കുവൈത്ത് സിറ്റി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗസ്സ സമാധാന ബോർഡിൽ കുവൈത്ത് അംഗമാകും. കുവൈത്ത് പിന്തുടരുന്ന നിയമപരമായ നടപടിക്രമങ്ങൾക്കനുസൃതമായി രേഖകളിൽ ഒപ്പുവെക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സമാധാന ബോർഡിൽ ചേരാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ ക്ഷണിച്ചിരുന്നു. ട്രംപിന്റെ ക്ഷണത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ട്രംപിന്റെ നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങളെ വിദേശകാര്യമന്ത്രാലയം ശ്ലാഘിച്ചു. ഗസ്സയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതി പ്രകാരം പരിവർത്തന അതോറിറ്റി എന്ന നിലയിൽ സമാധാന ബോർഡിന് കുവൈത്തിന്റെ പിന്തുണയും വ്യക്തമാക്കി.
ഗസ്സയിൽ സ്ഥിരമായ വെടിനിർത്തൽ കൈവരിക്കുന്നതിനും ഗസ്സയുടെ പുനർനിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനും നീതിയുക്തവും ശാശ്വതവുമായ സമാധാനം മുന്നോട്ട് കൊണ്ടുപോകുന്നതിനും ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശവും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള അവകാശവും നേടിയെടുക്കുന്നതിനുമുള്ള ബോർഡിന്റെ ശ്രമങ്ങളെ കുവൈത്ത് പിന്തുണക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഗസ്സ സമാധാന ബോർഡിലേക്ക് കുവൈത്ത് അമീറിനെ ക്ഷണിച്ചതിനെ കഴിഞ്ഞ ദിവസം ചേർന്ന കുവൈത്ത് മന്ത്രിസഭയും സ്വാഗതം ചെയ്തിരുന്നു. സമാധാന ബോർഡ് സ്ഥാപിക്കൽ നടപടി വെടിനിർത്തൽ ഏകീകരിക്കാനും ഗസ്സയിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം പരിഹരിക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രിസഭ ചൂണ്ടിക്കാട്ടി.
ഇസ്രായേലും ഹമാസും തമ്മിലെ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടമായാണ് ട്രംപ് സമാധാന ബോർഡ് പ്രഖ്യാപിച്ചത്. സമാധാന കരാറിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്ന നിർവാഹക സമിതിയുടെ മേൽനോട്ടം ബോർഡിനായിരിക്കും. അന്താരാഷ്ട്ര സുരക്ഷാ സേനയെ വിന്യസിക്കുക, ഹമാസിന്റെ നിരായുധീകരണം, ഗസ്സയുടെ പുനർനിർമാണം തുടങ്ങിയവ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നു. നിരവധി രാജ്യങ്ങളെ ട്രംപ് ബോർഡിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.