രാജുവിനെ നാട്ടിലെത്തുകയായിരുന്നു. കോഴിക്കോട് സ്വദേശിയും ഫർവാനിയ ആശുപത്രിയിലെ നഴ്സുമായ ഫർഷാദും രാജുവിന് ആവശ്യമായ മെഡിക്കൽ പരിചരണങ്ങൾ നൽകി യാത്രയിൽ അനുഗമിച്ചു.
രാജുവിന്റെ തുടർ ചികിൽസക്കും മറ്റും നാട്ടിൽ കമ്മിറ്റി രൂപവത്ക്കരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെയും പ്രവാസലോകത്തിന്റെയും സഹായത്തോടെ തുടർ ചികിൽസ നടത്താമെന്ന പ്രതീക്ഷയിലാണ് സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ലാതെ വാടകവീട്ടിൽ കഴിയുന്ന രാജുവിന്റെ ഭാര്യയും, രണ്ട് മക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.