കുവൈത്ത് സിറ്റി: കുവൈത്തിൽനിന്നു കേരളത്തിലേക്കുള്ള വിമാനം വൈകൽ തുടരുന്നു. തിങ്കളാഴ്ച രാവിലെ 11.50ന് കോഴിക്കോട്ടേക്കുള്ള വിമാനം ഒന്നരമണിക്കൂറിലേറെ വൈകി. ഉച്ചകഴിഞ്ഞ് 1.30നാണ് കുവൈത്തിൽനിന്ന് വിമാനം പുറപ്പെട്ടത്.
വിമാനം വൈകുന്ന കാര്യം നേരത്തേ അറിയിക്കാത്തത് യാത്രക്കാർക്ക് പ്രയാസം തീർത്തു. യാത്രക്കായി വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് വിമാനം വൈകുന്ന അറിയിപ്പ് യാത്രക്കാർക്ക് ലഭിച്ചത്. ഇത് വിമാനത്താവളത്തിൽ ദീർഘനേരം കാത്തിരിക്കേണ്ട അവസ്ഥ സൃഷ്ടിച്ചു.
വിമാനം കോഴിക്കോടുനിന്ന് പുറപ്പെടാൻ വൈകിയതാണ് കുവൈത്തിലെ യാത്രക്കാരെ ബാധിച്ചത്. രാവിലെ ഇന്ത്യൻ സമയം 8.10ന് കോഴിക്കോട്ടുനിന്ന് പുറപ്പെടേണ്ട വിമാനം 10.30ഓടെയാണ് പുറപ്പെട്ടതെന്ന് യാത്രക്കാരൻ അറിയിച്ചു. ഇതോടെ കുവൈത്ത് സമയം 10.40ന് എത്തേണ്ട വിമാനം 12.42നാണ് എത്തിയത്. വിമാനം വൈകുന്ന കാര്യം നേരത്തേ അറിയിച്ചില്ലെന്നും യാത്രക്കാരൻ പറഞ്ഞു. കുവൈത്തിൽ വൈകി എത്തിയതോടെ, തിങ്കളാഴ്ച ജോലിക്ക് കയറാമെന്ന പലരുടെയും പ്രതീക്ഷയും തെറ്റി.
ഡിസംബർ 26ന് കുവൈത്ത്-കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത് 24 മണിക്കൂറിന് മുകളിൽ യാത്രക്കാരെ വിമാനത്താവളത്തിൽ കുടുക്കിയിരുന്നു. പിറ്റേദിവസം ഉച്ചക്ക് 12.30ന് പുറപ്പെട്ട കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസിലാണ് തുടർന്ന് കണ്ണൂർ യാത്രക്കാരെ നാട്ടിലെത്തിച്ചത്.
കോഴിക്കോട് വിമാനം മംഗലാപുരം, കണ്ണൂർ എന്നിവിടങ്ങളിലൂടെ വഴി തിരിച്ചുവിടുകയായിരുന്നു.
കോഴിക്കോട് വിമാനത്തിൽ കണ്ണൂർ യാത്രക്കാരെ ഉൾക്കൊള്ളിച്ചതോടെ ഇതേ വിമാനത്തിൽ കോഴിക്കോട്ടേക്ക് ടിക്കറ്റെടുത്തവർ പുറത്താകുകയും ഉണ്ടായി. ഇവരെ രാത്രി ദുബൈ-കോഴിക്കോട് എയർ ഇന്ത്യ വിമാനം കുവൈത്തിലെത്തിച്ച് അതിൽ കയറ്റിവിടുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയും കണ്ണൂരിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് സർവിസ് താളംതെറ്റി. ചൊവ്വാഴ്ച രാവിലെ 9.55ന് കുവൈത്തിൽനിന്ന് പുറപ്പെടേണ്ട വിമാനം പോയത് അഞ്ചു മണിക്കൂറോളം വൈകി ഉച്ചകഴിഞ്ഞ് മൂന്നിനുശേഷമാണ്.
കോഴിക്കോട് വിമാനം മംഗലാപുരം വഴി തിരിച്ചുവിടുന്നതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വിമാനങ്ങൾ തുടർച്ചയായി വൈകുന്നതിലും റദ്ദാക്കുന്നതിലും യാത്രക്കാർ പ്രതിഷേധം അറിയിച്ചു.
മലയാളി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.