“ബഹ്റൈനിലെ ഏതു നോമ്പുതുറക്കും നിങ്ങൾ പോയാൽ ലഭിക്കുക ഹോട്ടൽ വിതരണം ചെയ്യുന്ന ഭക്ഷണം ആയിരിക്കും, പക്ഷേ ഞങ്ങളുടെ നോമ്പുതുറയിൽ തികച്ചും ഹോം മെയ്ഡ് ഭക്ഷണങ്ങളാണ്.‘‘വരൂ ആസ്വദിക്കൂ.... വ്യത്യാസം രുചിച്ചറിയൂ...”
ഇപ്രാവശ്യത്തെ റമദാൻ തുടങ്ങിയതു മുതൽ നോമ്പുതുറക്കുള്ള ക്ഷണങ്ങളുടെ പൊടിപൂരമാണ്. ഒരേ ദിവസംതന്നെ ഒന്നിലധികം നോമ്പുതുറകളാണ് ബഹ്റൈനിൽ കൂട്ടായ്മകളും സംഘടനകളും നടത്താൻ പോകുന്നത്. ഒരേ ദിവസം തന്നെ പല നോമ്പുതുറകൾ ഉള്ളതിനാൽ ഒരു കൂട്ടായ്മയുടെ നോമ്പുതുറയുടെ ഇൻവിറ്റേഷനിൽ കണ്ട വാക്കുകളാണ് മുകളിൽ ഞാൻ കുറിച്ചത്.
നോമ്പ് കൂടിയാൽ 30 ദിവസം മാത്രമേ ഉണ്ടാവുകയുള്ളൂ. അതിനാൽ ഈ ദിവസങ്ങളിൽ നോമ്പുതുറ നടത്തി തീർക്കേണ്ടതുണ്ട്. പല കൂട്ടായ്മകളും വ്യത്യസ്തതകൾ പുലർത്താൻവേണ്ടി പല രീതിയിലുള്ള തയാറെടുപ്പുകളും നടത്തുന്നുണ്ട്. കമാനങ്ങളിൽ തങ്ങളുടെ പ്രാദേശികമായ വാക്കുകൾ, ബാനറുകളിൽ പ്രത്യേകം ക്യാപ്ഷൻ, നോട്ടീസിൽ പ്രത്യേക പ്രാർഥന സദസ്സ്, എന്നിവയാൽ നിറഞ്ഞു നിൽക്കുകയാണ് ഇപ്രാവശ്യത്തെ നോമ്പുതുറ സൽക്കാരങ്ങളുടെ സവിശേഷത. തങ്ങളുടെ നോമ്പുതുറയിൽ പരമാവധി ആളുകളെ പങ്കെടുപ്പിക്കാൻവേണ്ടി സംഘാടകർ കൈയും മെയ്യും മറന്ന് അരമുറുക്കി കെട്ടി ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്. ഒരേ നോമ്പുതുറക്ക് തന്നെ ചുരുങ്ങിയത് അഞ്ചോ പത്തോ ആളുകൾ വിളിച്ചുകൊണ്ടേയിരിക്കുന്നു. ഏതായാലും ഈ വർഷത്തെ നോമ്പുതുറ ബഹ്റൈനിൽ അടിച്ചു പൊളിക്കും. നോമ്പുതുറ പരിപാടികളുടെ ദൈർഘ്യം കുറച്ച് നോമ്പിന്റെ പവിത്രത സൂക്ഷിക്കാൻ കൂട്ടായ്മകൾ രംഗത്തിറങ്ങുന്നു എന്നുള്ളതും കാണാൻ കഴിയുന്നു.
ഓരോ കൂട്ടായ്മക്കാരും മറ്റുള്ള നോമ്പുതുറ ഉള്ളതിനാൽ തങ്ങളുടെ പരിപാടിയിൽ ആളുകൾ കുറയുമോ എന്ന ആധിയും മനസ്സിലുണ്ട് എന്നുള്ളതും ഇവിടെ കുറിക്കട്ടെ. ചില സ്ഥലങ്ങളിൽ ഒരേ പന്തിയിൽ രണ്ടുതരം വിളമ്പുകളും മുൻകാലങ്ങളിൽ കണ്ടിരുന്നു. ഇത്തവണ ഉണ്ടാകുമോ ആവോ??
ഒരേ ദിവസം തന്നെ നാലും അഞ്ചും അതിലധികവും നോമ്പുതുറകളിൽ അങ്ങോട്ടുമിങ്ങോട്ടും ഓടി പങ്കെടുക്കുന്ന നേതാക്കളും നമുക്കിടയിൽ ഉണ്ട്. ചില നേതാക്കൾ മുൻനിര സീറ്റ് വേണമെന്ന് വാശിയോടെ കയറിവരുന്നവരെയും, ജനബാഹുല്യം കൊണ്ട് സ്റ്റേജിൽനിന്ന് ഇറങ്ങിപ്പോകേണ്ടി വന്നവരെയും കണ്ടിട്ടുണ്ട്.
ഏതായാലും ജാതി-മത-രാഷ്ട്രീയഭേദമെന്യേ വർഷത്തിൽ ഒരിക്കൽ മാത്രം വിരുന്നു വരുന്ന ഈ പവിത്ര മാസത്തെ ധന്യമാക്കാൻ സമൂഹത്തിലുള്ള എല്ലാ വിഭാഗം ആളുകളോടും കൂട്ടായ്മകളോടും സംഘടനകളോടും ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നും നന്ദി അറിയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.