‘എന്റെ കാലത്ത് എന്നെപ്പോലെ വിമർശിക്കപ്പെട്ട മറ്റൊരു നടൻ ഉണ്ടാവില്ല’; ബോളിവുഡിലെ വെല്ലുവിളികളെക്കുറിച്ച് ജോൺ എബ്രഹാം

വലിയ ആരാധകനിരയുള്ള ബോളിവുഡ് താരമാണ് ജോൺ എബ്രഹാം. താരത്തിന്‍റെ പ്രതികരണങ്ങൾ പലപ്പോഴും സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്റെ സിനിമാ യാത്രയെക്കുറിച്ചും ഇൻഡസ്ട്രിയിലെ വെല്ലുവിളികളെക്കുറിച്ചും ജോൺ തുറന്നു സംസാരിക്കുകയാണ്. 2003ൽ തന്റെ കരിയർ ആരംഭിച്ച കാലം മുതൽ താൻ കടുത്ത വിമർശനങ്ങൾ നേരിട്ടിട്ടുണ്ടെന്ന് ജോൺ വെളിപ്പെടുത്തി. പുറത്തുനിന്നുള്ളവർക്ക് സിനിമയിൽ വലിയ സ്വീകാര്യത ലഭിക്കാത്ത കാലത്താണ് താൻ വന്നതെന്നും താരം കൂട്ടിച്ചേർത്തു.

‘എന്റെ കാലത്ത് എന്നെപ്പോലെ വിമർശിക്കപ്പെട്ട മറ്റൊരു നടൻ ഉണ്ടാവില്ല. ഷാരൂഖ് ഖാനും അക്ഷയ് കുമാറിനും ശേഷമാണ് ഞാൻ വരുന്നത്. എന്നാൽ വിമർശനങ്ങളെ ഞാൻ കാര്യമാക്കിയില്ല. കണ്ണിന് ഇരുവശവും മൂടിക്കെട്ടിയ കുതിരയെപ്പോലെ മുന്നോട്ട് മാത്രം നോക്കി ഞാൻ നടന്നു. ഒരു പി.ആർ ഏജൻസിയുടെയും സഹായമില്ലാതെ, സ്വന്തം കരിയറിൽ വിശ്വസിച്ചാണ് താൻ ഇത്രയും കാലം നിലനിന്നതെന്നും’ ജോൺ പറഞ്ഞു.

2003ൽ ജിസം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുമ്പോൾ, ഇന്നത്തെപ്പോലെ സോഷ്യൽ മീഡിയയോ പിന്തുണയോ എനിക്ക് ഉണ്ടായിരുന്നില്ല. തുടക്കകാലത്ത് എന്റെ അഭിനയശേഷിയെക്കുറിച്ചും മോഡലിങ് പശ്ചാത്തലത്തെക്കുറിച്ചും പലരും പരിഹസിച്ചിരുന്നു. സിനിമയിൽ ഞാൻ ആരുമായും മത്സരിക്കാറില്ല. മറ്റൊരു താരം അഭിനയിക്കുമ്പോൾ അവരെക്കാൾ നന്നായി ചെയ്യണം എന്നതിനേക്കാൾ, ആ സീൻ കൂടുതൽ മനോഹരമാക്കാൻ അവർക്ക് എങ്ങനെയുള്ള പിന്തുണ നൽകണം എന്നാണ് ഞാൻ ചിന്തിക്കാറുള്ളത്. അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, വരുൺ ധവാൻ, അഭിഷേക് ബച്ചൻ എന്നിവരുമായി എനിക്ക് വലിയ സൗഹൃദമാണുള്ളത്. ഞാൻ ആരെയും ഒരു ഭീഷണിയായി കാണുന്നില്ലെന്നും, ആ ആത്മവിശ്വാസം സിനിമകളിൽ പ്രതിഫലിക്കാറുണ്ടെന്നും ജോൺ പറഞ്ഞു.

അടുത്തിടെ നടന്ന അഭിമുഖങ്ങളിൽ തനിക്ക് ഇനി ചെയ്യാൻ താല്പര്യമുള്ള സിനിമകളെയും കഥാപാത്രങ്ങളെയും കുറിച്ച് ജോൺ എബ്രഹാം വ്യക്തമായ സൂചനകൾ നൽകിയിട്ടുണ്ട്. താൻ ഇപ്പോൾ ഒരു നല്ല കോമഡി തിരക്കഥക്കായുള്ള തിരച്ചിലിലാണെന്ന് ജോൺ വെളിപ്പെടുത്തി. ഗരം മസാല, ദോസ്താന തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ കോമഡി വേഷങ്ങൾ വലിയ ഹിറ്റായിരുന്നു. അത്തരം രസകരമായ സിനിമകൾ ചെയ്യാൻ വലിയ താല്പര്യമുണ്ടെന്ന് ജോൺ പറഞ്ഞു.

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത നോ സ്മോക്കിങ് എന്ന ചിത്രം ജോണിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ പരീക്ഷണമായിരുന്നു. ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുകയാണെങ്കിൽ അതിൽ അഭിനയിക്കാൻ താൻ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ ബോളിവുഡിൽ തന്നെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സൈക്കോളജിക്കൽ ത്രില്ലറുകളിൽ ഒന്നായിരുന്നു അത്. ഫോഴ്സ് 3 പോലുള്ള സിനിമകളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. കരുത്തുറ്റ ആക്ഷൻ ഹീറോ ഇമേജ് നിലനിർത്തുന്ന ചിത്രങ്ങൾക്കൊപ്പം തന്നെ വൈവിധ്യമുള്ള പ്രമേയങ്ങൾ പരീക്ഷിക്കാനും ആഗ്രഹിക്കുന്നുണ്ടെന്നും ജോൺ വ്യക്തമാക്കി.

Tags:    
News Summary - John Abraham admits facing criticism as an outsider in Bollywood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.