ചൈന കോവിഡ് വൈറസിന്‍റെ കാര്യത്തിൽ സുതാര്യവും സഹകരണപരവുമാണെന്നും വൈറസിന്‍റെ ഉത്ഭവം കണ്ടെത്താൻ ലോകാരോഗ്യ സംഘടനയുമായി (ഡബ്ല്യൂ.എച്ച്.ഒ) തുടർന്നും ചേർന്ന് പ്രവർത്തിക്കുമെന്നും ചൈനീസ് പ്രധാനമന്ത്രി ലി കെഖിയാങ് വ്യക്തമാക്കി. കോവിഡ് -19 ഒരു ആഗോള ആരോഗ്യ അനിശ്ചിതത്വമാണെന്നും മറ്റ് രാജ്യങ്ങളെപ്പോലെ ചൈനയും അതിന്‍റെ ഉത്ഭവത്തെക്കുറിച്ച് എത്രയും വേഗം അറിയാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"ചൈന വസ്തുത അടിസ്ഥാനമാക്കിയുള്ള രീതിയിലും തുറന്നതും സുതാര്യവും സഹകരണപരവുമായ സമീപനത്തോടെയാണ് ഈ സാഹചര്യത്തിൽ പ്രവർത്തിച്ചത്. ചൈന സജീവമായി ലോകാരോഗ്യ സംഘടനയുമായി ആശയവിനിമയം കാത്തുസൂക്ഷിക്കുന്നുണ്ട്. കൂടാതെ വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കാനായി ചൈനയിൽ അവർ നടത്തുന്ന പ്രവർത്തനങ്ങൾക്കും ശക്തമായ പിന്തുണനൽകുന്നുണ്ടെന്നും ചൈനീസ് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് സിജിടിഎൻ റിപ്പോർട്ട് ചെയ്തു.
വൈറസ് ഉത്ഭവം കണ്ടെത്തുന്നത് സങ്കീർണ്ണമായ ഒരു ശാസ്ത്രീയ കാര്യമാണെന്നും രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും നിരന്തരമായ ഗവേഷണവും ആവശ്യമാണെന്നും ലി പറഞ്ഞു. "കോവിഡ് -19 മനുഷ്യരാശിയുടെ പൊതു ശത്രുവാണ്, ഇത് ആഗോള സമൂഹത്തിലെ നിരവധി പേരെ ബാധിച്ചിട്ടുണ്ട്. വൈറസിനെതിരെ നേരത്തെയുള്ള വിജയം നേടാൻ എല്ലാ രാജ്യങ്ങളും കൈകോർക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," അദ്ദേഹം പറഞ്ഞു.
അതേസമയം. വൈറസ് എങ്ങനെയാണ് പൊട്ടിപ്പുറപ്പെട്ടതെന്ന് എത്രയും പെട്ടന്ന് തന്നെ കണ്ടെത്തിയേക്കുമെന്ന് വൈറസിന്‍റെ ഉത്ഭവം കണ്ടെത്താൻ ചൈന സന്ദർശിച്ച ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര സംഘത്തിലെ ഒരു പ്രമുഖ അംഗം വ്യക്തമാക്കി. മൃഗങ്ങളിൽ നിന്ന് എങ്ങനെയാണ് വുഹാനിലെ ആളുകളിലേക്ക് മാരക വൈറസ് പടർന്നതെന്ന് കൂട്ടായ ശാസ്ത്ര ഗവേഷണത്തിലൂടെ കണ്ടെത്താനാകുമെന്ന് ന്യൂയോർക്ക് ആസ്ഥാനമായുള്ള ഇക്കോ ഹെൽത്ത് അലയൻസ് പ്രസിഡന്റ് പീറ്റർ ദാസ്സാക്ക് പറഞ്ഞു. കോവിഡ് വുഹാനിലെത്തിയതിന് ഏറ്റവും വലിയ വിശദീകരണമായി ചൂണ്ടിക്കാട്ടാൻ കഴിയുന്നത് അവിടുത്തെ വന്യജീവി വ്യാപാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.