സൽമാൻ ഖാന്റെ പിതാവ് സലിം ഖാൻ ആശുപത്രിയിൽ

മുംബൈ: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെ പിതാവും പ്രശസ്ത തിരക്കഥാകൃത്തുമായ സലിം ഖാനെ (90) മുംബൈ ബാന്ദ്രയിലെ ലീലാവതി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ ഐ.സി.യുവിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കുടുംബം വെളിപ്പെടുത്തിയിട്ടില്ല.

പിതാവിനെ കാണാനായി സൽമാൻ ഖാൻ രാവിലെ തന്നെ ആശുപത്രിയിലെത്തിയിരുന്നു. ഏറെ ഉത്കണ്ഠാകുലനായി കാണപ്പെട്ട അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല. സൽമാനെ കൂടാതെ മകൾ അൽവിറ ഖാൻ, മരുമകൻ അതുൽ അഗ്നിഹോത്രി, പേരക്കുട്ടി അയാൻ അഗ്നിഹോത്രി എന്നിവരും ആശുപത്രിയിലെത്തിയിട്ടുണ്ട്.

1935 നവംബർ 24ന് ഇൻഡോറിൽ ജനിച്ച സലീം ഖാൻ ബാരാത്ത്, തീസ്രി മൻസിൽ തുടങ്ങിയ ചിത്രങ്ങളിൽ സഹനടനായാണ് കരിയർ ആരംഭിച്ചത്. സർഹദി ലൂട്ടേര എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് അദ്ദേഹം ജാവേദ് അക്തറെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും ചേർന്നുള്ള 'സലിം-ജാവേദ്' സഖ്യം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളായി മാറി. ഷോലെ, സഞ്ജീർ, ദീവാർ, ഡോൺ, ഹാത്തി മേരേ സാത്തി, സീത ഔർ ഗീത തുടങ്ങിയ സൂപ്പർഹിറ്റുകൾ ഈ കൂട്ടുകെട്ടിന്റെ സൃഷ്ടികളാണ്.

അമിതാഭ് ബച്ചന് 'ആംഗ്രി യങ് മാൻ' എന്ന ഇമേജ് നൽകിയത് സലിം-ജാവേദ് തിരക്കഥകളായിരുന്നു. കരിയറിൽ ആറ് ഫിലിംഫെയർ അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്. 2014ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചെങ്കിലും ഇതിലും വലിയ ബഹുമതി അർഹിക്കുന്നുണ്ടെന്ന് പറഞ്ഞ് അദ്ദേഹം അത് നിരസിച്ചിരുന്നു.

Tags:    
News Summary - Salman Khan’s dad,Salim Khan admitted to ICU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.