അവസാന മത്സരത്തിൽ മോറിത്താനിയയെ തോൽപ്പിച്ച കുവൈത്ത് ടീമിന്റെ ആഹ്ലാദം
കുവൈത്ത് സിറ്റി: 11ാമത് ഫിഫ അറബ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് തിങ്കളാഴ്ച ഖത്തറിൽ തിരിതെളിയുമ്പോൾ പ്രതീക്ഷയോടെ കുവൈത്ത്. അറബ് കപ്പ് ഫുട്ബാളിന്റെ ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള കുവൈത്ത് ദീർഘനാളുകൾക്കുശേഷമാണ് യോഗ്യത നേടുന്നത്. മികച്ച പ്രകടനത്തോടെ കുവൈത്ത് ഫുട്ബാളിന്റെ ചരിത്രത്തിലേക്ക് പുതിയ അധ്യായം കൂട്ടിച്ചേർക്കാമെന്ന പ്രതീക്ഷയിലാണ് രാജ്യം.
നിർണായക മൽസരത്തിൽ മോറിത്താനിയയെ ഏകപക്ഷീയമായ രണ്ടുഗോളുകൾക്ക് തറപറ്റിച്ച കുവൈത്ത് ആത്മവിശ്വാസത്തോടെയാണ് കളത്തിലിറങ്ങുന്നത്. മികച്ച തയാറെടുപ്പുകൾ നടത്തി ടീം മൽസരത്തിന് ഒരുങ്ങിയിട്ടുണ്ട്.
ഡിസംബർ രണ്ടിന് ഈജിപ്ത്, ആറിന് ജോർഡൻ, ഒമ്പതിന് യു.എ.ഇ ടീമുകളുമായി കുവൈത്ത് എറ്റുമുട്ടും. ഖത്തർ, തുനീഷ്യ, സിറിയ, ഫലസ്തീൻ (ഗ്രൂപ്പ്-എ), മൊറോക്കോ, സൗദി അറേബ്യ, ഒമാൻ, കൊമോറോസ് (ഗ്രൂപ്പ്-ബി), ഈജിപ്ത്, ജോർഡൻ, യു.എ.ഇ, കുവൈത്ത് (ഗ്രൂപ്പ്-സി), അൾജീരിയ, ഇറാഖ്, ബഹ്റൈൻ, സുഡാൻ (ഗ്രൂപ്പ്-ഡി) എന്നിങ്ങനെയാണ് ടീം ഗ്രൂപ്പുകൾ. ടീമുകൾ പരസ്പരം മൽസരത്തിൽ ഗ്രൂപ്പിൽ ആദ്യ രണ്ട് സഥാനങ്ങളിൽ എത്തുന്നവർ നോക്കൗട്ട് റൗണ്ടിൽ പ്രവേശിക്കും. 18ന് ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ.
1964, 1966, 1985, 1988 എന്നീ വർഷങ്ങളിൽ ജേതാക്കളായ ഇറാഖാണ് അറബ് കപ്പിൽ ഏറ്റവും കൂടുതൽതവണ കിരീടം നേടിയ ടീം.
സൗദി അറേബ്യ 1998 ലും 2002 ലും കിരീടം നേടി, തുനീഷ്യ (1963), ഈജിപ്ത് (1992), മൊറോക്കോ (2012), അൾജീരിയ (2021) എന്നിവ ഓരോ തവണ വീതം കിരീടം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.