വാഷിങ്ടൺ: ഇസ്രായേൽ - ഹമാസ് വെടിനിർത്തൽ കരാർ നിലനിൽക്കുമെന്ന് തനിക്ക് ആത്മവിശ്വാസമില്ലെന്ന് ഇന്നലെ യു.എസ് പ്രസിഡന്‍റായി സ്ഥാനമേറ്റ ഡോണൾഡ് ട്രംപ്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ട്രംപ് ഇക്കാര്യം തുറന്നുപറഞ്ഞത്.
എനിക്ക് ആത്മവിശ്വാസമില്ല. ഇത് ഞങ്ങളുടെ യുദ്ധമല്ല, അവരുടെ യുദ്ധമാണ്. ഞാൻ ഗസ്സയുടെ ഒരു ചിത്രം കണ്ടു, അത് ആകെ തകർന്നടിഞ്ഞിരിക്കുന്നു. ആ സ്ഥലം ശരിക്കും മറ്റൊരു രീതിയിൽ പുനർനിർമ്മിക്കേണ്ടതുണ്ട്... -ട്രംപ് പറഞ്ഞു.
ഇസ്രായേൽ മന്ത്രിയും സമാനമായ പ്രസ്താവന നടത്തിയിട്ടുണ്ട്. ഇസ്രായേൽ യുദ്ധക്കളത്തിലേക്ക് മടങ്ങും എന്ന് പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞതായി ധനമന്ത്രി ബെസാലെൽ സ്മോട്രിച്ചാണ് വെളിപ്പെടുത്തിയത്. ഹമാസിനെ ഉന്മൂലനം ചെയ്യാനും ഈ ഭീഷണിയെ എന്നെന്നേക്കുമായി ഇല്ലാതാക്കാനും ഇസ്രായേൽ യുദ്ധക്കളത്തിലേക്ക് മടങ്ങുമെന്ന് പ്രധാനമന്ത്രി നെതന്യാഹുവിനോട് ഞാൻ ആവശ്യപ്പെട്ടു, അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു -ബെസാലെൽ സ്മോട്രിച്ച് പറഞ്ഞു. 42 ദിവസത്തെ പ്രാരംഭ ഘട്ടം പൂർത്തിയാകുമ്പോൾ വെടിനിർത്തൽ കരാർ അവസാനിപ്പിച്ചില്ലെങ്കിൽ രാജിവെക്കുമെന്നാണ് ധനമന്ത്രി സ്മോട്രിച്ചിന്‍റെ ഭീഷണി.
ജറൂസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ ആറു ഫലസ്തീനികൾ കൊല്ലപ്പെട്ടു. 35 പേർക്ക് പരിക്കേറ്റു.
വെസ്റ്റ്ബാങ്കിൽ സൈന്യത്തിന്റെ റെയ്ഡ് തുടരുമെന്ന് ഇസ്രായേൽ ധനകാര്യ മന്ത്രിയും തീവ്രവലതുപക്ഷ നേതാവുമായ ബെസലേൽ സ്മോട്രിച്ച് പറഞ്ഞു. തീവ്രവാദികളിൽനിന്ന് ഇസ്രായേൽ കുടിയേറ്റക്കാരെ സംരക്ഷിക്കാനാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെടിനിർത്തൽ കരാറിന്റെ ഭാഗമായി ശനിയാഴ്ച ഹമാസ് നാല് വനിത ബന്ദികളെയും ഇസ്രായേൽ ഫലസ്തീൻ തടവുകാരെയും മോചിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.