റോബർട്ട് ഡുവൽ
ദി ഗോഡ്‌ഫാദർ, അപ്പോക്കാലിപ്‌സ് നൗ തുടങ്ങിയ വിഖ്യാത ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനസ്സിൽ ഇടംപിടിച്ച ഓസ്‌കർ ജേതാവ് റോബർട്ട് ഡുവൽ അന്തരിച്ചു. 95 വയസ്സായിരുന്നു. വിർജീനിയയിലെ മിഡിൽബർഗിലുള്ള വസതിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്ന് ഭാര്യ ലൂസിയാന പ്രസ്താവനയിലൂടെ അറിയിച്ചു. ‘ലോകത്തിന് അദ്ദേഹം ഒരു അക്കാദമി അവാർഡ് ജേതാവും മികച്ച സംവിധായകനുമൊക്കെ ആയിരിക്കാം, എന്നാൽ എനിക്ക് അദ്ദേഹം എന്റെ സർവ്വസ്വവുമായിരുന്നു’ ലൂസിയാന അനുസ്മരിച്ചു.
ആറ് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തിൽ കരുത്തുറ്റ നിരവധി കഥാപാത്രങ്ങളെ ഡുവൽ അവതരിപ്പിച്ചു. 1963ൽ പുറത്തിറങ്ങിയ ടു കിൽ എ മോക്കിങ് ബേർഡ് എന്ന ചിത്രത്തിലെ 'ബൂ റാഡ്ലി' എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. ഒരു വാക്കുപോലും സംസാരിക്കാതെ അഭിനയത്തിലൂടെ മാത്രം പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രകടനമായിരുന്നു അത്. പിന്നീട് ഏഴ് തവണ ഓസ്കർ നാമനിർദേശങ്ങൾ നേടി. 1983ൽ ടെൻഡർ മെഴ്സീസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കർ ലഭിച്ചു.
1972ൽ പുറത്തിറങ്ങിയ ദി ഗോഡ്‌ഫാദർ ആണ് ഡുവാലിനെ ലോകപ്രശസ്തനാക്കിയത്. ഇറ്റാലിയൻ മാഫിയ കുടുംബത്തിലെ ഐറിഷ് വംശജനായ ടോം ഹേഗൻ എന്ന ഉപദേശകനെ അദ്ദേഹം അങ്ങേയറ്റം സൂക്ഷ്മതയോടെ അവതരിപ്പിച്ചു. ‘ഇത്രയും കൃത്യമായി ഈ വേഷം ചെയ്യാൻ മറ്റാർക്ക് കഴിയും?’ എന്നാണ് നിരൂപകർ അദ്ദേഹത്തെക്കുറിച്ച് ചോദിച്ചത്.
അപ്പോക്കാലിപ്‌സ് നൗവിലെ ലെഫ്റ്റനന്റ് കേണൽ ബിൽ കിൽഗോർ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ മറ്റൊരു മുഖം വെളിപ്പെടുത്തി. യുദ്ധഭൂമിയിൽ നിന്ന് അദ്ദേഹം പറയുന്ന ‘ഐ ലവ് ദി സ്മെൽ ഓഫ് നാപാം ഇൻ ദി മോർണിങ്’ എന്ന ഡയലോഗ് ഇന്നും ലോകപ്രശസ്തമാണ്. 1989ൽ പുറത്തിറങ്ങിയ ലോൺസം ഡോവ് എന്ന മിനി സീരീസിലെ അഗസ്റ്റസ് മക്റേ എന്ന വേഷമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. എടുത്തുപറയേണ്ട ചിത്രമാണ് ദ അപ്പസ്തോലൻ. ഡുവൽ സ്വന്തമായി എഴുതി, സംവിധാനം ചെയ്ത്, പണം മുടക്കി നിർമിച്ച ഈ ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹം വീണ്ടും ഓസ്കർ നോമിനേഷൻ നേടി.
ഒരു അഡ്മിറലിന്റെ മകനായി ജനിച്ച ഡുവൽ, പട്ടാളക്കാരുടെ ശൈലിയും പ്രാദേശിക സംസാരരീതികളും നിരീക്ഷിച്ചാണ് തന്റെ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയത്. ദ ഗ്രേറ്റ് സാന്റിനി എന്ന ചിത്രത്തിലെ കർക്കശക്കാരനായ പിതാവിനെ അവതരിപ്പിക്കാൻ അദ്ദേഹം തന്റെ അച്ഛനെ തന്നെയാണ് മാതൃകയാക്കിയത്. നൃത്തത്തോടും അർജന്റീനിയൻ സംസ്കാരത്തോടും വലിയ താല്പര്യമുണ്ടായിരുന്ന അദ്ദേഹം ഒരു മികച്ച ടാംഗോ നർത്തകൻ കൂടിയായിരുന്നു. എൺപതുകളിലും ദ ജഡ്ജ് പോലുള്ള സിനിമകളിലൂടെ അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു. 2005ൽ അമേരിക്കയുടെ 'നാഷണൽ മെഡൽ ഓഫ് ആർട്‌സ്' നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.