40 വർഷമായി ദുർഗാപൂജ ആഘോഷിക്കുന്ന ഒരു മുസ്‍ലിം പള്ളി; ഈദ് ആഘോഷമാക്കി ഈ അമ്പലവും

40 വർഷമായി ഈ അമ്പലത്തിലും മസ്ജിദിലും ദുർഗാപൂജയും രണ്ട് പെരുന്നാളുകളും മുറതെറ്റാതെ ആഘോഷിച്ചുവരികയാണ്. ഇതുവരെ അതിന് യാതൊരു ​മുടക്കവും സംഭവിച്ചിട്ടില്ല. ബംഗ്ലാദേശിലെ നരൈലിലെ മഹിഷ്‌ഖോല പ്രദേശത്ത് ചിത്ര നദിയുടെ തീരത്താണ് മതസൗഹാർദ്ദത്തിന്റെ ഈ മഹിത മാതൃകയുള്ളത്. വസ്തുവിന്റെ ഒരു വശത്ത് പള്ളിയും മറുവശത്ത് ക്ഷേത്രവും. ഹിന്ദുക്കളും മുസ്ലീങ്ങളും ദിവസവും പ്രാർത്ഥിക്കാൻ ഇവി​ടേക്ക് ഒഴുകുന്നത് കാണാം. 40 വർഷം പഴക്കമുള്ള ആചാരം തുടരുന്ന മഹിഷ്‌ഖോല നിവാസികൾ ദുർഗാ പൂജ ആഘോഷിക്കാൻ ഈ വർഷം വീണ്ടും ഒത്തുകൂടി.

ഏകദേശം നാല് പതിറ്റാണ്ടുകളായി ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം ബഹുമാനത്തോടെ അവരുടെ ഉത്സവങ്ങൾ ആഘോഷിക്കുന്നു. പരസ്പരം ആഘോഷങ്ങളിൽ ആവേശത്തോടെ പങ്കെടുക്കുന്നത് വർഷങ്ങളായി ഇവിടെ ഒരു പാരമ്പര്യമായി മാറിയിരിക്കുന്നു. ജെയിം മസ്ജിദും തൊട്ടുചേർന്നുള്ള ക്ഷേത്രവും ആണ് മാതൃക തീർക്കുന്നത്.

ക്ഷേത്രം - മഹിഷ്‌ഖോല സർബോജനിൻ പൂജാ മന്ദിർ 1980ൽ സ്ഥാപിതമായതാണ്. സാമുദായിക സൗഹാർദത്തിന്റെ ശക്തി കാണിക്കാൻ പുറപ്പെട്ട പ്രദേശവാസികൾ സർക്കാർ പ്ലോട്ടിലാണ് രണ്ട് ആരാധനാലയങ്ങളും നിർമ്മിച്ചത്. മസ്ജിദ്, ക്ഷേത്രം, ആശുപത്രി എന്നിവയാണ് ഈ സർക്കാർ ഭൂമിയിലുള്ളത്. മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് താരവും അവാമി ലീഗ് നേതാവുമായ മഷ്‌റഫെ ബിൻ മുർത്താസയുടെ നേതൃത്വത്തിലാണ് 'ഷരീഫ് അബ്ദുൾ ഹക്കിം ആൻഡ് നറൈൽ എക്‌സ്പ്രസ് ഹോസ്പിറ്റൽ' എന്ന് പേരിട്ടിരിക്കുന്ന ചാരിറ്റബിൾ ഹോസ്പിറ്റൽ നിർമിച്ചത്.

ക്ഷേത്രത്തിലെ ദുർഗാപൂജ കാണാനെത്തിയ സുബൽ ദാസ് എന്ന ഭക്തൻ പറഞ്ഞു, "ഞാൻ ഈ സ്ഥലത്തെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. ഞങ്ങൾ നിലകൊള്ളുന്ന സാമുദായിക സൗഹാർദ്ദത്തിന്റെ സാക്ഷ്യമാണ് ഈ സ്ഥലം. എല്ലാവരും ഇത്രയും സൗഹാർദ്ദത്തോടെ ജീവിക്കുകയാണെങ്കിൽ, ലോകം വളരെ മികച്ച സ്ഥലമായിരിക്കും".

Tags:    
News Summary - This mosque and temple in Bangladesh have been celebrating Durga Puja and Eid together for 40 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.