‘പ്രോസ്തെറ്റിക് മേക്കപ്പിനേക്കാൾ ശരീരത്തിൽ മാറ്റങ്ങൾ വരുത്തി കഥാപാത്രമായി മാറാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്’; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രാജ്‌കുമാർ റാവു

അടുത്തിടെ മുംബൈയിൽ നടന്ന ഒരു ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ രാജ്‌കുമാർ റാവു പങ്കെടുത്തപ്പോൾ അദ്ദേഹത്തിന്റെ ഹെയർസ്റ്റൈലിൽ വന്ന മാറ്റം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. തലമുടി കൊഴിയുന്നതാണോ അതോ പ്ലാസ്റ്റിക് സർജറിയാണോ എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ തന്റെ വരാനിരിക്കുന്ന ചിത്രങ്ങൾക്ക് വേണ്ടിയുള്ള ശാരീരിക മാറ്റങ്ങളാണിതെന്ന് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്.

താൻ ഒരേസമയം രണ്ട് പ്രമുഖ വ്യക്തികളുടെ ജീവിതകഥകളിൽ അഭിനയിക്കുകയാണെന്നും അതിന് വേണ്ടിയാണ് ഈ മാറ്റങ്ങളെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. സിനിമക്ക് വേണ്ടി ശാരീരികമായ മാറ്റങ്ങൾ വരുത്താൻ എനിക്ക് വലിയ താല്പര്യമാണ്. എന്റെ കഠിനാധ്വാനം വരാനിരിക്കുന്ന സിനിമകളിൽ നിങ്ങൾക്ക് കാണാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു’ രാജ്‌കുമാർ കുറിച്ചു.

പ്രശസ്ത പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്. ഈ വേഷത്തിനായി 9-10 കിലോ ഭാരം കൂട്ടി. ഇതിനായി ധാരാളം ബിരിയാണിയും സ്വീറ്റ്സും പിസ്സയും കഴിച്ചു. പ്രായം തോന്നിക്കാനായി മുടി മനഃപൂർവ്വം കുറച്ചു. ഹെയർ സ്റ്റൈലിസ്റ്റ് എതിർത്തിട്ടും കഥാപാത്രത്തിന്റെ പൂർണ്ണതക്കായി ഞാൻ ഇത് ചെയ്യുകയായിരുന്നു’ രാജ്‌കുമാർ പറഞ്ഞു. അജ്മൽ കസബിനെതിരെയുള്ള കേസ് ഉൾപ്പെടെ നിരവധി ഹൈ-പ്രൊഫൈൽ കേസുകൾ കൈകാര്യം ചെയ്ത വ്യക്തിയാണ് ഉജ്ജ്വൽ നികം. മാഡോക്ക് ഫിലിംസ് നിർമിക്കുന്ന ചിത്രം ഈ വർഷം റിലീസ് ചെയ്യും.

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലിയുടെ വേഷമാണ് അടുത്തതായി ചെയ്യുന്നത്. നികം എന്ന ചിത്രത്തിന് വേണ്ടി കൂട്ടിയ ഭാരം കുറക്കാനും ഇനി ദാദയായി മാറാനുമുള്ള തയാറെടുപ്പിലാണ് താരം. വിക്രമാദിത്യ മോട്‌വാനെയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പ്രോസ്തെറ്റിക് മേക്കപ്പിനേക്കാൾ ഉപരി സ്വന്തം ശരീരത്തിൽ മാറ്റങ്ങൾ വരുത്തി കഥാപാത്രമായി മാറാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് രാജ്‌കുമാർ പറഞ്ഞു. മുമ്പ് ട്രാപ്പ്ഡ് എന്ന ചിത്രത്തിന് വേണ്ടി ഭാരം കുറച്ചതും, ബോസ്എന്ന ചിത്രത്തിന് വേണ്ടി പകുതി തല മുണ്ഡനം ചെയ്തതും അദ്ദേഹം ഓർമിപ്പിച്ചു.

Tags:    
News Summary - Rajkummar Rao says he doesn’t believe in prosthetics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.