കെ.കെ.ഐ.സി കൗൺസിൽ യോഗത്തിൽ സക്കീർ
കൊയിലാണ്ടി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരണത്തെയും സാംസ്കാരിക അധിനിവേശത്തെയും ചെറുക്കുന്ന നിലപാടാകണം പി.എം. ശ്രീയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കേണ്ടത് എന്ന് കുവൈത്ത് കേരള ഇസ്‌ലാഹി സെന്റർ (കെ.കെ.ഐ.സി) കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
നാഷണൽ എഡ്യൂക്കേഷൻ പോളിസി നടപ്പിലാക്കി ചരിത്രത്തെ വളച്ചൊടിച്ച് കാവി വൽക്കരിക്കുക എന്നതാണ് പി.എം.ശ്രീ പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. അതിന് കുടപിടിക്കുന്ന നിലപാട് ഉണ്ടായിക്കൂടാ. പുതിയ തലമുറയിലേക്ക് വിഭജനത്തിന്റെ രാഷ്ട്രീയം നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തെ രാഷ്ട്രീയ നിലപാടിലൂടെ ചെറുത്തു തോൽപ്പിക്കണം. വിദ്യാഭ്യാസം സംസ്ഥാനങ്ങൾക്ക് കൂടി അധികാരമുള്ള കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെട്ട ഫണ്ടുകൾ തടഞ്ഞു വെക്കുന്ന കേന്ദ്ര സമീപനത്തെ നിയമപരമായി നേരിടാൻ സർക്കാർ ഇച്ഛാശക്തി കാണിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രവാസികൾ നേരിട്ടുകൊണ്ടിരിക്കുന്ന വിമാന യാത്രാ പ്രതിസന്ധിയും അമിത ടിക്കറ്റ് നിരക്കുമൂലമുള്ള സാമ്പത്തിക ചൂഷണവും പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെടണമെന്നും അവധിക്കാലത്തെ യാത്രാദുരിതം പരിഹരിക്കാനും വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാനും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
അബ്ബാസിയയിൽ നടന്ന യോഗത്തിൽ ‘വിശ്വാസം വിശുദ്ധിക്ക് വിമോചനത്തിന്’ എന്ന പ്രമേയത്തിൽ നടക്കുന്ന ദൈമാസ വെക്കേഷൻ കാമ്പയിന് രൂപം നൽകി. ഇസ്‌ലാഹി സെന്റർ ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം കാപ്പാട് അധ്യക്ഷത വഹിച്ചു. ആക്ടിംഗ് ജനറൽ സെക്രട്ടറി ഹാഫിദ് സാലിഹ് സുബൈർ സ്വാഗതവും സോഷ്യൽ വെൽഫയർ സെക്രട്ടറി ഹാറൂൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.