ന്യൂഡൽഹി: ഇന്ത്യ പാകിസ്താൻ സംഘർഷം ഒഴിവാക്കാൻ ലോകരാജ്യങ്ങളുടെ തിരക്കിട്ട നീക്കങ്ങൾ. യു.എസും ചൈനയും സൗദി അറേബ്യയുമാണ് സംഘർഷ സാഹചര്യം ലഘൂകരിക്കാനായി ഇടപെടുന്നത്. പ്രശ്നപരിഹാരത്തിനായി യു.എസ്. സ്റ്റേറ്റ് സെക്രട്ടി മാർക്ക് റുബിയോ പാക് സൈനിക മേധാവി അസിം മുനീറുമായി സംസാരിച്ചു. വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.
ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ചകൾ ആരംഭിക്കുന്നതിന് മധ്യസ്ഥത വഹിക്കാമെന്നും റുബിയോ വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവാണ് ഇക്കാര്യം അറിയിച്ചത്.
സമാധാനത്തിനും സുസ്ഥിരതക്കും വേണ്ടിയുള്ള വിശാലതാൽപര്യം മുൻനിർത്തി ഇന്ത്യയും പാകിസ്താനും നീങ്ങണമെന്ന് ചൈന ആവശ്യപ്പെട്ടു. ആക്രമണങ്ങൾ ഒഴിവാക്കി സമാധാനപരമായ രാഷ്ട്രീയപരിഹാരം പ്രശ്നത്തിൽ ഉണ്ടാവണം. ഇതാണ് ഇരു രാജ്യങ്ങൾക്കും നല്ലതെന്നും ചൈന വ്യക്തമാക്കി.
സമാധാനപരമായ പരിഹാരം പ്രശ്നത്തിൽ ഉണ്ടാവണമെന്നാണ് അന്താരാഷ്ട്ര സമൂഹം ആഗ്രഹിക്കുന്നത്. സമാധാനപരമായി പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടാമെന്ന് ചൈന വാഗ്ദാനം നൽകുകയും ചെയ്തിട്ടുണ്ട്.
സംഘർഷം ലഘൂകരിക്കാനുള്ള നീക്കങ്ങൾക്ക് സൗദി അറേബ്യയയും തുടക്കമിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി സൗദി വിദേശകാര്യ സഹമന്ത്രി ഇന്ത്യയും പാകിസ്താനും സന്ദർശിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.