കുടിയേറ്റ വിരുദ്ധ നടപടിയുടെ പേരിൽ അഞ്ചു വസ്സുകാരനെ തടങ്കൽപാളയത്തിലാക്കിയ നടപടിയിൽ അമേരിക്കയിൽ വ്യാപക പ്രതിഷേധം

 മിന്നസോട്ട: കുടിയേറ്റക്കാർക്കെതിരെയുള്ള നടപടിയുട ഭാഗമായി അഞ്ചു വയസ്സുകാരനെ ഡിറ്റൻഷൻ കേന്ദ്രത്തിലാക്കിയ സംഭവത്തിൽ അമേരിക്കയിൽ വ്യാപക പ്രതിഷേധം.

കുടിയേറ്റക്കാരെ പിടികൂടുന്നതിന് കുട്ടിയെ ഇരയായി ഉപയോഗിച്ചു​വെന്ന് കുട്ടി പഠിക്കുന്ന സ്കൂളിലെ അധികൃതർ പറഞ്ഞു. കൊളംബിയ ഹൈറ്റ്സ് പബ്ലിക് സ്‌കൂളിലെ പ്രീ സ്കൂൾ വിദ്യാർഥിയായ അഞ്ചു വയസ്സുകാരൻ ലിയാം റാമോസിനെയാണ് ഫെഡറൽ ഏജന്റുമാർ പിടിച്ചുവെച്ചത്.

സ്കൂൾ കഴിഞ്ഞ വീട്ടിലേക്ക് പിതാവിനൊപ്പം കാറിൽ വരുമ്പോഴാണ് പിതാവിന്റെ കൂടെ ലിയാം റാമോസിനെയും പിടികൂടിയത്. എന്നാൽ ലിയാമിന്റെ പിതാവ് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നില്ലെന്നും രാജ്യം വിടാനുള്ളവരുടെ ലിസ്റ്റിൽ ഇല്ലാത്തയാളുമാണെന്ന് ഇവരുമായി അടുപ്പമുള്ളവർ പറഞ്ഞു.

ഫെഡറൽ ഏജന്റുമാർ അവന്റെ പിതാവിനൊപ്പം ടെക്സസിലെ ഒരു തടങ്കൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി എന്ന് സ്കൂൾ അധികൃതരും കുടുംബത്തിന്റെ അഭിഭാഷകനും പറഞ്ഞു. സമീപ ആഴ്ചകളിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത മിനിയാപൊളിസ് നഗരപ്രാന്തത്തിൽ നിന്നുള്ള നാലാമത്തെ വിദ്യാർഥിയാണിത്.

നീലത്തൊപ്പിയും സ്പൈഡർമാൻ ബാഗുമണിഞ്ഞ് കടുത്ത മഞ്ഞിൽ റാമോസിനെ ഏജന്റുമാർ കൊണ്ടുപോകുന്ന ചിത്രം വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. ലിയാമിനെ മുന്നിൽ നിർത്തി വീട്ടിൽ മറ്റൊരെങ്കിലും അനധികൃതമായി താമസിക്കുന്നുണ്ടോ എന്ന പരിശോധിക്കാൻ ഫെഡറൽ ഏജന്റുമാർ ശ്രമിച്ചുവെന്നും ആരോപണമുണ്ട്.

എന്നാൽ ഐ.സി.ഇ ഒരു കുട്ടിയെയും ലക്ഷ്യം വെച്ചിട്ടില്ലെന്ന് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് വക്താവ് ട്രീഷ്യ മക്‌ലോഫ്‌ലിൻ  പ്രസ്താവനയിൽ പറഞ്ഞു. കുട്ടിയുടെ പിതാവ് അഡ്രിയാൻ അലക്‌സാണ്ടർ കൊനെജോ അരിയാസിനെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അവർ പറഞ്ഞു.

ലിയാം റാമോസിനെ തടങ്കൽ പാളയത്തിൽ ആക്കിയ സംഭവം അതിരുകടന്നതാണെന്നും ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും കമല ഹാരിസ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.