വേദനിക്കുന്ന കാലടികളുമായി പതിനായിരങ്ങൾ വടക്കൻ ഗസ്സയിലേക്ക്; വെടിനിർത്തൽ വന്നിട്ടും വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ

ഗസ്സ സിറ്റി: പുതിയ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ പതിനായിരക്കണക്കിന് ഫലസ്തീനികൾ വടക്കൻ ഗസ്സയിലേക്കുള്ള ദീർഘിച്ചതും വേദനാജനകവുമായ യാത്ര ആരംഭിച്ചു. എൻക്ലേവിന്റെ തെക്കൻ ഭാഗങ്ങളിൽ നിന്ന് കുടിയിറക്കപ്പെട്ട കുടുംബങ്ങൾ വെള്ളിയാഴ്ച പകൽ വടക്കോട്ട് നീങ്ങവെ ഗസ്സ നഗരത്തിന് കിഴക്കുള്ള ഒരു പ്രദേശത്തും ഖാൻ യൂനിസ് മേഖലയിലും ഇസ്രായേൽ സൈന്യം ഹെലികോപ്ടറുകളിൽ നിന്ന് മാരകമായ ആക്രമണം നടത്തിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഗസ്സ നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ നിന്ന് ഏഴു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി അൽ അഹ്‍ൽ ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.

എന്നാൽ, സ്വന്തം മണ്ണിൽ ഇനിയെങ്കിലും സ്വാതന്ത്ര്യവായു ശ്വസിക്കാനാവുമെന്ന സന്തോഷത്തിൽ അവ​ശിഷ്ടങ്ങൾക്കിടയിലൂടെ വേദനിക്കുന്ന കാലടികൾ വെച്ച് അവർ നീങ്ങുകയാണ്. രണ്ടു വർഷത്തിനിടെ നിർത്താതെയുള്ള ഓട്ടത്തിനൊടുവിൽ ഇനിയൊരിക്കൽ കൂടിയും ആട്ടിയോടിക്കപ്പെടില്ലെന്ന പ്രതീക്ഷയിലാണവർ. 

‘ഞങ്ങൾ താമസിച്ചിരുന്ന പ്രദേശങ്ങൾ നശിപ്പിക്കപ്പെട്ടാലും മാതൃദേശത്തേക്ക് മടങ്ങുക എന്നതാണ് ഞങ്ങൾക്ക് ഏറ്റവും വലിയ കാര്യമെന്ന്’ ഒരു ഫലസ്തീൻ വനിത പ്രതികരിച്ചു. ഞങ്ങൾ ഈ മണ്ണിനെ അത്ര സ്നേഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ഫലസ്തീൻ ജനത സ്വാതന്ത്ര്യവും സുരക്ഷയും ആഗ്രഹിക്കുന്നു. ഗസ്സയിലെ ജനങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു. കൂടാരങ്ങളും വസ്ത്രങ്ങളും മുതൽ ഭക്ഷണവും വെള്ളവും വരെ സാധ്യമാവുന്ന എല്ലാ സഹായങ്ങളും തങ്ങൾക്ക് ആവശ്യമാണെന്ന് അവർക്കൊപ്പമുള്ളവരും പറയുന്നു. 

ഇസ്രായേൽ സർക്കാർ കരാറിന്റെ ഒന്നാം ഘട്ടമാണ് അംഗീകരിച്ചത്. അതിൽ തടവുകാരെ കൈമാറുകയും ഇസ്രായേൽ ഗസ്സയുടെ ചില ഭാഗങ്ങളിൽ നിന്ന് പിൻവാങ്ങുകയും ചെയ്യും. എന്നാൽ, ശാശ്വത സമാധാനത്തിനായുള്ള വിശാലമായ പദ്ധതിയിൽ ഇത് എത്രത്തോളം നീണ്ടുനിൽക്കും എന്നതിന്റെ വിശദാംശങ്ങൾ വ്യക്തമല്ല.

അതിനിടെ, വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഗസ്സയിൽ ഇപ്പോഴും തടവിലാക്കപ്പെട്ട ഇസ്രായേലി തടവുകാരെ വിട്ടയക്കുന്നതനു പകരമായി ഇസ്രായേൽ നീതിന്യായ മന്ത്രാലയം 250 ഫലസ്തീൻ തടവുകാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. എന്നാൽ, പ്രതിരോധത്തിന്റെ പ്രതീകങ്ങളായി കണക്കാക്കപ്പെടുന്ന, ഹമാസ് ആവശ്യപ്പെട്ട നിരവധി മുതിർന്ന ഫലസ്തീൻ നേതാക്കളുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. അവരിൽ മർവാൻ ബർഗൗട്ടി, അഹമ്മദ് സാദത്ത്, ഹസ്സൻ സലാമെ, അബ്ബാസ് അൽ സയ്യിദ് എന്നിവരും ഉൾപ്പെടുന്നു. 

നെതന്യാഹുവിന്റെ ക്ഷണമനുസരിച്ച് തിങ്കളാഴ്ച നടക്കുന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തിനായി തയ്യാറെടുക്കുകയാണ് ഇസ്രായേൽ പൊലീസ്. തെരുവുകളിൽ സുരക്ഷ ഒരുക്കുന്നതിനായി ആയിരക്കണക്കിന് സേനാംഗങ്ങൾ അണിനിരക്കുമെന്ന് അധികൃതർ അറിയിച്ചു.

ജറുസലേമിലേക്കും രാജ്യത്തിന്റെ മധ്യ പ്രദേശങ്ങളിലേക്കും നയിക്കുന്ന ചില റോഡുകൾ അടച്ചിടുമെന്നും തെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിന്റെയും ജറുസലേമിന്റെയും വ്യോമാതിർത്തിയിൽ ഡ്രോണുകളുടെയോ വിമാനങ്ങളുടെയോ ഉപയോഗം നിരോധിക്കുമെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Tens of thousands of people walk painfully into northern Gaza; Israel continues airstrikes despite ceasefire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.