‘ദേശസുരക്ഷക്ക് ഭീഷണി’; വിദേശ സിനിമകൾക്ക് 100% താരിഫ് ഏർപ്പെടുത്തി ട്രംപ്

വാഷിങ്ടൺ: അമേരിക്കൻ സിനിമകൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, വിദേശത്ത് നിർമിച്ച സിനിമകൾക്ക് 100 ശതമാനം താരിഫ് ഏർപ്പെടുത്താൻ വാണിജ്യ വകുപ്പിന് നിർദേശം നൽകിയതായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു. വിദേശത്തുള്ള അമേരിക്കൻ സ്റ്റുഡിയോകളെയും ചലച്ചിത്ര പ്രവർത്തകരെയും ആകർഷിക്കാൻ ലാഭകരമായ പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന മറ്റ് രാജ്യങ്ങളെ വിമർശിച്ച ട്രംപ് ഇതിനെ സാമ്പത്തിക, ദേശീയ സുരക്ഷാ ഭീഷണിയായി വിശേഷിപ്പിക്കുകയും ചെയ്തു.

“അമേരിക്കയിലെ സിനിമ മേഖല അതിവേഗം നിർജീവമാകുകയാണ്. നമ്മുടെ സിനിമ നിർമാതാക്കളെയും സ്റ്റുഡിയോകളെയും വിദേശ രാജ്യങ്ങൾ ഇവിടെനിന്ന് കൊണ്ടുപോകുകയാണ്. ഹോളിവുഡ് ഉൾപ്പെടെ യു.എസിലെ പലയിടങ്ങളും നാശത്തിന്‍റെ വക്കിലാണ്. മറ്റു രാജ്യങ്ങൾ ഇതിനായി ഒരുമിക്കുന്നു, ദേശസുരക്ഷക്ക് ഭീഷണിയാണിത്. അമേരിക്കക്കെതിരെയുള്ള സന്ദേശങ്ങളുടെ പ്രചാരണം കൂടിയാണിത്. വിദേശത്ത് നിർമിച്ച സിനിമകൾക്ക് 100 ശതമാനം താരിഫ് ഏർപ്പെടുത്താൻ വാണിജ്യ വകുപ്പിനും വ്യാപാര പ്രതിനിധികൾക്കും നിർദേശം നൽകുകയാണ്” -ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

അതേസമയം ട്രംപിന്‍റെ നിർദേശപ്രകാരം താരിഫ് ഏർപ്പെടുത്തുന്നത് നിർമാണ കമ്പനികൾക്കാണോ വിദേശത്ത് നിർമിക്കുന്ന സിനിമകൾക്കാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അമേരിക്കൻ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് നിർത്തുമെന്ന് ചൈന പ്രഖ്യാപിച്ച് ഒരുമാസം പിന്നിടുന്ന വേളയിലാണ് ട്രംപിന്‍റെ പ്രഖ്യാപനം. ഇരുരാജ്യങ്ങളും തമ്മിലുള്ള പകരച്ചുങ്ക യുദ്ധം ഓഹരി വിപണികളിൽ ഉൾപ്പെടെ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. 

Tags:    
News Summary - Trump slaps 100% tariff on foreign films, calls them threat to national security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.