രാജ്യങ്ങളോട് ആണവായുധങ്ങൾ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട് ട്രംപ്

വാഷിങ്ടൺ:  ആയുധ മത്സരത്തിലേർപ്പെടുന്നതിനു പകരം ആണവായുധങ്ങൾ ഉപേക്ഷിക്കാൻ ലോക രാജ്യങ്ങളോട് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇത്തരത്തിൽ പ്രസ്താവന നടത്തിയത്.

"റഷ്യയും അമേരിക്കയുമാണ് ഏറ്റവും കൂടുതൽ ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്നത്. അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളിൽ ചൈനയുടെ കൈകളിലും സമാനമായ അളവിൽ ആയുധങ്ങൾ ഉണ്ടാവും. ആണവായുധങ്ങളുടെ ശക്തി ഭയാനകമാണ്. അതുകൊണ്ടു തന്നെ രാഷ്ട്രങ്ങൾ ആണവ വിമുക്തമാകുന്നതായിരിക്കും നല്ലത്", ട്രംപ് പറഞ്ഞു. ന്യൂക്ലിയർ ആണവ നിരായുധീകരണത്തിനുള്ള ചർച്ചകൾക്കും ട്രംപ് താൽപര്യം പ്രകടിപ്പിച്ചു.

ആണവായുധ മത്സരങ്ങൾ പാഴായിപ്പോകുമെന്നും പുതിയ ആണവായുധങ്ങൾ വികസിപ്പിക്കുന്നതിന് യുഎസിന് കാരണങ്ങളില്ലെന്നും കഴിഞ്ഞ മാസം ട്രംപ് പറഞ്ഞിരുന്നു. ആണവായുധങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്ന തുക മറ്റ് കാര്യക്ഷമമായ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ കഴിയുമെന്നും അന്ന് ട്രംപ് കൂട്ടിച്ചേർത്തു. റഷ്യയും നാറ്റോയും തമ്മിലുള്ള സംഘർഷത്തിനൊപ്പം ചൈനയുമായുള്ള യുഎസിന്റെ വ്യപാര യുദ്ധം കൂടി വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ട്രംപിൻറെ നിലവിലെ പ്രസ്താവന പുറത്തു വരുന്നത്.

ഈ ആഴ്ചയുടെ തുടക്കത്തിൽ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ റഷ്യ, ഫ്രാൻസിനും യൂറോപ്പിനും ഭീഷണിയാണെന്നും യൂറോപ്യൻ അംഗരാഷ്ട്രങ്ങളെ അതിൽ നിന്നും സംരക്ഷിക്കാൻ തങ്ങൾക്ക് ആണവ കവചം തീർക്കാൻ കഴിയുമെന്ന് പറയുകയും ചെയ്തിരുന്നു. റഷ്യ അദ്ദേഹത്തിൻറെ പ്രകോപനപരമായ പ്രസ്താവനയെ അപലപിക്കുകയും ചെയ്തു.

ട്രംപിൻറെ ആദ്യ ടേമിൽ 1987 ൽ റൊണാൾഡ് റീഗനും മിഖായേൽ ഗോർബച്ചേവുമായി ഒപ്പുവച്ച ഇന്റർ മീഡിയേറ്റ റേഞ്ച് ന്യൂക്ലിയർ ഉടമ്പടി പിൻവലിച്ചിരുന്നു. യുഎസിന്റെ ഈ നടപടി ഉടമ്പടി ലംഘനമാണെന്ന് റഷ്യ അപലപിക്കുകയും ചെയ്തു. 2023-ൽ, നാറ്റോയുമായുള്ള സംഘർഷം ചൂണ്ടിക്കാട്ടി, ബെലാറസിൽ തങ്ങളുടെ ആണവായുധങ്ങൾ വിന്യസിക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചിരുന്നു. ഒരു വർഷത്തിനുശേഷം, പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ റഷ്യയുടെ ഔദ്യോഗിക ആണവ സിദ്ധാന്തം പരിഷ്കരിച്ച് ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനുള്ള പരിധി കുറച്ചു. യുഎസ് ആദ്യം ആണവ പരീക്ഷണങ്ങൾ നടത്തിയാൽ തങ്ങളും പുനരാരംഭിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി.

ജനുവരിയിൽ യുഎസ് തങ്ങളുടെ യൂറോപ്യൻ താവളങ്ങളിൽ ന്യൂക്ലിയർ ബോംബുകൾ വിന്യസിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം പെന്റഗണും യു കെയിൽ ആണവായുധങ്ങൾ വിന്യസിക്കാൻ പദ്ധതിയിടുന്നുണ്ട്. തങ്ങൾ ആണവായുധങ്ങൾ എന്ത് ചെയ്യണമെന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്നും ആണവ യുദ്ധത്തിൽ വിജയ പരാജയങ്ങൾ ഇല്ലാത്തതിനാൽ അതൊരിക്കലും സംഭവിക്കാതിരിക്കുന്നതാണ് നല്ലതെന്നും ഡിസംബറിൽ റഷ്യൻ വിദേശ കാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞിരുന്നു.

Tags:    
News Summary - Trump calls on all countries to give up nuclear weapons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.