പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം
കുവൈത്ത് സിറ്റി: ഗസ്സ വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിനായി ഇടപെട്ട വിവിധ രാജ്യങ്ങളെകുവൈത്ത് മന്ത്രിസഭ പ്രശംസിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഒമാൻ സന്ദർശനം, യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ കുവൈത്ത് സന്ദർശനം, തിങ്കളാഴ്ച ഈജിപ്തിലെ ശറമുശ്ശൈഖിൽ നടന്ന അന്താരാഷ്ട്ര ഗസ്സ സമാധാന ഉച്ചകോടി എന്നിവയുടെ ഫലങ്ങൾ വിലയിരുത്തി.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് വാഷിങ്ടണിലേക്കും ലിയോണിലേക്കുമുള്ള തന്റെ ഔദ്യോഗിക സന്ദർശനങ്ങളെക്കുറിച്ച് മന്ത്രിസഭയിൽ വിശദീകരിച്ചു. ഉഭയകക്ഷി സഹകരണം ചർച്ച ചെയ്യുന്നതിനായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയിം, കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ കമീഷണർ റോഡ്നി സ്കോട്ട് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകൾ അദ്ദേഹം സൂചിപ്പിച്ചു.
സംഘടിത കുറ്റകൃത്യങ്ങളും അന്താരാഷ്ട്ര കള്ളക്കടത്തും ചെറുക്കുന്നതിനെക്കുറിച്ചുള്ള ഇന്റർപോൾ പ്രസിഡന്റ് മേജർ ജനറൽ ഡോ. അഹ്മദ് അൽ റൈസിയുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും വ്യക്തമാക്കി. കുവൈത്തിന്റെ സമുദ്രമേഖലയിൽ പുതിയ പര്യവേക്ഷണ നേട്ടമായ ജാസ മറൈൻ പ്രകൃതിവാതക പാടത്തിന്റെ കണ്ടെത്തലിനെ കുറിച്ച് എണ്ണ മന്ത്രിയും കുവൈത്ത് പെട്രോളിയം കോർപറേഷൻ ചെയർമാനുമായ താരിഖ് അൽ റൂമി മന്ത്രിസഭയിൽ വ്യക്തമാക്കി.
രാജ്യത്തെ സാങ്കേതിക വൈദഗ്ധ്യവും പ്രഷനൽ മികവും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഈ നേട്ടത്തെ പ്രശംസിച്ചു. കാണാതായവരെ സംരക്ഷിക്കുന്നതിനുള്ള കരട് നിയമവും അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനുള്ള മറ്റൊരു കരട് നിയമവും മന്ത്രിസഭ അംഗീകരിച്ചു. രണ്ടും അംഗീകാരത്തിനായി അമീറിന് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.