പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും നിയമകാര്യ, തൊഴിൽ മന്ത്രി യൂസുഫ് ബിൻ
അബ്ദുൽ ഹുസൈനും
മനാമ: ബഹ്റൈൻ ഭരണകൂടത്തിന്റെ വികസന പദ്ധതികളുടെ കേന്ദ്രബിന്ദു പൗരന്മാരാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നിയമകാര്യ, തൊഴിൽ മന്ത്രി യൂസിഫ് ബിൻ അബ്ദുൽ ഹുസൈൻ ഖലഫുമായി ഗുദൈബിയ കൊട്ടാരത്തിൽ വെച്ച് കൂടിക്കാഴ്ച നടത്തി. സ്വദേശികൾക്കായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ തൊഴിൽ മന്ത്രാലയം നടത്തുന്ന പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ഹമദ് രാജാവിന്റെ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിൽ സ്വകാര്യ മേഖല നൽകുന്ന പിന്തുണയെയും കിരീടാവകാശി പ്രശംസിച്ചു. 2025 അവസാനിക്കുന്നതിന് മുമ്പ് ഓരോ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥിക്കും മൂന്നു വീതം തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുക എന്നതായിരുന്നു മന്ത്രാലയത്തിന് നൽകിയ നിർദേശം. ഈ പദ്ധതി പ്രകാരം 18,657 തൊഴിലന്വേഷകർക്ക് അവസരങ്ങൾ എത്തിക്കാൻ സാധിച്ചു.
ഇത് സർക്കാർ നിശ്ചയിച്ച പ്രാരംഭ ലക്ഷ്യത്തേക്കാൾ ഏറെ കൂടുതലാണ്. ഇതിനോടകംതന്നെ 4,746 പൗരന്മാർക്ക് പുതിയ ജോലികൾ ലഭിച്ചതായും കിരീടാവകാശി ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ പുരോഗതിയിൽ ഓരോ പൗരനും പങ്കാളിയാകുന്ന തരത്തിലുള്ള തൊഴിൽ സംസ്കാരം വളർത്തിയെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കിരീടാവകാശിയുടെ ഈ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും രാജ്യത്തിന്റെ വികസനത്തിന് കൂടുതൽ കരുത്തുപകരുമെന്ന് തൊഴിൽ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.