2024ൽ ആയിരുന്നു തെന്നിന്ത്യൻ സൂപ്പർ താരം നാഗാർജുനയുടെ മൂത്ത മകനും നടനുമായ നാഗചൈതന്യ നടിയും മോഡലുമായ ശോഭിത ധുലിപാലയെ വിവാഹം കഴിച്ചത്. അദ്ദേഹത്തിന്‍റെ ഇളയ മകൻ അഖിൽ അക്കിനേനിയും അഖിലിന്‍റെ ദീർഘകാല സുഹൃത്തായ സൈനബ് റാവദ്ജിയും തമ്മിലുള്ള വിവാഹം ഈയിടെയായിരുന്നു. ഇപ്പോഴിതാ, നടിയും നാഗാർജുനയുടെ ഭാര്യയുമായ അമല അക്കിനേനി തന്റെ മരുമക്കൾ കുടുംബത്തിൽ കൊണ്ടുവന്ന സന്തോഷത്തെക്കുറിച്ചും പരസ്പര ബഹുമാനത്തെക്കുറിച്ചും സംസാരിക്കുകയാണ്. ഒരു അമ്മായിയമ്മയാകുന്നത് വളരെ അത്ഭുതകരമാണെന്നും തനിക്ക് രണ്ട് സുന്ദരികളായ മരുമക്കളുണ്ടെന്നും അമല എൻ.ടി.വിയോട് പറഞ്ഞു.
'ശോഭിത വളരെ കഴിവുള്ള, സ്വതന്ത്രയായ, സുന്ദരിയായ യുവതിയാണ്. ഞങ്ങൾക്ക് അവളോട് വലിയ ആരാധനയുണ്ട്. അവൾ വളരെ സ്നേഹമുള്ള വ്യക്തിയാണ്. ശോഭിതയോടൊപ്പം സമയം ചെലവഴിക്കുന്നത് ഞാൻ ശരിക്കും ആസ്വദിക്കുന്നു. സൈനബും വളരെ വളരെ നല്ല വ്യക്തിയാണ്. അവൾ സ്വന്തം മേഖലയിൽ നേട്ടങ്ങൾ കൈവരിക്കുന്നു. വീട്ടിൽ വളരെയധികം സ്നേഹവും സന്തോഷവുമുണ്ട്. അത് ഹൃദയസ്പർശിയാണ്. സുന്ദരികളും സ്നേഹസമ്പന്നരുമായ പെൺമക്കളെ ലഭിച്ചതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്' -അമല അക്കിനേനി പറഞ്ഞു.
സൈനബ് വീട്ടിലേക്ക് വന്നപ്പോൾ ഇസ്‍ലാമിനെക്കുറിച്ച് പുതിയ അവബോധം ഉണ്ടായെന്ന് അമല കൂട്ടിച്ചേർത്തു. ഒരു ഹിന്ദു വീട്ടിൽ എങ്ങനെ സുഖകരമായി ജീവിക്കാൻ എന്തൊക്കെയാണ് വേണ്ടതെന്ന് മനസ്സിലാക്കാൻ സൈനബ് സഹായിച്ചു എന്ന് അമല പറഞ്ഞു. വീട്ടിലെ അംഗങ്ങൾ വ്യത്യസ്ത വിശ്വാസങ്ങൾ പിന്തുടരുന്നുണ്ടെങ്കിലും ഓരോരുത്തരുടെയും വിശ്വാസങ്ങളെ പരസ്പരം ആഴത്തിൽ ബഹുമാനിക്കുന്നുണ്ടെന്ന് അമല വ്യക്തമാക്കി.
തന്റെ അമ്മ കത്തോലിക്ക മതത്തിൽ ജനിച്ച് ഒടുവിൽ സൂഫിസം സ്വീകരിച്ചെന്നും അച്ഛൻ ഹിന്ദുവായിരുന്നെന്നും അമല പറഞ്ഞു. നാഗാർജുനയുടെ പിതാവ് നാഗേശ്വര റാവുവിന് മതമില്ലായിരുന്നു. അദ്ദേഹത്തെ നിരീശ്വരവാദി എന്ന് വിളിക്കാൻ കഴിയില്ലെങ്കിലും 'ജോലിയോടാണ് ആരാധന' എന്ന് പറയുമായിരുന്നു. ബുദ്ധമതത്തിന്‍റെ വഴികളാണ് തന്റെ ആത്മീയ പാത രൂപപ്പെടുത്തിയത്. ഇപ്പോൾ ഇസ്‍ലാം മതം കൂടി വീട്ടിലേക്ക് പ്രവേശിച്ചതോടെ, അത് മനോഹരമായ ഒരു മിശ്രിതമായി മാറിയെന്നും അമല കൂട്ടിച്ചേർത്തു.
ഹൈദരാബാദിൽ ജനിച്ച് ഇപ്പോൾ മുംബൈയിൽ താമസിക്കുന്ന സൈനബ് ഒരു ബിസിനസ് കുടുംബത്തിലെ അംഗമാണ്. പ്രമുഖ വ്യവസായി സുൽഫി റാവദ്ജിയുടെ മകളാണ് സൈനബ്. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ലൈഫ് സ്റ്റൈൽ വ്ലോഗറാണ് സൈനബ്. മികച്ച ചിത്രകാരി കൂടിയായ അവർ നിരവധി എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്. ഹൈദരാബാദിലെ വസതിയിലായിരുന്നു വിവാഹ ചടങ്ങുകൾ. അഖിലിന്‍റെയും സൈനബിന്‍റെയും വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.