ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' എന്ന ചിത്രം കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്തത് മുതൽ രാജ്യമെമ്പാടും വലിയ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. രൺവീർ സിങ്ങിന്റെ പ്രകടനത്തെയും അക്ഷയ് ഖന്നയുടെ സ്ക്രീൻ പ്രസൻസിനെയും ആരാധകർ വാനോളം പുകഴ്ത്തിക്കഴിഞ്ഞു. ഇപ്പോഴിതാ ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറും ഈ ചിത്രത്തിന്റെ ആരാധകരുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആരാധകരുമായി നടത്തിയ തത്സമയ സംഭാഷണത്തിലാണ് രൺബീർ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.
‘നിലവിലെ എന്റെ പ്രിയപ്പെട്ട സിനിമ ഏതാണെന്ന് ചോദിച്ചാൽ അത് 'ധുരന്ധർ' ആണ്. ആ സിനിമ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്’ രൺബീർ കപൂർ പറഞ്ഞു. കൂടാതെ, നിതേഷ് തിവാരിയുടെ 'രാമായണം: പാർട്ട് 1' ആയിരിക്കും തന്റെ അടുത്ത റിലീസ് എന്നും, സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് ആൻഡ് വാർ' അടുത്ത വർഷമേ തിയറ്ററുകളിൽ എത്തുകയുള്ളൂ എന്നും താരം സൂചിപ്പിച്ചു.
രൺവീർ സിങ് നായകനായ ഈ ചിത്രം 2025 ഡിസംബർ 5നാണ് തിയേറ്ററുകളിൽ എത്തിയത്. ആദ്യദിനം 30 കോടി രൂപയുടെ ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചതെങ്കിലും മികച്ച അഭിപ്രായങ്ങൾ പ്രചരിച്ചതോടെ ചിത്രം കുതിച്ചുയർന്നു. ജനുവരിയിൽ റിലീസിന്റെ ഏഴാം വാരമെത്തിയപ്പോഴേക്കും ഇന്ത്യയിൽ നിന്ന് മാത്രം 800 കോടി രൂപ നെറ്റ് കലക്ഷൻ (1000 കോടി ഗ്രോസ്) ചിത്രം സ്വന്തമാക്കി. ശരാശരി ടിക്കറ്റ് നിരക്ക് 250 രൂപയായി കണക്കാക്കിയാൽ ഈ ആഴ്ചയോടെ ചിത്രം നാല് കോടി ടിക്കറ്റുകൾ വിറ്റഴിച്ചതായി ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നു. ബോളിവുഡിൽ 2001ൽ പുറത്തിറങ്ങിയ 'ഗദർ' (5 കോടി ടിക്കറ്റുകൾ) എന്ന ചിത്രത്തിന് ശേഷം 24 വർഷങ്ങൾക്കിടയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ചിത്രമാണിത്.
ആഗോളതലത്തിൽ 1,300 കോടി രൂപയിലേറെ ഗ്രോസ് കലക്ഷൻ നേടിയ ഈ ചിത്രത്തിൽ രൺവീർ സിങ്ങിനൊപ്പം അക്ഷയ് ഖന്ന, അർജുൻ രാംപാൽ, ആർ മാധവൻ, സഞ്ജയ് ദത്ത്, രാകേഷ് ബേദി, ഗൗരവ് ഗേര, സാറ അർജുൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന 19-ാമത്തെ ചിത്രം മാത്രമാണ് ധുരന്ധർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.