വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിരിക്കുകയാണ്. ഇരുവരുടെയും വിവാഹക്ഷണക്കത്ത് എന്ന് അവകാശപ്പെടുന്ന ഒരു കാർഡ് വൈറലായതാണ് പുതിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ ക്ഷണക്കത്ത് പ്രകാരം, 2026 ഫെബ്രുവരി 26ന് വളരെ ലളിതമായ ചടങ്ങുകളോടെ ഇരുവരും വിവാഹിതരാകും. തുടർന്ന് മാർച്ച് 4ന് ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിൽ വെച്ച് സിനിമാ സുഹൃത്തുക്കൾക്കായി വിരുന്നും ഒരുക്കിയിട്ടുണ്ടെന്നാണ് കാർഡിൽ പറയുന്നത്.
‘ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷത്തിൽ നിങ്ങളെ ക്ഷണിക്കുന്നു. കുടുംബാംഗങ്ങളുടെ സ്നേഹത്തോടും അനുഗ്രഹത്തോടും കൂടി ഫെബ്രുവരി 26ന് ഞങ്ങൾ വിവാഹിതരാകുന്നു’ എന്നാണ് വിജയുടേതായി പ്രചരിക്കുന്ന കാർഡിലെ വരികൾ. ഈ ക്ഷണക്കത്ത് ഔദ്യോഗികമാണോ അതോ ആരാധകർ നിർമിച്ചതാണോ എന്ന കാര്യത്തിൽ താരങ്ങളുടെ ഭാഗത്തുനിന്ന് ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
വർഷങ്ങളായി വിജയും രശ്മികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള യാത്രകളുടെ ചിത്രങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഈ വിവാഹക്ഷണക്കത്ത് വ്യാജമാണോ അതോ ശരിക്കും വിവാഹം നടക്കാൻ പോവുകയാണോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ട താര ജോഡികളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. 2026 ഫെബ്രുവരി 26ന് ഉദയ്പൂരിലെ ഒരു പൈതൃക കൊട്ടാരത്തിൽ വെച്ചാണ് കല്ല്യാണം എന്ന രീതിയിൽ റിപ്പോർട്ടുകൾ വന്നിരുന്നു. വിവാഹത്തിന് മുമ്പുള്ള ചടങ്ങുകളും അവിടെ വെച്ചുതന്നെ നടക്കും. ഇരുവരുടേയും വിവാഹനിശ്ചയം പോലെ തന്നെ, വിവാഹത്തിലും അടുത്ത കുടുംബാംഗങ്ങളും ബന്ധുക്കളും മാത്രമാണ് പങ്കെടുക്കുക എന്നുമൊക്കെയുള്ള വാർത്തകൾ വന്നിരുന്നു.
2018ൽ ഇരുവരും ഒന്നിച്ചഭിനയിച്ച ആദ്യ സിനിമ ‘ഗീതാ ഗോവിന്ദം’ തെന്നിന്ത്യയിൽ വൻ ഹിറ്റായിരുന്നു. അന്നുമുതൽ താര ജോഡികളുടെ പ്രണയ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു. എന്നാൽ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് എന്നായിരുന്നു ഇരുവരുടെയും പ്രതികരണം. വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന ജോഡിയിൽ പിന്നീടിറങ്ങിയ ചിത്രമായിരുന്നു ഡിയർ കോമ്രേഡ്. പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.